യു.ഡി.എഫ് പ്രചരണം പൊളിഞ്ഞു . . . കോവിഡിൽ കേന്ദ്ര വീഴ്ച വ്യക്തമായി

ന്ത്യയില്‍ മെയ് ആദ്യവാരത്തോടെ കോവിഡ് ബാധിതര്‍ അരലക്ഷം പിന്നിട്ടിരിക്കുകയാണ്. മരണ നിരക്കും വര്‍ദ്ധിക്കുകയാണ്. സാമ്പത്തികമായി ആകെ തകര്‍ന്ന അവസ്ഥയിലാണിപ്പോള്‍ രാജ്യം.

വിദേശ കമ്പനികള്‍ വന്നത് കൊണ്ട് മാത്രം ഉണക്കാന്‍ പറ്റുന്ന മുറിവുകളല്ല, നിലവില്‍ ഉണ്ടായിരിക്കുന്നത്. കോവിഡ് ഭീഷണി എവിടെ ചെന്ന് അവസാനിക്കുമെന്ന് ആര്‍ക്കും ഒരു നിശ്ചയവും ഇല്ലാത്ത അവസ്ഥയാണ് നിലവിലുള്ളത്.

രാജ്യത്തെ സംബന്ധിച്ച് വലിയ ഭീഷണി ഉയര്‍ത്തുന്ന കാര്യമാണിത്. ഇപ്പോള്‍ വിദേശത്ത് നിന്നും വരുന്നവരുടെ കാര്യത്തില്‍ കാട്ടുന്ന ജാഗ്രത, മുന്‍പേ കാട്ടിയിരുന്നു എങ്കില്‍, ഈ അവസ്ഥ തന്നെ ഒഴിവാക്കാമായിരുന്നു. വലിയ ദ്രോഹമാണ് ഭരണകൂടം നാടിനോട് ചെയ്തിരിക്കുന്നത്.

ദുരന്തം ഉണ്ടായിട്ട് നേരിടുന്നതിലല്ല, ദുരന്തം ഉണ്ടാകുന്നതിന് മുന്‍പ് ജനങ്ങളെ സംരക്ഷിക്കുന്നതിലാണ് ഭരണകൂടങ്ങള്‍ മിടുക്ക് കാട്ടേണ്ടത്.

ഇന്ത്യയില്‍ വൈറസ് പടരുന്നതിന് പ്രധാന കാരണക്കാര്‍ കേന്ദ്ര സര്‍ക്കാറാണ്. ദീര്‍ഘവീക്ഷണമില്ലാത്ത ഭരണകൂട നിലപാടാണ് ഈ അവസ്ഥ സൃഷ്ടിച്ചിരിക്കുന്നത്.

കേന്ദ്ര ആരോഗ്യ മന്ത്രി ഡോക്ടറാണെന്ന് പറഞ്ഞിട്ട് ഒരു കാര്യവുമില്ല, ടീച്ചറായ ശൈലജ, കേരളത്തില്‍ ചെയ്യുന്ന പ്രവര്‍ത്തിയുടെ നാലയലത്ത് വരില്ല, കേന്ദ്ര ആരോഗ്യ മന്ത്രിയുടെ പ്രവര്‍ത്തനം. കേരളത്തെ കണ്ട് പഠിക്കാന്‍ മറ്റു സംസ്ഥാനങ്ങളെ ഉപദേശിക്കേണ്ട ഗതികേടിലാണിപ്പോള്‍ കേന്ദ്ര സര്‍ക്കാറുള്ളത്.

വിദേശത്ത് നിന്നും എത്തുന്നവര്‍ക്കായി കേന്ദ്രം ഇപ്പോള്‍ പുറപ്പെടുവിച്ച പ്രത്യേക മാര്‍ഗരേഖ മുന്‍പ് തന്നെ പുറപ്പെടുവിച്ചിരുന്നു എങ്കില്‍ വലിയ ദുരന്തമാണ് ഒഴിവാക്കപ്പെടുമായിരുന്നത്.

കേന്ദ്ര സര്‍ക്കാറിന് കീഴിലുള്ള എയര്‍ പോര്‍ട്ട് അതോറിട്ടി ഓഫ് ഇന്ത്യയാണ് പുതിയ മാര്‍ഗ്ഗ നിര്‍ദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്.

ഇതു പ്രകാരം പ്രവാസികളുമായി എത്തുന്ന വിമാനങ്ങളില്‍നിന്ന് ഇരുപതുപേരുള്ള സംഘമായാണ് യാത്രക്കാരെ പുറത്തിറക്കുന്നത്. സാമൂഹിക അകലം പാലിക്കുന്നതിന്റെ ഭാഗമായാണിത്.

വിദേശ രാജ്യങ്ങളില്‍നിന്ന് വരുന്ന വിമാനങ്ങള്‍ ലാന്‍ഡ് ചെയ്ത ശേഷം, മുന്‍ നിശ്ചയിച്ച എയ്‌റോ ബ്രിഡ്ജില്‍ മാത്രമേ കൊണ്ട് പോകാന്‍ കഴിയൂ. വിമാനത്തിന് പുറത്തെത്തുന്ന പ്രവാസികളെ എയ്‌റോ ബ്രിഡ്ജിന് പുറത്ത് പ്രത്യേകമായി നിശ്ചിയിച്ചിരിക്കുന്ന സ്ഥലത്ത് വച്ചാണ് താപ പരിശോധന നടത്തേണ്ടത്.

താപ പരിശോധനയ്ക്ക് ശേഷം കോവിഡ് ഇല്ലെന്ന് ഉറപ്പാക്കിയവരുടെ ഇരുപതോ മുപ്പതോ പേര്‍ അടങ്ങുന്ന സംഘത്തെ, സി.ഐ.എസ്.എഫാണ് പിന്നീട് സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് കൈമാറുക. കോവിഡ് രോഗികള്‍ ഉണ്ടെങ്കില്‍ അവരെ വിമാനത്താവളത്തിന് പുറത്തേക്ക് പ്രത്യേക വഴിയിലൂടെ കൊണ്ട് പോകുകയും ചെയ്യും.

എമിഗ്രേഷന്‍, കസ്റ്റംസ്, സുരക്ഷ എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥര്‍, യാത്രക്കാരില്‍നിന്ന് കൃത്യമായ അകലം പാലിക്കണമെന്നും എയര്‍ പോര്‍ട്ട് അതോറിട്ടി ഓഫ് ഇന്ത്യ നിര്‍ദേശിച്ചിട്ടുണ്ട്. കഴിയുമെങ്കില്‍ ഇവര്‍ ഗ്ലാസ് ഷീല്‍ഡ് ഉള്‍പ്പടെയാണ് ഉപയോഗിക്കേണ്ടത്. ഇതിന് പുറമേ പ്രവാസികള്‍ വരുന്ന വിമാനവുമായി ബന്ധപ്പെടുന്ന വിമാനത്താവളത്തിലെ എല്ലാ ജീവനക്കാരും പി.പി.ഇ. കിറ്റുകളും ധരിക്കേണ്ടതാണ്.

ലഗേജുകള്‍ അണുവിമുക്തമാക്കിയ ശേഷം മാത്രമേ യാത്രക്കാര്‍ക്ക് നല്‍കുകയുള്ളൂ. കസ്റ്റംസ് ക്ലിയറന്‍സ് പരമാവധി വേഗത്തില്‍ നടത്താനും നിര്‍ദ്ദേശമുണ്ട്. ഇതിനായി കൂടുതല്‍ ജീവനക്കാരെ നിയമിക്കാനും നിര്‍ദ്ദേശമുണ്ട്.
എയര്‍പോര്‍ട്ട് മാനേജ്മെന്റ് പ്രവാസികള്‍ക്ക് ചായ, കാപ്പി, ലഘു ഭക്ഷണം എന്നിവ നല്‍കണമെന്നും മാര്‍ഗ്ഗ രേഖയില്‍ നിര്‍ദേശിച്ചിട്ടുണ്ട്.

വിമാനത്താവളത്തില്‍ തിരക്ക് ഉണ്ടാകാതെ ഇരിക്കാന്‍, വ്യത്യസ്ത സമയങ്ങളിലാണ് പ്രവാസികളുമായി വരുന്ന വിമാനങ്ങള്‍ ഇറങ്ങുന്നതെന്ന്, എയര്‍ ട്രാഫിക് കണ്‍ട്രോളിന്റെ ചുമതല ഉള്ള ഉദ്യോഗസ്ഥന്‍ ഉറപ്പു വരുത്തണമെന്നും, എയര്‍ പോര്‍ട്ട് അതോറിട്ടി ഓഫ് ഇന്ത്യ പുറത്ത് ഇറക്കിയ മാര്‍ഗ്ഗ രേഖയില്‍ വിശദീകരിച്ചിട്ടുണ്ട്. ഈ കാര്യങ്ങളാണ് ഇപ്പോള്‍ രാജ്യവ്യാപകമായി നടപ്പാക്കിയിരിക്കുന്നത്.

ഇക്കാര്യങ്ങളെല്ലാം വുഹാനില്‍ വൈറസ് ബാധ പൊട്ടി പുറപ്പെട്ടപ്പോള്‍ തന്നെ ചെയ്യണമായിരുന്നു. വൈറസുകള്‍ക്ക് അതിര്‍ത്തികളില്ല എന്ന ബോധം അന്ന്
ഇല്ലാതെ പോയത് ഇവിടെ കേന്ദ്ര സര്‍ക്കാറിനാണ്. ലോക്ഡൗണ്‍ പ്രഖ്യാപിച്ചത് പോലും സംഭവം കൈവിട്ട് പോയെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് മാത്രമാണ്.

ഇന്ത്യയില്‍ ആദ്യ കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തപ്പോഴെങ്കിലും, കേന്ദ്രത്തിന് കര്‍ശന നടപടി സ്വീകരിക്കാമായിരുന്നു, എന്നാല്‍ അതും ഉണ്ടായിട്ടില്ല.

രാജ്യത്തെ ആദ്യത്തെ, കോവിഡ് രോഗം സ്ഥിരീകരിച്ചത് 2020 ജനുവരി 30തിന് കേരളത്തിലായിരുന്നു. ചൈനയിലെ വുഹാനില്‍ നിന്നും കേരളത്തില്‍ മടങ്ങിയെത്തിയ മൂന്നു വിദ്യാര്‍ത്ഥികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരുന്നത്.

രാജ്യത്തെ ആദ്യ കോവിഡ് മരണം മാര്‍ച്ച് 10ന് കര്‍ണാടകയില്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ മാത്രമാണ് കേന്ദ്രത്തിന് വെളിപാടുണ്ടായത്. ഉംറ കഴിഞ്ഞ് ഫെബ്രുവരി 29തിന് മടങ്ങിയെത്തിയ കല്‍ബുര്‍ഗി സ്വദേശിയായ 76കാരന്‍ മുഹമ്മദ് ഹുസൈന്‍ സിദ്ദിഖിയാണ് കോവിഡ് ബാധിച്ച് മരണപ്പെട്ട ആദ്യ ഇന്ത്യക്കാരന്‍. അന്ന് 78 പേര്‍ മാത്രമായിരുന്നു രാജ്യത്ത് കോവിഡ് ബാധിച്ചവര്‍. 61 ഇന്ത്യക്കാര്‍ക്കും 17 വിദേശികള്‍ക്കുമായിരുന്നു രോഗ ബാധ. പൊതുവെ പടരുന്ന സ്ഥിതിയില്ലെന്നായിരുന്നു ആരോഗ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറിയും വിശദീകരിച്ചിരുന്നത്. കോവിഡ് ആഗോള മഹാമാരിയായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ച സാഹചര്യത്തിലായിരുന്നു ഇന്ത്യയുടെ ഈ മെല്ലെപോക്കെന്നതും നാം ഓര്‍ക്കണം. മെയ് ആറ് വരെ മാത്രം 1,783 പേരാണ് രാജ്യത്ത് മരണമടഞ്ഞിരിക്കുന്നത്. വൈറസ് ബാധിതരാകട്ടെ, ആറാം തീയതിയിലെ കണക്ക് പ്രകാരം 52,952 ആണ്. കേന്ദ്രത്തിന് പറ്റിയ വീഴ്ചയ്ക്ക് വലിയ വിലയാണ് രാജ്യമിപ്പോള്‍ കൊടുത്തു കൊണ്ടിരിക്കുന്നത്.

ഈ വീഴ്ചകള്‍ക്കെല്ലാം, സംസ്ഥാന സര്‍ക്കാറിനെ കുറ്റപ്പെടുത്താനാണ് കോണ്‍ഗ്രസ്സ് ഉള്‍പ്പെടെ തുടക്കം മുതല്‍ ശ്രമിച്ചത്.നിയമസഭയിലെ അവരുടെ പ്രകടനം തന്നെ അതിന് ഉദാഹരണമാണ്.

സാമാന്യയുക്തിയും ബുദ്ധിയും നഷ്ടപ്പെട്ട മാനസികാവസ്ഥയിലാണിപ്പോഴും
കേരളത്തിലെ പ്രതിപക്ഷം. അതു കൊണ്ടാണ് അവര്‍ക്ക് അത്തരത്തില്‍ ചിന്തിക്കാന്‍ കഴിയുന്നത്. കേരളത്തിലെ തിരഞ്ഞെടുപ്പില്‍ ജയിക്കാന്‍, മോദിയെ വിമര്‍ശിച്ചിട്ട് കാര്യമില്ലന്ന നിലപാടാണ് യുഡിഎഫിനെ നയിക്കുന്നത്.

ഇപ്പോള്‍ കേന്ദ്രം പുറത്തിറക്കിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍, യു.ഡി.എഫ് നേതാക്കള്‍ ഒരുമിച്ചിരുന്ന് ഒന്ന് വായിച്ച് നോക്കണം.

ഇക്കാര്യങ്ങളെല്ലാം ചെയ്യേണ്ട പ്രഥമ ഉത്തരവാദിത്വം ആര്‍ക്കാണ് എന്നത് അതില്‍ നിന്നു തന്നെ നിങ്ങള്‍ക്ക് മനസ്സിലാകുന്നതാണ്.

ചുമ്മാ രാഷ്ട്രിയ നേട്ടത്തിന് വേണ്ടി വൈറസിനെ ഉപയോഗപ്പെടുത്തരുത്. അത് സമൂഹത്തിന് നല്‍കുക തെറ്റായ സന്ദേശമാണ്.


Express View

Top