ടിക്കറ്റ് ‘രാഷ്ട്രീയത്തിൽ’ ഗോളടിച്ചത് ഡി.കെ, കേന്ദ്രത്തെ അമ്പരിപ്പിച്ച നീക്കം !

ലോകസഭ തിരഞ്ഞെടുപ്പിന് ശേഷം ആകെ തകര്‍ന്നടിഞ്ഞ അവസ്ഥയിലാണ് കോണ്‍ഗ്രസ്സ്.ആകെ നാണംകെട്ട ഒരവസ്ഥ.ഈ അവസ്ഥയില്‍ നിന്നും കോണ്‍ഗ്രസ്സിന് തല ഉയര്‍ത്തി നില്‍ക്കാന്‍ സഹായിച്ചതിപ്പോള്‍, സാക്ഷാല്‍ ഡി.കെയാണ്.

അടുത്തയിടെയാണ് കര്‍ണ്ണാടകയിലെ കോണ്‍ഗ്രസ്സ് സംസ്ഥാന പ്രസിഡന്റായി ഡി.കെ ശിവകുമാര്‍ ചുമതലയേറ്റത്.കേരളത്തിലെ മുല്ലപ്പള്ളിയുടെയോ ചെന്നിത്തലയുടേയോ പോലെ ഡയലോഗിലൂടെയല്ല, പ്രവര്‍ത്തിയിലൂടെയാണ് ഡി.കെ കരുത്ത് കാട്ടിയിരിക്കുന്നത്.

കുടിയേറ്റ തൊഴിലാളികളുടെ യാത്രാ ചിലവ് പൂര്‍ണ്ണമായും വഹിക്കാനുള്ള ഡി.കെ യുടെ തീരുമാനം ഡല്‍ഹിയിലെ അധികാര കേന്ദ്രങ്ങളെ പോലും അമ്പരപ്പിച്ചിരുന്നു.

കര്‍ണ്ണാടക സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന് ഒരു കോടി രൂപയാണ് ഈ കോണ്‍ഗ്രസ്സ് അദ്ധ്യക്ഷന്‍ നല്‍കിയിരിക്കുന്നത്. ഇക്കാര്യത്തില്‍ ബാക്കി ആവശ്യമായി വരുന്ന തുകയും നല്‍കാമെന്നും രേഖാമൂലം അദ്ദേഹം അറിയിക്കുകയുണ്ടായി.

സംസ്ഥാനത്തെ ബി.ജെ.പി സര്‍ക്കാറിനെ ഏറെ വെട്ടിലാക്കിയ നടപടിയായിരുന്നു ഇത്.

ഇതേ തുടര്‍ന്നാണ് സൗജന്യ യാത്ര ഏര്‍പ്പെടുത്താന്‍ കര്‍ണ്ണാടക സര്‍ക്കാര്‍ നിര്‍ബന്ധിതമായിരുന്നത്.

ദേശീയ തലത്തില്‍ തന്നെ വലിയ വാര്‍ത്താപ്രാധാന്യം നേടിയ സംഭവമായിരുന്നു ഇത്.

മരണവീടുപോലെ ഉറങ്ങിക്കിടന്ന കോണ്‍ഗ്രസ്സ് ഹൈക്കമാന്റിന്, ജീവവായു ലഭിച്ച പ്രതീതി ആയിരുന്നു ഈ സംഭവം.

ഇതോടെയാണ് നിര്‍ധനരായ കുടിയേറ്റ തൊഴിലാളികളുടെ ട്രെയിന്‍ യാത്രാക്കൂലി കോണ്‍ഗ്രസ്സ് വഹിക്കുമെന്ന് സോണിയയും പ്രഖ്യാപിച്ചിരുന്നത്.

സ്വന്തം നാട്ടിലേക്ക് മടങ്ങുന്നവരുടെ ട്രെയിന്‍ യാത്രാച്ചെലവുകള്‍ അതാത് കോണ്‍ഗ്രസ്സ് പ്രദേശ് കമ്മിറ്റികള്‍ വഹിക്കണമെന്നതാണ് സോണിയയുടെ നിര്‍ദ്ദേശം. കേന്ദ്ര സര്‍ക്കാരിനെ വെട്ടിലാക്കിയ കരുനീക്കമായിരുന്നു ഇത്. സാമ്പത്തികമായി കടുത്ത പ്രതിസന്ധിയിലുള്ള കോണ്‍ഗ്രസിനെ സംബന്ധിച്ച് വലിയ റിസ്‌ക് തന്നെയായിരുന്നു ഈ പ്രഖ്യാപനം. കേന്ദ്ര സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കുക എന്നതായിരുന്നു പ്രധാന ഉദ്ദേശ്യം. ആ ഉദ്ദേശ്യം എന്തായാലും ഇതിനകം തന്നെ നടന്നു കഴിഞ്ഞു. കേന്ദ്രം ടിക്കറ്റ് കാര്യത്തില്‍ പുനരാലോചനയക്ക് തയ്യാറായിരിക്കുന്നത്, തിരിച്ചടി ഭയന്ന് തന്നെയാണ്.

സമ്പന്നനായ ഡി.കെ ശിവകുമാര്‍ പ്രസിഡന്റായ കര്‍ണ്ണാടക കോണ്‍ഗ്രസ്സിന് സാധിച്ചത്, മറ്റു ഘടകങ്ങള്‍ക്ക് കഴിയില്ലെങ്കിലും, പുകമറ സൃഷ്ടിക്കാന്‍ സോണിയ്ക്കായി. കേന്ദ്രം കനിഞ്ഞില്ലെങ്കില്‍ വെട്ടിലായി പോകുക യഥാര്‍ത്ഥ്യത്തില്‍ കോണ്‍ഗ്രസാണ്.

കേരളത്തില്‍ പോലും കെ.പി.സി.സി പാപ്പരാണ്. ലോക്ക് ഡൗണ്‍ കാലമായതിനാല്‍ പിരിവ് നടത്തുന്നതിനും പരിമിതിയുണ്ട്.

പിന്നെയുള്ള മാര്‍ഗ്ഗം സമ്പന്നരായ നേതാക്കന്മാര്‍ സഹായിക്കുക എന്നതാണ്. അതിനും ഇവിടെ സാധ്യത കുറവാണ്.

കയ്യില്‍ നിന്നും കോടികള്‍ പാര്‍ട്ടിക്ക് നല്‍കുന്ന ശിവകുമാറുമാരല്ല എല്ലായിടത്തും ഉള്ളത്. ഉള്ള പാര്‍ട്ടി ഫണ്ട് അടിച്ചു മാറ്റുന്നവരാണ് ഇതില്‍ നല്ലൊരു വിഭാഗവും.

എം.എം ഹസ്സന്റെ കാലത്ത് ഫണ്ടുണ്ടാക്കാന്‍ നടത്തിയ യാത്രയുടെ കണക്ക് പോലും, ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ്സില്‍ ഭിന്നതയും രൂക്ഷമാണ്. ഈ സാഹചര്യത്തില്‍ സോണിയയുടെ പ്രഖ്യാപനത്തെ ആശങ്കയോടെയാണ് കെപിസിസി നേതൃത്വം നോക്കി കണ്ടിരുന്നത്. കര്‍ണാടകയിലെ കോണ്‍ഗ്രസാണ് രാജ്യത്ത് തന്നെ ഏറ്റവും സമ്പന്നമായ കോണ്‍ഗ്രസ്. ഡി.കെ ശിവകുമാര്‍ എന്ന കോടിശ്വരനാണ് ഹൈക്കമാന്‍ഡിന് പോലും കൂടുതല്‍ പണം നല്‍കുന്നത്. കര്‍ണാടകയില്‍ സൗജന്യ ടിക്കറ്റിനുള്ള പണം നല്‍കാന്‍ ശിവകുമാറിനെ പ്രേരിപ്പിച്ചതും ഈ സാമ്പത്തിക അടിത്തറയാണ്.

കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ കൂടുതല്‍ കരുത്തനായി ഇതോടെ ഡി.കെ മാറിക്കഴിഞ്ഞിട്ടുണ്ട്. എഐസിസി സംഘടനാ സെക്രട്ടറി കെ.സി വേണുഗോപാലിനാണ് ഇവിടെയും പ്രഹരം ഏറ്റിരിക്കുന്നത്. ഡികെയെ ഒതുക്കാന്‍ പാര്‍ട്ടിയിലെ ശത്രുക്കള്‍ക്കൊപ്പം കൂടിയത് കെ.സിയായിരുന്നു.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ മാറ്റിനിര്‍ത്തപ്പെട്ട ഡി.കെ.ശിവകുമാര്‍ നേതൃത്വമേറ്റെടുത്തപ്പോള്‍, കര്‍ണാടകയിലെ അര്‍ബന്‍ ലോക്കല്‍ ബോഡി തെരഞ്ഞെടുപ്പില്‍ വന്‍ നേട്ടമാണ് ഉണ്ടായിരുന്നത്.

ബി.ജെ.പിയെ കെട്ടുകെട്ടിക്കുന്ന രീതിയിലുള്ള മുന്നേറ്റമാണ് കോണ്‍ഗ്രസ് അര്‍ബന്‍ തിരഞ്ഞെടുപ്പില്‍ നടത്തിയിരുന്നത്. സഖ്യമില്ലാതെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും തനിച്ചു മത്സരിച്ചപ്പോള്‍ മികച്ച വിജയമാണ് കോണ്‍ഗ്രസ് സ്വന്തമാക്കിയത്.

കര്‍ണാടകയിലെ 21 ജില്ലകളിലായി സിറ്റി, മുനിസിപ്പല്‍ കൗണ്‍സിലിലെ 1,221 വാര്‍ഡുകളിലേക്കും ടൗണ്‍, മുനിസിപ്പല്‍ കൗണ്‍സില്‍, 22 ടൗണ്‍ പഞ്ചായത്ത് എന്നിവിടങ്ങളിലേക്കുമാണ് തെരഞ്ഞെടുപ്പ് നടന്നിരുന്നത്.

ഇതില്‍ 11 ജില്ലകളിലും കോണ്‍ഗ്രസ് തനിച്ച് വിജയിച്ചു. നാലു ജില്ലകളില്‍ മാത്രമാണ് ബി.ജെ.പിക്ക് വിജയിക്കാനായത്. 128 വാര്‍ഡുള്ള ഏറ്റവും വലിയ മുനിസിപ്പാലിറ്റിയില്‍ 75 സീറ്റുകളും കോണ്‍ഗ്രസാണ് നേടിയിരുന്നത്.

ബി.ജെ.പിക്ക് ആകെ 31 സീറ്റുകളേ നേടാനായുള്ളൂ. കര്‍ണാടകയിലെ കനത്ത പരാജയത്തോടെ പ്രതിഛായമങ്ങിയ കെ.സി വേണുഗോപാലിന് കേരളത്തിലും ഇപ്പോള്‍ സ്ഥിതി പ്രതികൂലമാണ്. കുടിയേറ്റ തൊഴിലാളികളുടെ കാര്യത്തില്‍ സോണിയയ്ക്ക് തീരുമാനം എടുക്കാന്‍ ഡി.കെ തന്നെയാണ് കനിയേണ്ടി വന്നിരിക്കുന്നത്. സംഘടനാ സെക്രട്ടറി എന്ന നിലയില്‍ കെസിയുടെ പരാജയം കൂടിയാണ് ഇവിടെ വ്യക്തമാകുന്നത്.

കോടിക്കണക്കിന് നിര്‍ദ്ധരരായ കുടിയേറ്റ തൊഴിലാളികളാണ് രാജ്യത്തുളളത്.

ഇവര്‍ക്കെല്ലാം സൗജന്യ യാത്ര നേരത്തെ തന്നെ അനുവദിക്കേണ്ടതായിരുന്നു. അത് കേന്ദ്ര സര്‍ക്കാറിന്റെ കടമയായിരുന്നു. ഈ മഹാമാരിയിലും തൊഴിലാളികളില്‍ നിന്നും നിരക്ക് ഈടാക്കുന്നത് തികച്ചും ജന വിരുദ്ധം തന്നെയാണ്. വൈകിയാണെങ്കിലും ഇക്കാര്യത്തില്‍ പുനപ്പരിശോധന നടത്തുന്നത് സ്വാഗതാര്‍ഹമായ കാര്യമാണ്.

കുടിയേറ്റ തൊഴിലാളികളെ ബസ്സില്‍ കൊണ്ടു പോകണമെന്നാണ് ആദ്യം കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നത്.

നോണ്‍ സ്റ്റോപ്പ് ട്രയിന്‍ ഏര്‍പ്പെടുത്തണമെന്ന നിലപാട് കേരളം ഉയര്‍ത്തിയതോടെയാണ് ഇക്കാര്യത്തില്‍ മാറ്റമുണ്ടായത്.മറ്റു സംസ്ഥാനങ്ങളും പിന്നീട് ഈ ആവശ്യത്തെ പിന്തുണയ്ക്കുകയുണ്ടായി.

കേരളത്തില്‍,റെയില്‍വെ സ്റ്റേഷനുകളിലേക്ക് കെ.എസ്.ആര്‍.ടി.സി ബസ്സുകളില്‍ തൊഴിലാളികളെ എത്തിച്ചതും സൗജന്യമായിട്ടായിരുന്നു.

ഇതിനു പുറമെ അതിഥി തൊഴിലാളികള്‍ക്കെല്ലാം ഭക്ഷണ പൊതിയും കേരള സര്‍ക്കാര്‍ ഇടപെട്ടാണ് നല്‍കിയിരുന്നത്. മാതൃകാപരമായ നടപടിയായിരുന്നു അത്.
Express View

Top