യു.ഡി.എഫിന് ബദലാവാൻ ബി.ജെ.പി, ചെന്നിത്തലയുടെ ‘വീഴ്ച’ വളമാകും

കേരളത്തില്‍ യു.ഡി.എഫിന്റെ പിഴവുകള്‍ മുതലെടുത്ത് ബി.ജെ.പിയുടെ തന്ത്രപരമായ നീക്കം.

ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്റെ തന്ത്രപരമായ പ്രതികരണം, ഇതിന്റെ ഭാഗമാണ്.

കോവിഡ് പ്രവര്‍ത്തനങ്ങളില്‍ സംസ്ഥാന സര്‍ക്കാറിനെ നിരന്തരം വിമര്‍ശിക്കുന്ന യു.ഡി.എഫ് രീതിയെയാണ് സുരേന്ദ്രന്‍ വിമര്‍ശിച്ചിരിക്കുന്നത്.

രാവിലെ കുളിച്ച് കുപ്പായവുമിട്ട് ഇറങ്ങുന്ന രീതി ശരിയല്ലന്നും അദ്ദേഹം തുറന്നടിച്ചിരുന്നു.

കോവിഡില്‍ പോലും സംസ്ഥാന സര്‍ക്കാറിനെ വെറുതെ വിട്ടാത്ത യു.ഡി.എഫ് നേതാക്കള്‍ക്കെതിരെ നിലവില്‍ പ്രതിഷേധവും ശക്തമാണ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കോണ്‍ഗ്രസ്സ് നേതാക്കളുമാണ് ഏറെ വിമര്‍ശിക്കപ്പെടുന്നത്.

ഇതു കൂടി മുന്നില്‍ കണ്ടാണ് കമ്മ്യൂണിസ്റ്റുകളുടെ പ്രധാന ശത്രുതന്നെ ഇപ്പോള്‍ കളം മാറ്റി പിടിച്ചിരിക്കുന്നത്.

ശരിയായ പ്രതിപക്ഷ പാര്‍ട്ടി തങ്ങളാണെന്നാണ് ബി.ജെ.പി നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നത്.

രാജ്യം വലിയ ഭീഷണി നേരിടുമ്പോള്‍ കേന്ദ്ര – സംസ്ഥാന, സര്‍ക്കാറുകളെ പിന്തുണയ്ക്കുകയാണ് പ്രതിപക്ഷം ചെയ്യേണ്ടതെന്നാണ് അവരുടെ അഭിപ്രായം.

ബി.ജെ.പി കളം മാറ്റി ചവിട്ടിയിരിക്കുന്നത് രാഷ്ട്രീയ കാലാവസ്ഥ മനസ്സിലാക്കി കൂടിയാണ്.

2021ലും പിണറായി സര്‍ക്കാറിന്റെ ഭരണ തുടര്‍ച്ചയാണ് ബി.ജെ.പി മുന്നില്‍ കാണുന്നത്. രഹസ്യാന്വേഷണ വിഭാഗങ്ങള്‍ വഴി കേന്ദ്ര സര്‍ക്കാറിന് ലഭിച്ച റിപ്പോര്‍ട്ടുകളും ഇതിനെ സാധൂകരിക്കുന്നതാണ്.

ഒരിക്കല്‍കൂടി ഇടതുപക്ഷം അധികാരത്തില്‍ വന്നാല്‍ യു.ഡി.എഫ് ചിന്നഭിന്നമാകാനാണ് സാധ്യത. ഇപ്പോള്‍ തന്നെ യു.ഡി.എഫില്‍ അസംതൃപ്തി വ്യാപകമാണ്.ഇത്തരമൊരു സാഹചര്യം മുതലാക്കാനാണ് ബി.ജെ.പിയുടെ നീക്കം.

കോണ്‍ഗ്രസ്സില്‍ നിന്നും കേരള കോണ്‍ഗ്രസ്സില്‍ നിന്നും ഒരു വിഭാഗത്തെ അടര്‍ത്തിയെടുക്കാനും ബി.ജെ.പിക്ക് പദ്ധതിയുണ്ട്.

പ്രമുഖ കോണ്‍ഗ്രസ്സ് നേതാക്കളുമായുള്ള ഹോട്ട് ലൈന്‍ ബന്ധം ഇതിനായി ബി.ജെ.പി നേതാക്കള്‍ ഇപ്പോഴും നില നിര്‍ത്തിയിട്ടുണ്ട്.

കേരളത്തിന്റെ പ്രത്യേക സാഹചര്യത്തില്‍ മുന്നേറുക പ്രയാസമാണെങ്കിലും കോണ്‍ഗ്രസ്സിലെ ഒരു വിഭാഗം കനിഞ്ഞാല്‍ നേട്ടമുണ്ടാക്കാം എന്നതാണ് ബിജെപി നേതൃത്വത്തിന്റെ കണക്ക് കൂട്ടല്‍.

കേരള കോണ്‍ഗ്രസ്സിലെ ജോസ് കെ മാണിക്കും മുതിര്‍ന്ന കോണ്‍ഗ്രസ്റ്റ് പ്രമുഖനും കേന്ദ്ര മന്ത്രി സ്ഥാനമാണ് വാഗ്ദാനമെന്നാണ് സൂചന.

തദ്ദേശ തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ കേരള രാഷ്ട്രീയത്തില്‍ വലിയ മാറ്റമുണ്ടാകുമെന്നാണ് ബി.ജെ.പി വിലയിരുത്തുന്നത്.

ചരിത്രത്തിലെ ഏറ്റവും വലിയ പരാജയമാകും യു.ഡി.എഫിന് ഉണ്ടാകുകയെന്നാണ് കണക്ക് കൂട്ടല്‍.ഇത് നിയമസഭാ തിരഞ്ഞെടുപ്പിലും പ്രതിഫലിക്കും. മൃഗീയമായ ഒരു മേധാവിത്വമാകും ഇടതുപക്ഷത്തിന് ഉണ്ടാകാന്‍ പോകുന്നതെന്നാണ് ബി.ജെ.പി നല്‍കുന്ന മുന്നറിയിപ്പ്.

ഇടതുപക്ഷത്തിന്റെ ഭരണ തുടര്‍ച്ച ആഗ്രഹിക്കാത്ത ആര്‍.എസ്.എസും ഇപ്പോഴത്തെ സംഭവ വികാസങ്ങളില്‍ ഏറെ അസ്വസ്ഥരാണ്.

ഗ്രൗണ്ട് റിയാലിറ്റി മനസ്സിലാക്കുന്നടത്ത് യു.ഡി.എഫിന് പിഴച്ചതായാണ് ആര്‍.എസ്.എസിന്റെയും വിലയിരുത്തല്‍.

2026-ലെങ്കിലും പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായി ബി.ജെ.പിക്ക് മാറാന്‍ കഴിയുമെന്ന പ്രതീക്ഷയും ആര്‍.എസ്.എസ് നേതൃത്വത്തിനുണ്ട്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കഷ്ടിച്ചാണ് പ്രതിപക്ഷ നേതൃസ്ഥാനം പോലും കോണ്‍ഗ്രസ്സിന് ലഭിച്ചിരുന്നത്. യു.ഡി.എഫില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചിരുന്നത് മുസ്ലീം ലീഗ് മാത്രമായിരുന്നു.

കോവിഡ് വ്യാപനത്തോടെ ലീഗും ഇപ്പോള്‍ വലിയ പ്രതിസന്ധിയിലാണ്. പ്രതിപക്ഷ ഉപ നേതാവ് എം.കെ മുനീറിന്റെ നിലപാടുകളില്‍ ആ പാര്‍ട്ടിയില്‍ തന്നെ ശക്തമായ ഭിന്നതയാണുള്ളത്.

ഗള്‍ഫ് രാജ്യങ്ങളിലെ മലയാളികളുടെ കാര്യത്തില്‍ ഇടപെടുന്നതിലും ലീഗ് സംഘടനകള്‍ക്ക് വലിയ വീഴ്ചയാണ് പറ്റിയിരിക്കുന്നത്. ഒടുവില്‍ പാണക്കാട്ടെ തറവാട്ടില്‍ നിന്നു തന്നെ നേരിട്ട് ഗള്‍ഫിലെ നേതാക്കളോട് സംസാരിക്കേണ്ട സാഹചര്യവും ഉണ്ടായിട്ടുണ്ട്. ലീഗ് അനുകൂല സംഘടനയായ കെഎംസിസി നേതൃത്വത്തിന് പോലും ഇവിടെ കാര്യമായി ഇടപെടാന്‍ കഴിഞ്ഞിരുന്നില്ല. ഇത് അവരുടെ അണികളില്‍ തന്നെ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.

പ്രവാസികളുടെ കാര്യത്തിലും കൃത്യമായ ഇടപെടലാണ് കേരള സര്‍ക്കാര്‍ നടത്തിയിരിക്കുന്നത്. പ്രധാനമന്ത്രിക്ക് അയച്ച കത്ത് തന്നെ ഇതിന് ഉദാഹരണമാണ്. ഇതിന് ശേഷമാണ് വൈകിയെങ്കിലും ‘അംബാസിഡര്‍മാര്‍’ ഉണര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത്.

ഇതും ലീഗിനെ സംബന്ധിച്ച് വലിയ പ്രഹരമാണ്. ലീഗ് വോട്ട് ബാങ്കാണ് ഇവിടെയും പിണറായി സര്‍ക്കാര്‍ ഉലച്ചിരിക്കുന്നത്.

നേരത്തെ, പൗരത്വ ഭേദഗതി വിഷയത്തില്‍ മനുഷ്യശൃംഖലയില്‍ നിന്നും വിട്ട് നിന്നതും ലീഗിന് തിരിച്ചടിയായിരുന്നു. 80 ലക്ഷത്തോളം പേരെ റോഡിലിറക്കിയാണ് ഇടതു പക്ഷം, മനുഷ്യ ശൃംഖല മഹാസംഭവമാക്കി മാറ്റിയിരുന്നത്.

യുഡിഎഫിലെ മറ്റൊരു ഘടകകക്ഷിയായ കേരള കോണ്‍ഗ്രസ്സാകട്ടെ,രണ്ട് കേരള കോണ്‍ഗ്രസ്സുകളായാണ് യു.ഡി.എഫില്‍ പ്രവര്‍ത്തിക്കുന്നത്.

ഇതില്‍ ഒരു വിഭാഗം ഏത് നിമിഷവും മുന്നണി വിടാന്‍ സാധ്യത കൂടുതലുമാണ്. ഇടതുപക്ഷം അടുപ്പിച്ചില്ലങ്കില്‍ ജോസ്.കെ മാണി വിഭാഗം ബി.ജെ.പി പാളയത്തിലെത്തിയാലും അത്ഭുതപ്പെടേണ്ടതില്ല.

ഇത്തരം വലിയ പ്രതിസന്ധിയിലൂടെ യു.ഡി.എഫ് മുന്നോട്ട് പോകുമ്പോഴാണ് ഇരിക്കുന്ന കൊമ്പ് തന്നെ ചെന്നിത്തല മുറിച്ചുകൊണ്ടിരിക്കുന്നത്.

കോവിഡ് പ്രതിരോധത്തില്‍ ലോകം തന്നെ കേരളത്തെ പ്രശംസിക്കുമ്പോഴാണ് വിമര്‍ശനവുമായി ചെന്നിത്തല മുന്നോട്ട് പോകുന്നത്.

അദ്ദേഹത്തിന്റെ എല്ലാ പ്രസ്താവനകളും ഇപ്പോള്‍ തിരിച്ചടിച്ചിരിക്കുകയാണ്. ഇതാണോ പ്രതിപക്ഷ ധര്‍മ്മം എന്ന ചോദ്യം തന്നെ ഉയര്‍ന്നു കഴിഞ്ഞു.

ഭരണം കിട്ടില്ലന്ന് ഉറപ്പിക്കുന്ന ചെന്നിത്തല ബി.ജെ.പിയുടെ ഏജന്റ് പണിയാണ് ചെയ്യുന്നതെന്ന വിമര്‍ശനം പോലും യു.ഡി.എഫിലുണ്ട്. എ വിഭാഗം നേതാക്കള്‍ക്കിടയിലാണ് ഇത്തരമൊരു അഭിപ്രായവും ഉയര്‍ന്നിരിക്കുന്നത്. 2021 ല്‍ ഭരണം ലഭിച്ചില്ലെങ്കില്‍ ചെന്നിത്തല ബി.ജെ.പിയില്‍ ചേക്കേറുമെന്ന ധാരണ ലീഗിലെ ഒരു വിഭാഗത്തിലും ശക്തമാണ്.


Express View

Top