വൈറസ് ചുമരിൽ ‘പടമാക്കണ്ടെങ്കിൽ’ ഏത്തമിടുന്നത് തന്നെയാണ് നല്ലത് . . .

ത്തമിടുവിച്ചതിന് കണ്ണൂര്‍ എസ്.പി യതീഷ് ചന്ദ്രക്കെതിരെ കേസെടുത്ത മനുഷ്യാവകാശ കമ്മിഷന്‍, എന്തുകൊണ്ടാണ് പൊലീസുകാരന്റെ കണ്ണില്‍ കുത്തിയതിനെതിരെ പ്രതികരിക്കാതിരിക്കുന്നത് ? ഈ ചോദ്യത്തിന് കമ്മിഷന്‍ അംഗം പി.മോഹനദാസാണ് മറുപടി പറയേണ്ടത്.ഈ രണ്ട് സംഭവവും നടന്നത് ഒരേ ദിവസമാണ് ഏത്തമിടുവിക്കല്‍ നടന്നിരിക്കുന്നത് കണ്ണൂരിലാണെങ്കില്‍, കണ്ണില്‍ കുത്തിയ സംഭവം നടന്നിരിക്കുന്നത് കൊല്ലം ജില്ലയിലാണ്.

പെണ്‍കുട്ടികളെ ശല്യം ചെയ്തവനെ തിരക്കി പോയ സിവില്‍ പൊലീസ് ഓഫീസര്‍ സന്തോഷ് വര്‍ഗീസിനാണ് കമ്പി കൊണ്ട് കണ്ണിന് കുത്തേറ്റിരിക്കുന്നത്. ഇതു പോലെ പൊലീസുദ്യോഗസ്ഥര്‍ ആക്രമിക്കപ്പെട്ട പല സംഭവങ്ങളും മുന്‍പും സംസ്ഥാനത്തുണ്ടായിട്ടുണ്ട്. അന്നൊന്നും ഒരു മനുഷ്യാവകാശ പ്രശ്‌നവും ഇവിടെ ആരും ഉന്നയിച്ച് കണ്ടിട്ടില്ല.

പൊലീസുകാരും മനുഷ്യരാണെന്ന ബോധമാണ് മനുഷ്യാവകാശ കമ്മീഷനുംആദ്യം വേണ്ടത്. ചില ഒറ്റപ്പെട്ട സംഭവങ്ങള്‍ മുന്‍ നിര്‍ത്തി മുന്‍ വിധിയോടെ കാര്യങ്ങളെ ഒരിക്കലും നോക്കി കാണരുത്. മാധ്യമങ്ങളുടെ ശ്രദ്ധ ആകര്‍ഷിക്കാന്‍ മാത്രമായി നടപടികളും മാറാന്‍ പാടില്ല.

മാധ്യമ വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് മനുഷ്യാവകാശ കമ്മിഷന്‍ സ്വമേധയാ എസ്.പിക്കെതിരെ ഇപ്പോള്‍ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇത് ഏകപക്ഷീയമായ നടപടിയാണ്. യതീഷ്ചന്ദ്രയോട് വിശദീകരണം പോലും തേടാതെയാണ് ഈ നടപടി.

എസ്.പിയുടെ നിര്‍ദ്ദേശാനുസരണം ഏത്തമിട്ടവര്‍ അതിന് തക്ക തെറ്റ് എന്താണ് ചെയ്തതെന്ന് അന്വേഷിക്കണമെന്നും കമ്മിഷന്‍ അംഗം ഡിജിപിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. മൂന്നാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. പൊലീസ് ആക്ടിന്റെ ലംഘനമാണ് നടന്നിരിക്കുന്നതെന്നും കമ്മിഷന്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ഇവിടെ നാം തീര്‍ച്ചയായും ചില കാര്യങ്ങള്‍ മനസ്സിലാക്കേണ്ടതുണ്ട്. ആക്ടും നിയമവുമെല്ലാം മനുഷ്യനു വേണ്ടിയുള്ളതാണ്. മനുഷ്യരാശി തന്നെ ഭീഷണി നേരിടുന്ന ഈ സാഹചര്യത്തില്‍ സാങ്കേതികത്വം മാത്രം പറഞ്ഞിട്ട് ഒരു കാര്യവുമില്ല. പ്രത്യേകിച്ച് കൊലയാളി വൈറസ് നാട്ടില്‍ ഭീതി വിതച്ച പുതിയ സാഹചര്യത്തില്‍.

വൈറസിനെ പേടിച്ച് തടവുകാരെ പോലും തുറന്ന് വിടുന്ന സാഹചര്യമാണ് ലോകത്തുള്ളത്. അവിടെ നിയമം, അതിന്റെ കര്‍ത്തവ്യമല്ല, ഭരണകൂടം അവരുടെ കര്‍ത്തവ്യമാണ് നിര്‍വ്വഹിച്ചുകൊണ്ടിരിക്കുന്നത്.

ചരിത്രത്തിലെ ഏറ്റവും വലിയ ഭീഷണിയിലൂടെയാണ് മനുഷ്യരാശി ഇപ്പോള്‍ കടന്നു പോകുന്നത്. നമുക്ക് മുന്നില്‍ ഒറ്റ ലക്ഷ്യം മാത്രമേയുള്ളൂ, അത് അതിജീവനമാണ്.

ലോകത്തിലെ ഏറ്റവും സമ്പന്ന രാജ്യമായ അമേരിക്കയില്‍ കൊറോണ വൈറസ് ബാധയേറ്റത് ഒരു ലക്ഷത്തിലധികം പേര്‍ക്കാണ്. ജര്‍മ്മനിയില്‍ മാര്‍ച്ച് 28ന് മാത്രം ഒറ്റയടിക്ക് 6000 രോഗികളാണ് ഉണ്ടായിരിക്കുന്നത്.ഈ കാലയളവില്‍ ലോകത്ത് മരിച്ചത് മുപ്പതിനായിരത്തോളം പേരാണ്. രോഗം ബാധിച്ചിരിക്കുന്നതാകട്ടെ 6, 16,161 പേര്‍ക്കാണ്.ഇതില്‍ 23,997 പേരുടെയും നില ഗുരുതരമാണ്. ചൈന,ഇറ്റലി, ബ്രിട്ടണ്‍, സ്‌പെയിന്‍, ഇറാന്‍, തുര്‍ക്കി, റഷ്യ തുടങ്ങി ഇന്ത്യയെ വരെ ആക്രമിച്ചിരിക്കുകയാണിപ്പോള്‍ ഈ കൊലയാളി വൈറസ്.

ഇന്ത്യയില്‍ മാര്‍ച്ച് 28ന് 135 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഇതോടെ കൊറോണ ബാധിച്ചവരുടെ എണ്ണം ആയിരം കടന്നിട്ടുണ്ട്. മരിച്ചവരുടെ എണ്ണം ഇരുപതും പിന്നിട്ട് കഴിഞ്ഞു. മഹാരാഷ്ട്രയിലും കേരളത്തിലുമാണ് ഏറ്റവും കൂടുതല്‍ കൊറോണ ബാധിതരുള്ളത്.

‘വേട്ടയാടി വിളയാടുന്ന’ ഈ വൈറസിന് മുന്നിലേക്ക് ജനങ്ങളെ വിട്ടുകൊടുക്കാതിരിക്കാനാണ് രാജ്യം ലോക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

ഈ സാഹചര്യത്തില്‍ അനാവശ്യമായി ജനങ്ങള്‍ പുറത്തിറങ്ങുന്നത് തടയാന്‍ പൊലീസിന് ബാധ്യതയുണ്ട്. അത് അവരുടെ ഉത്തരവാദിത്വമാണ്. ഇതിനായി വിവിധങ്ങളായ പദ്ധതികളാണ് പൊലീസ് നടപ്പാക്കികൊണ്ടിരിക്കുന്നത്.

ആദ്യം അവര്‍ നൃത്തചുവടുകളിലൂടെ മാസ്‌ക്ക് ധരിക്കേണ്ടതിന്റെയും കൈ കഴുകേണ്ടതിന്റെയും അനിവാര്യത സോഷ്യല്‍ മീഡിയയിലൂടെ ബോധ്യപ്പെടുത്തി. അതിനു ശേഷം ആക്രമിക്കാന്‍ വരുന്ന വൈറസിനെ സാനിറ്റൈസര്‍ ഉപയോഗിച്ച് തുരത്തുന്ന വീഡിയോയും പ്രചരിപ്പിക്കുകയുണ്ടായി.

ജനങ്ങളെ ബോധവാന്‍മാരാക്കാനാണ് പരമ്പരാഗത രീതികള്‍ മാറ്റി, പുതിയ മാര്‍ഗ്ഗങ്ങള്‍ പൊലീസ് ഇവിടെ പരീക്ഷിച്ചിരിക്കുന്നത്.

ബി.ബി.സി ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര മാധ്യമങ്ങള്‍ വളരെ ഗൗരവത്തോടെ ഈ പ്രചരണങ്ങളെ റിപ്പോര്‍ട്ട് ചെയ്തപ്പോഴും പരിഹാസത്തോടെ കണ്ട ചെറിയ ഒരു വിഭാഗം നമ്മുടെ നാട്ടിലുണ്ട്.

അത്തരക്കാരാണ് അനാവശ്യമായി പുറത്തിറങ്ങി പൊതു സമൂഹത്തിന് ഇപ്പോള്‍ ഭീഷണി ഉയര്‍ത്തിരിക്കുന്നത്.

ഇത്തരക്കാരോട് ആദ്യം കൈ കൂപ്പിയാണ് പുറത്തിറങ്ങരുതെന്ന് പൊലീസ് അഭ്യര്‍ത്ഥിച്ചത്. ധിക്കരിച്ച് പുറത്തിറങ്ങിയവരെ തടഞ്ഞ് തിരിച്ചയക്കുകയും ചെയ്തു. പിന്നീട് അനുസരിക്കാത്തവരുടെ വാഹനങ്ങളും പിടിച്ചെടുക്കുകയുണ്ടായി. കേസുകളും രജിസ്റ്റര്‍ ചെയ്യപ്പെട്ടു. എന്നിട്ടും ഇത്തരക്കാരുടെ അനുസരണക്കേട് അടങ്ങിയിരുന്നില്ല.അവര്‍ വീണ്ടും കൂട്ടമായി പുറത്തിറങ്ങുകയാണുണ്ടായത്. ഇവര്‍ക്കാണ് പൊലീസിന്റെ അടുത്തു നിന്നും അടി കിട്ടിയത്.അടി കിട്ടിയിട്ടും അനുസരണക്കേട് തുടര്‍ന്നതാണിപ്പോള്‍ ഏത്തമിടുവിക്കലില്‍ വരെ കാര്യങ്ങള്‍ എത്തിച്ചിരിക്കുന്നത്. അടിയേക്കാള്‍ വലിയ ശിക്ഷയായാണ് ഈ ഏത്തമിടുവിക്കല്‍ നിലവില്‍ ചിത്രീകരിക്കപ്പെട്ടിരിക്കുന്നത്. അത് എന്തായാലും ശരിയായ വിലയിരുത്തലല്ല.

പൊലീസ് ആക്ട് മാത്രം നോക്കി കാര്യങ്ങള്‍ ചെയ്യേണ്ടഘട്ടമല്ല ഇതെന്ന് ബഹുമാനപ്പെട്ട മനുഷ്യാവകാശ കമ്മിഷന്‍ അംഗവും ഓര്‍ക്കേണ്ടതാണ്.

മനുഷ്യരുണ്ടെങ്കിലേ മനുഷ്യാവകാശവും കമ്മിഷനുമെല്ലാം ഉണ്ടാകൂ. ജീവന്‍ നിലനിര്‍ത്തുന്നതിന് വേണ്ടിയുള്ള പോരാട്ടമാണ് നാട് നടത്തുന്നത്. യതീഷ് ചന്ദ്ര ആളുകളെ കൊണ്ട് ഏത്തമിടുവിച്ച ദിവസം തന്നെയാണ് സംസ്ഥാനത്ത് ആദ്യമായി ഒരു കൊറോണ രോഗബാധിതന്‍ മരണപ്പെട്ടത്. ഇപ്പോള്‍ കണ്ണൂരിലും കൊറോണ നിരീക്ഷണത്തിലുണ്ടായിരുന്ന പ്രവാസി മരണപ്പെട്ടിട്ടുണ്ട്.

സംസ്ഥാനത്തെ ജനങ്ങളെയാകെ പരിഭ്രാന്തരാക്കുന്ന സംഭവങ്ങളാണിത്.

കാസര്‍ഗോഡ് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ജില്ലയാണ് കണ്ണൂര്‍.ഇവിടെ 26 പേര്‍ക്കാണ് വൈറസ് ബാധയേറ്റിരിക്കുന്നത്.10406 പേരാണ് നിരീക്ഷണത്തില്‍ ഉള്ളത്. ഇതില്‍ 10,321 പേരും വീടുകളിലാണ്. ആശുപത്രിയില്‍ 85 പേരാണുള്ളത്. ‘ഏത്തമിടീക്കല്‍’ ദിവസം മാത്രം 17 പേരെയാണ് അഡ്മിറ്റ് ചെയ്തിരിക്കുന്നത്. സ്‌ഫോടനാത്മകമായ സ്ഥിതി വിശേഷം എന്ന് തന്നെ ഇതിനെ പറയേണ്ടിവരും.സാമൂഹ്യ വ്യാപനം കൂടി വന്നാല്‍ കൈവിട്ടു പോകുന്ന സാഹചര്യമാണുണ്ടാകുക.ഈ സാഹചര്യത്തിലാണ് പൊലീസ്, നടപടികളും കടുപ്പിച്ചിരിക്കുന്നത്. അതും വ്യക്തമായ മുന്നറിയിപ്പ് നല്‍കിയതിനു ശേഷം മാത്രമാണ്.

ഈ നിര്‍ണായക ഘട്ടത്തില്‍ പോലും യതീഷ് ചന്ദ്ര അടിക്കുകയല്ല, ഏത്തമിടുവിക്കുകയാണ് ചെയ്തിരിക്കുന്നത്.

പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ജില്ലാ ഭരണകൂടവുമെല്ലാം പറഞ്ഞിട്ട് അനുസരിക്കാത്തത് എന്താണെന്നാണ് എസ്.പി ഏത്തമിടുന്നവരോട് ചോദിക്കുന്നത്. പുറത്തുവന്ന വീഡിയോയില്‍ തന്നെ ഇക്കാര്യവും വ്യക്തമാണ്. എസ്.പിയുടെ ഉദ്ദേശ ശുദ്ധിയില്‍ ആ നാട്ടിലെ ജനങ്ങള്‍ക്ക് പോലും സംശയമുണ്ടാകാന്‍ ഒരു
സാധ്യതയുമില്ല.

കാരണം അവരുടെ ജീവന്‍ കാക്കാനാണ് പൊലീസ് ഈ നടപടികളെല്ലാം സ്വീകരിക്കുന്നത്. മാര്‍ഗ്ഗം ഏതായാലും ലക്ഷ്യം ഒന്നാണ് എന്ന രീതിയില്‍ മാത്രമേ ഈ ഘട്ടത്തിന്‍ ഏത്തമിടീക്കലിനെയും വിലയിരുത്താന്‍ കഴിയുകയുള്ളൂ.

ഭയം ഉണ്ടെങ്കിലേ പുറത്തിറങ്ങാതെ ഇരിക്കൂ എന്നുണ്ടെങ്കില്‍, ആ ഭയം അനുസരണക്കേട് കാണിക്കുന്നവര്‍ക്ക് അനിവാര്യം തന്നെയാണ്.

പാല്‍ വാങ്ങാന്‍ എന്ന പേരില്‍, പത്ത് കിലോമീറ്റര്‍ യാത്ര ചെയ്തവനെ പൊക്കിയതും യതീഷ് ചന്ദ്രയാണ്. ആവശ്യത്തിന് പുറത്തിറങ്ങാന്‍ നല്‍കിയ അനുമതി പോലും ദുരുപയോഗം ചെയ്യപ്പെടുന്ന അവസ്ഥയാണിത്.

പുറത്തിറങ്ങുന്നവരെ പൊലീസ് അഭിമുഖീകരിക്കുന്നത് പോലും സ്വന്തം ജീവന്‍ പണയം വച്ചാണ്.

വേണ്ടത്ര സുരക്ഷാ കവചങ്ങളൊന്നും ഫീല്‍ഡിലുള്ള പൊലീസിന്റെ പക്കലില്ലന്നതാണ് യാഥാര്‍ത്ഥ്യം.

ലോക്ക് ഡൗണ്‍ കാലത്തും തെരുവിലാണ് പൊലീസ് കര്‍മ്മനിരതമായിരിക്കുന്നത്. നിരവധി പേരുമായാണ് അവര്‍ ദിവസവും ഇടപെടുന്നത്.ഡ്യൂട്ടി കഴിഞ്ഞ് വീട്ടില്‍ എത്തിയാലും സ്വന്തം കുഞ്ഞിനെ പോലും എടുക്കാന്‍ പറ്റാത്ത അവസ്ഥയാണ് നിലവിലുള്ളത്. തനിക്ക് വൈറസ് ബാധയേറ്റാല്‍ അത് കുടുംബത്തെയും ബാധിക്കുമോ എന്ന ആശങ്ക ഓരോ പൊലീസുകാരനുമുണ്ട്.

ഈ അശങ്കകള്‍ വകവയ്ക്കാതെയാണ് സിവില്‍ പൊലിസ് ഓഫീസര്‍ മുതല്‍ ഐ.പി.എസുകാര്‍ വരെ നിലവില്‍ പ്രവര്‍ത്തിക്കുന്നത്. ഈ ചങ്ങലയിലെ കണ്ണിയാണ് കണ്ണൂര്‍ എസ്.പി യതീഷ് ചന്ദ്രയും.

എ.സി റൂമിലിരുന്ന് പൊലീസുകാരെ ഫീല്‍ഡില്‍ പറഞ്ഞുവിടുന്ന ഓഫീസറല്ല അദ്ദേഹം. അവര്‍ക്ക് മുന്നേ രംഗത്തിറങ്ങി നയിക്കുന്ന ജില്ലാ പൊലീസ് ചീഫാണ്. ഇക്കാര്യം കണ്ണൂരിലെ പൊലീസുകാരും ഒറ്റക്കെട്ടായി സാക്ഷ്യപ്പെടുത്തുന്നുണ്ട്.

ഏത്തമിടുവിക്കല്‍ ഒരു മഹാ അപരാധമായി കണ്ട് എസ്.പിക്കെതിരെ നടപടി സ്വീകരിച്ചാല്‍, അത് സംസ്ഥാനത്തെ പൊലിസ് സേനയുടെ ആത്മവീര്യത്തെയാണ് ബാധിക്കുക.

ഇപ്പോഴത്തെ സാഹചര്യത്തില്‍ അത്തരമൊരു സാഹചര്യം ഒരിക്കലും ഉണ്ടായിക്കൂടാ.

വ്യക്തമായ മാര്‍ഗനിര്‍ദ്ദേശം ഇക്കാര്യത്തില്‍ ആഭ്യന്തര വകുപ്പ് തന്നെയാണ് നല്‍കേണ്ടത്.

ന്യായമായ കാര്യത്തിന് പുറത്ത് പോകുന്നവരെ ഒരിക്കലും തടയാന്‍പാടില്ല. എന്നാല്‍ അന്യായമായി കറങ്ങി നടക്കുന്നവരെ വെറുതെ വിടുകയും ചെയ്യരുത്. എങ്കില്‍ മാത്രമേ ഈ കൊലയാളി വൈറസിനെ നമുക്ക് തുരത്താന്‍ സാധിക്കുകയൊള്ളൂ. പുറത്തിറങ്ങാതിരിക്കുന്നതാണ് ഏറ്റവും വലിയ പ്രതിരോധമെന്നത് ജനങ്ങളും ഓര്‍ത്തുകൊള്ളണം.

വൈറസ് ബാധ രൂക്ഷമായാല്‍ പിന്നെ കാര്യങ്ങള്‍ പൊലീസിന്റെയും കയ്യില്‍ നിന്നും പോകും. അപ്പോള്‍ പട്ടാളമാകും നിരത്തിലുണ്ടാകുക. ഇക്കാര്യം ഏത്തമിടീക്കല്‍ മഹാസംഭവമാക്കിയ മാധ്യമങ്ങളും മനസ്സിലാക്കുന്നത് നല്ലതാണ്. ഇത്തരമൊരു സാഹചര്യം ഉണ്ടാവാതിരിക്കാന്‍ പൊലീസ് പറയുന്നത് കേള്‍ക്കുന്നതാണ് എല്ലാവര്‍ക്കും നല്ലത്.

Express View

Top