കേരളത്തെ കമ്മ്യൂണിസ്റ്റുകൾ ഉഴുതുമറിച്ചത് ആ ‘മഴു’ കൊണ്ടു തന്നെയാണ്, ഓർക്കണം

കൈവിട്ട ‘കളികളുമായി’ പ്രതിപക്ഷം ഇപ്പോള്‍ രംഗത്തിറങ്ങിയിരിക്കുന്നത് വ്യക്തമായ അജണ്ടകള്‍ മുന്‍ നിര്‍ത്തി.

വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകള്‍ മുന്‍ നിര്‍ത്തിയാണ് ഈ പടപ്പുറപ്പാടെല്ലാം. കൊറോണ വൈറസിനെയല്ല, മുഖ്യമന്ത്രി പിണറായി വിജയനെയാണ് ഏറ്റവും വലിയ ഭീകരനായി ഇക്കൂട്ടര്‍ കാണുന്നത്. കെ.എം ഷാജി മുതല്‍ വി.ടി ബല്‍റാം വരെയുള്ള എം.എല്‍.എമാരുടെ പ്രതികരണത്തില്‍ നിന്നും ഇക്കാര്യം വ്യക്തമാണ്.

പ്രതിപക്ഷ നേതാവ് പറയുന്ന മണ്ടത്തരങ്ങള്‍ ഏല്‍ക്കുന്നില്ലന്ന് കണ്ടാണ് പുതിയ ‘ആയുധങ്ങള്‍’ യുവ എം.എല്‍.എമാര്‍ പ്രയോഗിക്കുന്നത്. സര്‍ക്കാറിനെതിരെ ശക്തമായി ആഞ്ഞടിക്കാന്‍ തന്നെയാണ് അവരുടെ തീരുമാനം. പ്രളയത്തിലും നിപ്പയിലും നേടിയ അതിജീവനം, വൈറസിലും തുടരുന്നതിലാണ് അസഹിഷ്ണുത.

ഈ നേട്ടങ്ങളെല്ലാം വോട്ടായാല്‍, തദ്ദേശ തിരഞ്ഞെടുപ്പില്‍ മാത്രമല്ല, നിയമസഭ തിരഞ്ഞെടുപ്പിലും യു.ഡി.എഫ് പരാജയപ്പെടും.ഈ യാഥാര്‍ത്ഥ്യം ഏറ്റവും അധികം തിരിച്ചറിയുന്നതും പ്രതിപക്ഷത്തെ യുവ എം.എല്‍.എമാര്‍ തന്നെയാണ്.

വില്ലനായി തങ്ങള്‍ ചിത്രീകരിച്ച മുഖ്യമന്ത്രിയെ, ദേശീയ മാധ്യമങ്ങള്‍ വരെ നായകനാക്കി ചിത്രീകരിക്കുന്നതിലാണ് രോഷം.ഇടതുപക്ഷത്തിന് ഭരണ തുടര്‍ച്ച ലഭിച്ചാല്‍, യു.ഡി.എഫ് ശിഥിലമായി പോകുമെന്നും ഇവര്‍ ഭയക്കുന്നുണ്ട്. മുസ്ലീം ലീഗില്‍ പോലും ഒരു വിഭാഗത്തിന് ഇടതുപക്ഷത്തേക്ക് പോകാനാണ് താല്‍പ്പര്യം.

കേരള കോണ്‍ഗ്രസ്സിന്റെ അവസ്ഥയും ഇതൊക്കെ തന്നെയാണ്.തദ്ദേശ തിരഞ്ഞെടുപ്പില്‍ പാളിയാല്‍, നിയമസഭ തിരഞ്ഞെടുപ്പിന് മുന്‍പ് തന്നെ യു.ഡി.എഫില്‍ പൊട്ടിത്തെറിയും ഉറപ്പാണ്.സി പി.എമ്മിന്റെ ഗ്രീന്‍ സിഗ്‌നലിനു വേണ്ടി മാത്രമാണ് ഈ ഘടക കക്ഷികളെല്ലാം കാത്തു നില്‍ക്കുന്നത്.സ്വന്തം അണികളെ പിടിച്ചു നിര്‍ത്തുന്നതിനു വേണ്ടിയാണ് കെ.എം ഷാജിയും വിടി ബല്‍റാമുമെല്ലാം രംഗത്ത് വന്നിരിക്കുന്നത്. മുല്ലപ്പള്ളി രാമചന്ദ്രന്റെയും ചെന്നിത്തലയുടെയും സകല പിന്തുണയും ഈ നീക്കങ്ങള്‍ക്ക് പിന്നിലുണ്ട്.

സര്‍ക്കാറിന്റെയും പിണറായിയുടെയും ഇമേജ് തകര്‍ക്കാന്‍ പറ്റുമോ എന്നതാണ് ഇവരെല്ലാം നോക്കുന്നത്.പിണറായി മഴു എറിഞ്ഞ് ഉണ്ടാക്കിയതല്ല കേരളമെന്ന, കെ.എം ഷാജിയുടെ പ്രസ്താവന തന്നെ പ്രകോപനം ലക്ഷ്യമിട്ടുള്ളതാണ്.ഇവിടെ അദ്ദേഹം മറന്നു പോയത് പിണറായി ഉള്‍പ്പെടുന്ന കമ്മ്യൂണിസ്റ്റുകളുടെ ഇടപെടലാണ്.

കേരളം ഇന്നത്തെ കേരളമാക്കിയതില്‍ കമ്യൂണിസ്റ്റുകള്‍ക്കുള്ള പങ്ക് ഇവിടെ വ്യക്തമാണ്. അത് അറിയില്ലെങ്കില്‍ ചരിത്രം പഠിക്കുകയാണ് വേണ്ടത്. കെ.എം.ഷാജി പ്രതിനിധാനം ചെയ്യുന്ന മുസ്ലീം ലീഗിനേക്കാള്‍ ന്യൂനപക്ഷങ്ങള്‍ക്ക് തണലായതും ഇടതുപക്ഷമാണ്. വര്‍ഗ്ഗീയ ശക്തികള്‍ക്ക് ഇവിടെ കലാപം സൃഷ്ടിക്കാന്‍ സാധിക്കാത്തതും ചുവപ്പിന്റെ കരുത്തുള്ളതു കൊണ്ടാണ്. ജാതീയതക്കും മത ഭ്രാന്തിനുമെതിരെ ചോര ചിന്തിയതും കമ്യൂണിസ്റ്റുകളാണ്. ഭൂപരിഷ്‌ക്കരണം കമ്യൂണിസ്റ്റ് സര്‍ക്കാര്‍ നടപ്പാക്കിയിരുന്നില്ലങ്കില്‍ ഒരിക്കലും കേരളം പുരോഗതി കൈവരിക്കുകയില്ലായിരുന്നു.

വിദ്യാഭ്യാസ രംഗത്തെയും ആരാഗ്യ രംഗത്തെയും കേരളത്തിന്റെ മുന്നേറ്റങ്ങളും ചുവപ്പ് കാലത്ത് ഉണ്ടായിട്ടുള്ളതാണ്. ഇങ്ങനെ ചൂണ്ടിക്കാണിക്കാന്‍ അനവധി നേട്ടങ്ങളുണ്ട് കമ്യൂണിസ്റ്റുകള്‍ക്ക്. ഇപ്പോള്‍ കൊറോണ വൈറസിനെ തുരത്താന്‍ കഴിയുന്നതും അതീവനത്തിന്റെ ഈ കരുത്ത് ഉള്ളതിനാലാണ്. കാര്യങ്ങള്‍ വളച്ചൊടിച്ച് ആരോപണങ്ങള്‍ ഉന്നയിക്കും മുന്‍പ് ഈ യാഥാര്‍ത്ഥ്യങ്ങള്‍ ലീഗ് എംഎല്‍എ ഓര്‍ക്കണമായിരുന്നു.

രാഷ്ട്രീയം കളിക്കേണ്ടത് മരണം വാതില്‍ക്കല്‍ മുട്ടുമ്പോഴാവരുത്. മുസ്ലീം ലീഗ് പോലും ഈ അവസ്ഥയില്‍ സര്‍ക്കാറുമായി ചേര്‍ന്ന് നിന്നാണ് പ്രവര്‍ത്തിക്കുന്നത്.ഇതില്‍ നിന്നും വിഭിന്നമായി ലീഗ് എം.എല്‍.എ പ്രതികരിക്കുന്നത് ചെന്നിത്തല എഫക്ടിനാലാണ്. ഇത് തിരിച്ചറിയാനുള്ള വിവേകമൊക്കെ രാഷ്ട്രീയ കേരളത്തിനുണ്ട് എന്നതും മറന്നു പോകരുത്.

ആരോപണങ്ങള്‍ ഉന്നയിക്കുക എന്നത് മാത്രമാകരുത് പ്രതിപക്ഷത്തിന്റെ കടമ. പറയുന്നത് തെളിയിക്കാനുള്ള ബാധ്യതയും അവര്‍ക്കുണ്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയെ പോലും സംശയത്തില്‍ നിര്‍ത്തുന്നത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയുകയില്ല.

ഈ ലോക്ക്ഡൗണ്‍ കാലത്ത് പോലും മികച്ച പ്രവര്‍ത്തനമാണ് സര്‍ക്കാര്‍ കാഴ്ചവയ്ക്കുന്നത്. സൗജന്യ റേഷനും, കിറ്റുകളുമെല്ലാം കേരളത്തിന്റെ സ്‌പെഷ്യലാണ്. മറ്റ് സംസ്ഥാനങ്ങള്‍ പോലും പിന്തുടര്‍ന്ന മാതൃകയാണിത്.

ദുരിതാശ്വാസ ഫണ്ടില്‍ ഇപ്പോള്‍ കത്തിവയ്ച്ചിരിക്കുന്നത് യഥാര്‍ത്ഥത്തില്‍ പ്രതിപക്ഷമാണ്. ജനങ്ങളെ തെറ്റിധരിപ്പിച്ച് പണം നല്‍കാതിരിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്.ഭരണ പ്രതിസന്ധിയും അതുവഴി രാഷ്ട്രീയ നേട്ടവുമാണ് ലക്ഷ്യം.മനുഷ്യത്വ രഹിതമായ നിലപാടാണിത്.

തിരഞ്ഞെടുപ്പില്‍ ജയിക്കാന്‍ ജനങ്ങളുടെ കഞ്ഞികുടിയല്ല മുട്ടിക്കേണ്ടത്.അതിന് വേറെ മാര്‍ഗ്ഗമാണ് നോക്കേണ്ടത്. രാഷ്ട്രീയമായാണ് തിരഞ്ഞെടുപ്പുകളെ നേരിടേണ്ടത്. അവിടെയാണ് ദുരിതാശ്വാസ ഫണ്ടും ചര്‍ച്ച ചെയ്യപ്പെടേണ്ടത്. അതിന് എത്രയോ സന്ദര്‍ഭങ്ങള്‍ ഇനിയുമുണ്ട്. അതല്ലാതെ ദുരിത കാലത്ത് ഇങ്ങനെ പ്രതിപക്ഷം ദുരന്തമാകരുത്.

ശരിയാണ്, കോവിഡ് പ്രമാണിച്ച് രാഷ്ട്രീയത്തിന് ആരും മൊറട്ടോറിയം പ്രഖ്യാപിച്ചിട്ടില്ല, പക്ഷേ സാമാന്യ മര്യാദ പുലര്‍ത്തേണ്ടതുണ്ട്. മരണവീട്ടില്‍ നൃത്തം ചവിട്ടുന്ന അവസ്ഥയിലേക്ക് പ്രതിപക്ഷം ഒരിക്കലും പോകരുത്. ഈ സിസ്റ്റം തകര്‍ന്നാല്‍ അത് എല്ലാവരെയും ബാധിക്കും. വൈറസിന് രാഷ്ട്രീയമില്ലന്ന കാര്യം കൂടി യുവതുര്‍ക്കികള്‍ ഓര്‍ക്കുന്നത് നല്ലതാണ്.


Staff Reporter

Top