കൊറോണ വിവാദത്തിൽ തിരിച്ചടി, യു.ഡി.എഫ് നേതാക്കൾ വെട്ടിലായി !

രാജ്യത്ത് ഏത് സംസ്ഥാനമെടുത്താലും അന്യ സംസ്ഥാന തൊഴിലാളികള്‍ക്ക് മികച്ച പരിഗണന നല്‍കുന്ന സംസ്ഥാനം കേരളമാണ്.

അത് അവര്‍ക്ക് നല്‍കുന്ന കൂലിയുടെ കാര്യത്തില്‍ മാത്രമല്ല, പരിഗണനയുടെ കാര്യത്തിലും അങ്ങനെ തന്നെയാണ്.

ഇവിടെ അന്യര്‍ ആയിട്ടല്ല അതിഥികള്‍ ആയിട്ടാണ് ഈ വിഭാഗത്തെ സര്‍ക്കാര്‍ പോലും വിശേഷിപ്പിക്കുന്നത്.

ഇതെല്ലാം മറന്ന് ഈ തൊഴിലാളികളെ ഇളക്കിവിടാന്‍ ശ്രമിച്ചവര്‍ രാജ്യ ദ്രോഹികളാണ്.

കോട്ടയത്ത് മാത്രമല്ല, എറണാകുളത്തും, പാലക്കാട്ടും മലപ്പുറത്തുമെല്ലാം ഇത്തരം ശ്രമങ്ങള്‍ നടന്നിട്ടുണ്ട്. പൊലീസിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും സമയോചിതമായ ഇടപെടല്‍ ഒന്നു കൊണ്ടു മാത്രമാണ് കളി കൈവിട്ട് പോകാതിരുന്നത്.

കൊറോണ വൈറസിനെ തുരത്താന്‍ സര്‍ക്കാര്‍ സ്വീകരിച്ച പ്രതിരോധ നടപടികളെ തകര്‍ക്കുന്ന നീക്കമാണ് പായിപ്പാട് ഉണ്ടായത്. തെരുവില്‍ സംഘടിച്ച് ഇറങ്ങിയ അതിഥി തൊഴിലാളികളും, കൂട്ടം കൂടിയാല്‍ ഉണ്ടാകുന്ന പ്രത്യാഘാതമാണ് ഓര്‍ക്കാതെ പോയത്.

ഇവരുടെ പരാതികള്‍ക്ക് തീര്‍ച്ചയായും പരിഹാരം കാണേണ്ടത് തന്നെയാണ്. കോണ്‍ട്രാക്ടര്‍മാരുടെ അടുത്ത് നിന്നും വന്ന വീഴ്ചകളും ഇതില്‍ പ്രധാന ഘടകമാണ്.

തെരുവില്‍ അലഞ്ഞ് തിരിയുന്ന മിണ്ടാപ്രാണികളുടെ കാര്യത്തില്‍ പോലും കരുതല്‍ കാട്ടുന്ന സര്‍ക്കാറാണിത്. അവര്‍ അതിഥി തൊഴിലാളികളെ ഒരിക്കലും പട്ടിണിക്കിടില്ലന്ന ബോധം ‘വാളെടുത്ത’ പ്രതിപക്ഷത്തിനും വേണമായിരുന്നു.

പായിപ്പാട്ട് പൊലീസ് സ്വീകരിച്ച നടപടി അനിവാര്യമായത് തന്നെയാണ്. കാരണം നാടൊരു വലിയ ദുരന്തമുഖത്താണ്. ഒരിക്കലും കൂട്ടം കൂടി തെരുവിലിറങ്ങുന്നത് അംഗീകരിക്കാന്‍ കഴിയുന്നതല്ല.

ഉത്തരേന്ത്യയിലെ ഹൃദയഭേദകമായ കൂട്ടപ്പലായനത്തെ, പായിപ്പാട്ടെ രണ്ടു മണിക്കൂര്‍ മാത്രം നീണ്ട ‘നാടകം’ കൊണ്ട് ആരും തന്നെ ന്യായീകരിക്കാന്‍ ശ്രമിക്കരുത്.

അതിഥി തൊഴിലാളികളും ഒരു കാര്യം മനസ്സിലാക്കേണ്ടതുണ്ട്. ഡല്‍ഹിയില്‍ നിന്നും യു.പി യില്‍ മടങ്ങിയെത്തിയവര്‍ക്കുണ്ടായ അനുഭവം നിങ്ങളും ചോദിച്ചറിയണം.

അവിടെ നാട്ടില്‍ മടങ്ങിയെത്തിയ തൊഴിലാളികളുടെ ദേഹത്ത് അണുനാശിനിയാണ് പൊലീസ് തളിച്ചിരിക്കുന്നത്.

ഹാനികരമായ രാസവസ്തുക്കള്‍ കലര്‍ത്തിയ വെള്ളം തളിച്ച കാര്യം ദേശീയ മാധ്യമങ്ങള്‍ തന്നെയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ലഖ്നൗവില്‍നിന്ന് 270 കിലോമീറ്റര്‍ അകലെ ബറേലിയിലാണ് അത്യന്തം മനുഷ്യത്വഹീനമായ ഈ നടപടി ഉണ്ടായിരിക്കുന്നത്. സ്ത്രീകളെയും കുട്ടികളെയും ഉള്‍പ്പെടെ പൊതുനിരത്തില്‍ ഇരുത്തി പൈപ്പിലൂടെ രാസലായനി ചീറ്റി കുളിപ്പിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

ആളുകളോട് കണ്ണുപൂട്ടാന്‍ പൊലീസുകാര്‍ നിര്‍ദേശിക്കുന്നത് വീഡിയോയില്‍ കേള്‍ക്കാം. പൊലീസുകാര്‍ ചുറ്റുംനിന്ന് എല്ലാ തൊഴിലാളികളുടെയൂം ശരീരത്തില്‍ വെള്ളം ചീറ്റുന്നുണ്ടെന്ന് ഉറപ്പാക്കുന്നുമുണ്ട്.

അതിര്‍ത്തിയില്‍നിന്ന് പ്രത്യേക ബസുകളില്‍ എത്തിയവരാണ് ഈ ‘ശുദ്ധീകരണപ്രക്രിയക്ക്’ വിധേയരായിരിക്കുന്നത്. വിവാദമായപ്പോള്‍ ക്ലോറിന്‍ കലര്‍ത്തിയ വെള്ളമാണ് ഉപയോഗിച്ചതെന്നാണ് പൊലീസ് വിശദീകരിച്ചത്. പ്രതിഷേധം ശക്തമായതോടെ അന്വേഷണം നടത്തുമെന്ന് ജില്ലാ കലക്ടറും അറിയിച്ചിട്ടുണ്ട്. മനുഷ്യശരീരത്തില്‍ പ്രയോഗിച്ചുകൂടാത്ത രാസവസ്തുക്കള്‍ ഉപയോഗിച്ചതായി ജില്ലാ ഫയര്‍ ഓഫീസറും ഒടുവില്‍ സമ്മതിച്ചിട്ടുണ്ട്.

ഈ ഒരു അവസ്ഥ തങ്ങള്‍ക്കും ഉണ്ടാവണമോ എന്ന് കേരളത്തിലെ ഓരോ അതിഥി തൊഴിലാളിയും ചിന്തിക്കണം.

കേരളം പോലെ സുരക്ഷിതമായ ഒരിടം ഇത്തരമൊരു സാഹചര്യത്തില്‍ നിങ്ങള്‍ക്കും വേറെ ഒരിടത്തും കിട്ടാനുണ്ടാവില്ല.

ഭക്ഷണത്തിന്റെ കാര്യത്തില്‍ മാത്രമല്ല, ചികിത്സയുടെ കാര്യത്തിലും കേരളം തന്നെയാണ് രാജ്യത്തിന് മാതൃക. സിപിഎമ്മിന്റെ കൊടും ശത്രുവായ തൃണമൂല്‍ എംപി പോലും പറഞ്ഞത് കേരളം അതിഥി തൊഴിലാളികള്‍ക്ക് സുരക്ഷിതമാണെന്നാണ്. അതാണ് ഈ നാടിന്റെ പ്രത്യേകത.

കൊറോണ ബാധിച്ച ബ്രിട്ടീഷ് പൗരനെയടക്കം ചികിത്സിച്ച് ഭേദമാക്കിയ നാടാണിത്. ഇറ്റലിയില്‍ നിന്നും കൊറോണ വൈറസുമായി വന്ന് നാട്ടില്‍ ഭീതി വിതച്ച കുടുംബവും പൂര്‍ണ്ണമായും രോഗം ഭേദമായി വീട്ടിലെത്തി കഴിഞ്ഞു.ഇതില്‍ 93 കാരനായ തോമസും 88 കാരിയായ മറിയാമ്മയും ഉള്‍പ്പെടും. പ്രായത്തിന്റെ പരിമിതിയില്‍ പോലും വൈറസിനെ തുരത്താന്‍ ഇവര്‍ക്ക് കഴിഞ്ഞത് കേരളത്തിലെ ചികിത്സയുടെ ‘പവര്‍’ ഒന്നുകൊണ്ടു മാത്രമാണ്. സംസ്ഥാനത്ത് ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഒറ്റപ്പെട്ട മരണങ്ങള്‍ പോലും മറ്റു അനുബന്ധ രോഗങ്ങള്‍ മൂലമാണ്. മികച്ച ചികിത്സയും മുന്‍കരുതലുമാണ് കൊറോണയുടെ കാര്യത്തില്‍ കേരളം നടത്തി വരുന്നത്. അതുകൊണ്ടാണ് സമൂഹ വ്യാപനം തടഞ്ഞ് നിര്‍ത്താന്‍ കഴിഞ്ഞിട്ടുള്ളത്. അന്താരാഷ്ട്ര മാധ്യമങ്ങള്‍ അടക്കം ഇക്കാര്യം അംഗീകരിച്ചു കഴിഞ്ഞിട്ടുമുണ്ട്. കേരള മോഡലാണ് മറ്റ് രാജ്യങ്ങളും ഇപ്പോള്‍ പിന്തുടര്‍ന്ന് വരുന്നത്.

കൊറോണ വൈറസ് ശരീരത്തില്‍ എത്തിയാല്‍ പൂജ്യം മുതല്‍ 27 ദിവസം വരെയാണ് വൈറസ് ശരീരത്തില്‍ പടരുന്നതിന് വേണ്ടി വരുക. ഇക്കാര്യം എല്ലാവരും ഓര്‍ത്തുകൊള്ളണം. ഇപ്പോള്‍ രോഗബാധിതരെ കണ്ടെത്താന്‍ റാപ്പിഡ് ടെസ്റ്റുകളുമായാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്.

ഇതിനിടെയാണ് പായിപ്പാട്ടെ സംഭവവും, ഇതിന്റെ ചുവട് പിടിച്ച് മറ്റു ജില്ലകളിലും അരാജകത്വം സൃഷ്ടിക്കാനുള്ള ശ്രമങ്ങളും നടന്നിരിക്കുന്നത്.

ഈ വിഷയം ചില മാധ്യമങ്ങള്‍ കൈകാര്യം ചെയ്ത രീതിയും തികച്ചും അപക്വമാണ്.

തീവ്രസ്വഭാവമുള്ള ചില സംഘടനകളാണ് പായിപ്പാടെ സംഭവത്തിന് പിന്നിലെന്നാണ് പൊലീസ് സംശയിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ഇതിനകം തന്നെ ഏതാനും പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുമുണ്ട്.

കൊറോണ പ്രതിരോധത്തില്‍ കേരളം നേടിയ മുന്നേറ്റത്തെ താറടിച്ച് കാണിക്കാനുള്ള ശ്രമമാണ് ഇവിടെ നടന്നിരിക്കുന്നത്. മരണം വാതില്‍ക്കല്‍ മുട്ടുമ്പോഴും മരണക്കളി കളിപ്പിക്കുന്ന ഏര്‍പ്പാടാണിത്. രാജ്യ ദ്രോഹികളായി കണ്ടാണ് ഇത്തരക്കാരെ ശരിക്കും കൈകാര്യം ചെയ്യേണ്ടത്.

പട്ടാമ്പിയിലെ അതിഥി തൊഴിലാളികളുമായി ബന്ധപ്പെട്ട് സി.ഐ.ടിയു നേതാവിനെതിരെ കേസെടുത്തു എന്ന വാര്‍ത്തയിലും രാഷ്ട്രീയ പകയാണുള്ളത്. ബാലന്‍സ് ചെയ്യാനുള്ള ഒരു തരം രാഷ്ട്രീയമാണ് ചില മാധ്യമങ്ങളും ഇവിടെ കളിച്ചിരിക്കുന്നത്.

അതിഥി തൊഴിലാളികള്‍ പട്ടിണി കിടക്കാതിരിക്കാന്‍ ഇടപെടുക മാത്രമാണ് സക്കീര്‍ എന്ന സി.ഐ.ടി യു ക്കാരന്‍ ഇവിടെ ചെയ്തിട്ടുള്ളത്. ഇക്കാര്യം പട്ടാമ്പി എം.എല്‍.എ മുഹമ്മദ് മുഹസിന്‍ തന്നെ പരസ്യമായി വ്യക്തമാക്കിയിട്ടുണ്ട്.

പട്ടാമ്പി നഗരസഭ പരിധിയില്‍ താമസിക്കുന്ന അതിഥി തൊഴിലാളികള്‍ക്ക് ഭക്ഷണം നല്‍കാന്‍ കഴിയില്ലന്ന്, എം.എല്‍.എയെയും സക്കീറിനെയും അറിയിച്ച പട്ടാമ്പി നഗരസഭ അധികൃതരാണ് ഇക്കാര്യത്തില്‍ കുറ്റക്കാര്‍.കോണ്‍ട്രാക്ടര്‍മാരെ മാത്രം വിശ്വസിച്ചാല്‍ തൊഴിലാളികള്‍ ഇവിടേയും പട്ടിണി കിടക്കുകയാണ് ചെയ്യുക.

അതിഥി തൊഴിലാളികളെ ഇറക്കിവിടാന്‍ ശ്രമിച്ചതിനെയാണ് സക്കീര്‍ തടഞ്ഞത്. സ്വാഭാവികമായും ഇതിനെതിരായ പരാതിയില്‍ അദ്ദേഹത്തിനെതിരെ കേസെടുക്കുന്ന സാഹചര്യവും ഉണ്ടായി. പരാതി നല്‍കിയതാകട്ടെ യുഡിഎഫുകാരനായ നഗരസഭ ചെയര്‍മാനാണ്. കോണ്‍ട്രാക്ടര്‍മാരുടെ താല്‍പ്പര്യമാണ് ഈ ചെയര്‍മാന്‍ പരാതിയിലൂടെ നടപ്പാക്കിയിരിക്കുന്നത്.എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത പൊലീസിന്റെ ഭാഗത്തും ഗുരുതര പിഴവാണ് ഉണ്ടായിരിക്കുന്നത്. ഈ സംഭവം തെറ്റിധരിപ്പിച്ച് വാര്‍ത്തയാക്കിയവര്‍ തൊഴിലാളികളെ ഇറക്കിവിടാന്‍ ശ്രമിച്ച 6 പേര്‍ക്കെതിരെ കേസെടുത്തത് പക്ഷേ മറച്ചുവയ്ക്കുകയാണ് ചെയ്തിരിക്കുന്നത്. സക്കീറിനെ തൊഴിലാളികളെ ഇളക്കിവിട്ടവനായി ചിത്രീകരിക്കുകയും ചെയ്തു.ഇതെവിടുത്തെ നീതിയാണ് ? ഇതാണോ നിഷ്പക്ഷ മാധ്യമ പ്രവര്‍ത്തനം ?

നാടിന് നല്ലത് ചെയ്യുന്നവരെ അഭിനന്ദിച്ചില്ലങ്കിലും ഒരിക്കലും മാധ്യമങ്ങള്‍ നിന്ദിക്കരുത്.സോഷ്യല്‍ മീഡിയയെ ദുരുപയോഗം ചെയ്യുന്നവരും ഇക്കാര്യം ഓര്‍ക്കണം.

അതിഥി തൊഴിലാളികള്‍ക്കിടയില്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട് രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് മലപ്പുറത്ത് അറസ്റ്റിലായിരിക്കുന്നത്.

അതിഥി തൊഴിലാളികള്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ നിലമ്പൂരില്‍ നിന്ന് ട്രെയിന്‍ ഏര്‍പ്പാടാക്കിയിട്ടുണ്ടെന്ന വ്യാജ സന്ദേശമാണ് ഇരുവരും ചേര്‍ന്ന് പ്രചരിപ്പിച്ചിരുന്നത്.പരപ്പനങ്ങാടിയില്‍ കൊവിഡ് ബാധിതരുണ്ടെന്ന് വ്യാജ പ്രചരണം നടത്തിയതിന് യൂത്ത് ലീഗ് നേതാവും ഇവരോടൊപ്പം അറസ്റ്റിലായിട്ടുണ്ട്.യുഡിഎഫ് രാഷ്ട്രീയത്തിന്റെ വികൃത മുഖം തുറന്ന് കാട്ടുന്നതാണ് ഈ സംഭവങ്ങള്‍.

കൊറോണ പ്രതിരോധത്തില്‍ സര്‍ക്കാറും ഇടതുപക്ഷവും നേട്ടമുണ്ടാക്കുമെന്ന് എന്തിനാണ് പ്രതിപക്ഷം ഭയക്കുന്നത് ? നിങ്ങളുടെ താല്‍പ്പര്യം അധികാരം മാത്രമാണ് എന്ന് വീണ്ടും വീണ്ടും വ്യക്തമാവുകയാണ്. നാടു നീളെ കൊറോണ പടര്‍ത്തനിറങ്ങിയ തൊടുപുഴ സ്വദേശി കോണ്‍ഗ്രസ്സ് നേതാവാണ്. കാസര്‍ഗോഡ് രോഗം പരത്തിയ വ്യക്തിയും യു.ഡി.എഫ് രാഷ്ട്രീയമുള്ള വ്യക്തിയാണ്. എം.എല്‍.എമാരുടെ സുഹൃത്തുമാണ്. ഇക്കാര്യങ്ങളെല്ലാം പുറത്തായതിന്റെ ജാള്യത ഇത്തരം തട്ടിക്കൂട്ട് പ്രതിരോധം കൊണ്ട് മറയ്ക്കാന്‍ കഴിയില്ലന്ന് യു.ഡി.എഫ് നേതൃത്വം ഓര്‍ക്കുന്നത് നല്ലതാണ്.ഇത് കേരളമാണ്. നിങ്ങള്‍ എന്ത് ചെയ്തു, സര്‍ക്കാര്‍ എന്തൊക്കെ ചെയ്തു എന്ന് ഈ നാടിനറിയാം.

പ്രതിപക്ഷം ഇപ്പോള്‍ അണിയറയില്‍ കളിക്കുന്ന കളി തീക്കളിയാണ്.ജനങ്ങളുടെ ജീവന്‍ കൊണ്ടല്ല, രാഷ്ട്രീയം കളിക്കേണ്ടത്. അത് നിങ്ങള്‍ക്ക് തന്നെയാണ് ഒടുവില്‍ തിരിച്ചടിയാവുക. മാളത്തിലിരുന്ന് കുത്തി തിരുപ്പുണ്ടാക്കുന്നവര്‍ പോലും ഇപ്പോള്‍ സെയ്ഫല്ല, കൊലയാളി വൈറസിന് രാഷ്ട്രീയവുമില്ല. അതിന് വേണ്ടത് ഇരകളെ മാത്രമാണ്. പിടിച്ചു കെട്ടാന്‍ കഴിഞ്ഞില്ലങ്കില്‍ വലിയ വിലയാണ് ഈ നാട് കൊടുക്കേണ്ടി വരിക. ഇക്കാര്യം വൈകിയെങ്കിലും മനസ്സിലാക്കിയാല്‍ നന്ന്.

express view

Top