വൈറസിന് കരുത്ത് പകരുന്നത് ‘മഴ’ കാലാവസ്ഥ നിരീക്ഷണം ഞെട്ടിക്കുന്നത്

രേ സമയം, രണ്ടു പ്രതിസന്ധികളെ അഭിമുഖീകരിക്കേണ്ട അവസ്ഥയിലേക്കാണ്, കേരളമിപ്പോള്‍ നീങ്ങുന്നത്. വൈറസിനൊപ്പം, പ്രളയം കൂടി വന്നാലുള്ള ഒരു അവസ്ഥ, നമുക്ക് ചിന്തിക്കാന്‍ പോലും സാധിക്കുന്നതല്ല. അതീവ ഗുരുതരമായ വെല്ലുവിളിയാണിത്.

കൊറോണ വൈറസ് ഭീഷണി സെപ്തംബര്‍ വരെ തുടരുമെന്ന മുന്നറിയിപ്പാണ് ആരോഗ്യ പ്രവര്‍ത്തകര്‍ നല്‍കിയിരിക്കുന്നത്. വിദേശത്ത് നിന്നും തിരിച്ചു വരുന്ന പ്രവാസികളുടെ ക്വാറന്റൈന്‍ പിഴച്ചാല്‍, ഈ കാലയളവും നീളാനാണ് സാധ്യത. വൈറസിനെ തുരത്താനുള്ള വാക്‌സിനും ഇതുവരെ കണ്ടു പിടിച്ചിട്ടില്ല.

ഈ സാഹചര്യത്തിലാണ് കേരളത്തില്‍ കാലവര്‍ഷം കടുക്കുമെന്ന റിപ്പോര്‍ട്ടും ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.

തണുപ്പ് പ്രദേശങ്ങള്‍ വൈറസ് വ്യാപനത്തിന് സാധ്യത വര്‍ദ്ധിപ്പിക്കുമെന്നത്, കേരളത്തെ സംബന്ധിച്ച് വലിയ വെല്ലുവിളിയായാണ് മാറുക.

2018ലെയും 2019ലെയും പ്രളയം കേരളത്തില്‍ വിതച്ചത് വന്‍ നാശമാണ്. നൂറ് കണക്കിന് ആളുകള്‍ മരണപ്പെട്ട ഈ പ്രകൃതിദുരന്തത്തിന്റെ കെടുതികള്‍ ഇപ്പോഴും ഈ മണ്ണില്‍ അവശേഷിക്കുന്നുണ്ട്.

ഞെട്ടിക്കുന്ന ആ ഓര്‍മ്മകള്‍ക്ക് മേലാണ്, വീണ്ടും ആശങ്കയുടെ കാര്‍മേഘം ഇരുള്‍ പരത്തിയിരിക്കുന്നത്.

ബംഗാള്‍ ഉള്‍ക്കടലില്‍ ഏപ്രില്‍ അവസാനത്തോടെ എത്തുന്ന ആദ്യ ന്യൂനമര്‍ദ്ദം, മെയ് ആദ്യവാരത്തോടെ ചുഴലിക്കാറ്റായാണ് മാറാന്‍ പോകുന്നത്.

ദക്ഷിണ കേരളത്തിലും, തമിഴ്‌നാട്ടിലും, ശ്രീലങ്കയിലും ഈ വര്‍ഷം പതിവിലും കൂടുതല്‍ കാലവര്‍ഷം ലഭിക്കുമെന്നാണ്, സൗത്ത് ഏഷ്യന്‍ ക്ലൈമറ്റ് ഫോറത്തിന്റെ റിപ്പോര്‍ട്ട്.

മണ്‍സൂണിന്റെ ജാതകം നിശ്ചയിക്കുന്ന ഇന്ത്യന്‍ ഓഷന്‍ ഡൈപ്പോളും ഇക്കുറി അനുകൂലമാണ്. പസിഫിക് താപനില കുറയുന്ന പ്രതിഭാസമാണ് ഇക്കുറി ദൃശ്യമാകുന്നതെന്നാണ് ഏഷ്യന്‍ ക്ലൈമറ്റ് ഫോറത്തിന്റെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. ഇന്ത്യയില്‍ മഴ വര്‍ദ്ധിക്കാന്‍ ഇത് കാരണമാകും. പ്രളയത്തിനെതിരെ കേരളം ഈ വര്‍ഷവും കനത്ത ജാഗ്രത പുലര്‍ത്തണമെന്നും, കാലാവസ്ഥ നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

വെതര്‍മാന്റെ പ്രവചനത്തിന് പിന്നാലെയാണ് ഏഷ്യന്‍ ക്ലൈമറ്റ് ഫോറത്തിന്റെ റിപ്പോര്‍ട്ടും, പുറത്ത് വന്നിരിക്കുന്നത്.

രണ്ട് പ്രളയത്തെ അതിജീവിച്ച കേരളത്തില്‍, മൂന്നാമത്തെ പ്രളയം വരാന്‍ പോകുന്നുവെന്നാണ് വെതര്‍മാന്‍ പ്രവചിച്ചിരിക്കുന്നത്.

പഴയ കാല കണക്കുകള്‍ സഹിതം നിരത്തിയാണ് അദ്ദേഹം ഇങ്ങനെ അഭിപ്രായപ്പെട്ടിരിക്കുന്നത്.

ഈ കാലാവസ്ഥ വിദഗ്ദന്റെ നിരീക്ഷണ പ്രകാരം, ജൂണ്‍ മുതല്‍ സെപ്തംബര്‍ വരെ 2049 മില്ലിമീറ്റര്‍ മഴയാണ് ലഭിക്കുക.

ലോങ് റേഞ്ച് മോഡലുകള്‍ പ്രകാരം ഈ വര്‍ഷമാണ് ഏറ്റവും ശക്തമായ മഴ കേരളത്തില്‍ ലഭിക്കാന്‍ പോകുന്നത്. 2300 മില്ലിമീറ്ററിലധികം മഴ രേഖപ്പെടുത്തിയാല്‍ പോലും അത്ഭുതപ്പെടേണ്ടതില്ലെന്നതാണ് വെതര്‍മാന്റെ നിലപാട്.

കൃത്യമായ നിരിക്ഷണത്തിലൂടെ പ്രമുഖ കാലാവസ്ഥ നിരീക്ഷകരെ പോലും ഞെട്ടിച്ച വ്യക്തിയാണ് വെതര്‍മാന്‍.

ഇദ്ദേഹത്തിന്റെ ശരിയായ പേര് പ്രദീപ് ജോണ്‍ എന്നാണ്. കാലാവസ്ഥ വകുപ്പിനെക്കാള്‍ പലര്‍ക്കും ഇപ്പോള്‍ വിശ്വാസം ഈ വെതര്‍മാനിലാണ്. ഫെയ്‌സ് ബുക്കില്‍ മാത്രം 57 ലക്ഷത്തിലധികം പേരാണ് തമിഴ് നാട്ടുകാരനായ ഇയാളെ പിന്തുടരുന്നത്.

2015ലെ ചെന്നൈ വെള്ളപ്പൊക്കം, 2016ലെ വര്‍ധ ചുഴലിക്കാറ്റ്, തുടങ്ങിയവയിലെ പ്രവചനമാണ് വഴിത്തിരിവായിരുന്നത്. വിവിധ കേന്ദ്രങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ ശേഖരിച്ച്, കൃത്യമായ വിശകലനങ്ങള്‍ നടത്തിയ ശേഷമാണ് വെതര്‍മാന്‍ പ്രവചനങ്ങള്‍ നടത്തുന്നത്.സാധാരണക്കാര്‍ക്ക് മനസ്സിലാകുന്ന ശൈലിയിലാണ് അദ്ദേഹത്തിന്റെ ആശയ വിനിമയം.

വര്‍ധ ചുഴലിക്കാറ്റ് ആന്ധ്രയിലെ നെല്ലൂരില്‍ പതിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരുന്നത്. എന്നാല്‍ 100 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് ചെന്നെയിലേക്ക് എത്തുമെന്നായിരുന്നു വെതര്‍മാന്റെ പ്രവചനം. ഒടുവില്‍ ഫലിച്ചതും ഈ പ്രവചനം തന്നെയായിരുന്നു. പല ഘട്ടങ്ങളിലും ചെന്നൈ സ്വദേശികള്‍ക്ക് രക്ഷയായത് വെതര്‍മാന്റെ പ്രവചനങ്ങളായിരുന്നു.

മഴ ലഭ്യത, ഭൂചലനം, വിവിധ പുഴകളിലെയും മറ്റും ജലനിരപ്പുകള്‍, താപനില, കാലാവസ്ഥ വ്യതിയാനം എന്നിവ ഉള്‍പ്പെടെ കഴിഞ്ഞ 200 വര്‍ഷത്തെ കണക്കുകളും അദ്ദേഹത്തിന്റെ പക്കലുണ്ട്. ധനതത്വശാസ്ത്രത്തില്‍ എം.ബി.എ നേടിയ പ്രദീപ്, വെതര്‍മാനായി മാറിയത് 2015 ന് ശേഷമാണ്.

ബംഗാള്‍ ഉള്‍ക്കടലിലുണ്ടാകുന്ന ഏതൊരു ചെറിയ മാറ്റവും, അദ്ദേഹത്തിന്റെ ഉറക്കം കെടുത്തുന്നതാണ്.

വെതര്‍മാന്‍ ഇപ്പോള്‍, കേരളത്തില്‍ വരാന്‍ പോകുന്ന ഭീഷണിയെ കുറിച്ച് തുറന്ന് പറഞ്ഞതും, വ്യക്തമായ ധാരണയില്‍ തന്നെയാണ്.

ഇതിനെ ബലപ്പെടുത്തുന്നതാണ് ഏഷ്യന്‍ ക്ലൈമറ്റ് ഫോറത്തിന്റെയും വിലയിരുത്തല്‍. പതിവിലും അധികം കാലവര്‍ഷത്തിന് സാധ്യതയെന്ന റിപ്പോര്‍ട്ടിനെ ഗൗരവമായാണ് സര്‍ക്കാറും നോക്കി കാണുന്നത്.

കൊറോണയുടെ പശ്ചാത്തലത്തില്‍ ഡെങ്കിപ്പനിക്കെതിരെയും ഈ ഘട്ടത്തില്‍ ജാഗ്രത അനിവാര്യമാണ്.

പത്തനംതിട്ടയിലും, കോട്ടയത്തും ഏപ്രില്‍ 26ന് ഉള്ളില്‍ തന്നെ 45 മുതല്‍ 56 ശതമാനം വരെ അധിക മഴ ലഭിച്ചിട്ടുണ്ട്. കക്കി – ആനത്തോട് ഡാമില്‍ 38 ശതമാനവും, ഇടുക്കിയില്‍ ശേഷിയുടെ 62 ശതമാനവും വെള്ളം ഇപ്പോഴേ ഉണ്ട്. അധിക മഴ കൂടി എത്തുന്നതോടെ സ്ഥിതി സങ്കീര്‍ണ്ണമാകാനാണ് സാധ്യത. മഴക്കാല ഒരുക്കങ്ങള്‍ സംസ്ഥാനം ഇതിനകം തന്നെ ആരംഭിച്ചിട്ടുണ്ട്. മഴ വൈറസിന് വളമാകുമെന്ന് വിലയിരുത്തി കൊണ്ടു കൂടിയാണ് ഈ മുന്‍ കരുതല്‍ നടപടി.

2018ലെ പോലെ അത്രയും ഉയരത്തിലും വ്യാപ്തിയിലും 2019 ല്‍ വെള്ളം എത്തിയിട്ടില്ല. മരണമാകട്ടെ കൂടുതല്‍ നടന്നത് ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിലുമാണ്.

മഴക്കാലം കഴിയുമ്പോള്‍ പ്രളയത്തെ കുറിച്ചും, ഉരുള്‍പൊട്ടലിനെ പറ്റിയുമെല്ലാം നമ്മള്‍ മറന്ന് പോവുകയാണ് ചെയ്യുന്നത്. കാലാവസ്ഥ വ്യതിയാനം എന്തുകൊണ്ട് ഉണ്ടായി എന്നു പോലും, മിക്കവരും ചിന്തിക്കാറില്ല. അങ്ങനെ ചിന്തിച്ചിരുന്നുവെങ്കില്‍ ഈ ഭീഷണിയെ മറികടക്കാന്‍ കഴിയുമായിരുന്നു.

പ്രളയത്തെയും ഉരുള്‍ പൊട്ടലിനെയും മണ്ണിടിച്ചിലിനെയും നേരിടാന്‍ ആദ്യം വേണ്ടത് പരിസ്ഥിതി സംരക്ഷണമാണ്.പിന്നെ വേണ്ടത് ദുരന്ത സാധ്യതകള്‍ മുന്‍കൂട്ടി കണ്ടുള്ള ഭൂവിനിയോഗ നയങ്ങളും പ്ലാനുകളുമാണ്. ഇതിനായാണ് സമൂഹം ഇനിയും ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ടത്.
ExpressView

Top