അമേരിക്കയിൽ ട്രംപിന് വൻ വെല്ലുവിളി, പ്രസിഡന്റ് സ്ഥാനവും തെറിച്ചേക്കും !


കൊ
റോണ കുടുംബത്തിലെ കോവിഡ് വൈറസ് അമേരിക്കയില്‍ താണ്ഡവമാടുമ്പോള്‍, ഉലയുന്നത് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കസേര കൂടിയാണ്.

ഒരു വട്ടം കൂടി വൈറ്റ് ഹൗസിന്റെ അധിപനാകുക എന്ന ട്രംപിന്റെ സ്വപ്നം ഒരു സ്വപ്നമായി തന്നെ അവശേഷിക്കുമോ എന്ന സംശയവും ഉയര്‍ന്നു കഴിഞ്ഞു.

കൊറോണക്കെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങളിലെ വീഴ്ചയാണ് ട്രംപിന്റെ സാധ്യതക്ക് കൂടുതല്‍ മങ്ങല്‍ ഏല്‍പ്പിക്കുന്നത്. അദ്ദേഹത്തിന്റെ മണ്ടന്‍ പ്രസ്താവനകളില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ തന്നെ കടുത്ത രോക്ഷമാണുള്ളത്.

കൊലയാളി വൈറസിനെ തടയാന്‍ പറ്റിയില്ലങ്കില്‍ 2 ലക്ഷം ആളുകള്‍ വരെ അമേരിക്കയില്‍ മരണപ്പെടാനാണ് സാധ്യത. ഇക്കാര്യം വൈറ്റ് ഹൗസ് തന്നെ വ്യക്തമാക്കി കഴിഞ്ഞു. ലോകത്ത് ഏറ്റവും അധികം പേര്‍ വൈറസ് ബാധയേറ്റിരിക്കുന്നതും ഇപ്പോള്‍ അമേരിക്കയിലാണ് ചൈനയെയും ഇറ്റലിയെയും മറികടന്നാണ് ഈ കുതിപ്പ്.

വന്‍ ആള്‍നാശം മാത്രമല്ല, സാമ്പത്തികമായ തിരിച്ചടിയുമാണ് അമേരിക്കയെ ഇനി കാത്തിരിക്കുന്നത്.ഈ സാഹചര്യത്തില്‍ നവംബറില്‍ നടക്കുന്ന തിരഞ്ഞെടുപ്പ് മാറ്റി വയ്‌ക്കേണ്ടി വരുമെന്ന ആശങ്കയും വ്യാപകമാണ്.

മഹാമാരിയില്‍പ്പെട്ടു പോയതിനാല്‍ രാഷ്ട്രീയ നേതാക്കളും അതിജീവനത്തിനായുള്ള നെട്ടോട്ടത്തിലാണ്. ഈ ഇരുള്‍ നീങ്ങിയാല്‍ വൈറ്റ് ഹൗസിലും മാറ്റം പ്രതീക്ഷിക്കാമെന്നാണ് ഡെമോക്രാറ്റിക്കുകള്‍ അവകാശപ്പെടുന്നത്.

റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയാവുന്ന ട്രംപിനെതിരെ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ജോ ബൈഡനാണ് മത്സരിക്കാന്‍ തയ്യാറെടുക്കുന്നത്. 2550 റിപ്പബ്ലിക്കന്‍ അംഗങ്ങളില്‍ 1276 പേരുടെ പിന്തുണയാണ് പ്രസിഡന്റ് സ്ഥാനാര്‍ഥിയാകാനുള്ള യോഗ്യത. നിലവില്‍ 1330 പേരുടെ പിന്തുണയുള്ള ഡോണള്‍ഡ് ട്രംപിന് സ്വന്തം പാര്‍ട്ടിയില്‍ നിന്ന് മറ്റാരും തല്‍ക്കാലം വെല്ലുവിളിയാകാനില്ല. അതേസമയം ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയായി ജോ ബൈഡന്‍ തന്നെയാകും മല്‍സരിക്കുകയെന്ന കാര്യം ഡെമോക്രാറ്റിക് പാര്‍ട്ടി നേതൃത്വം ഏറെക്കുറെ ഉറപ്പിച്ചിട്ടുമുണ്ട്.

മൂന്നു സംസ്ഥാനങ്ങളില്‍ നടന്ന മൂന്നുഘട്ട പ്രൈമറി തിരഞ്ഞെടുപ്പുകള്‍ ജോ ബൈഡന്‍ തൂത്തുവാരിയിട്ടുണ്ട്. മുഖ്യ എതിരാളിയായ ബേണി സാന്‍ഡേഴ്‌സനെയാണ് ബൈഡന്‍ പരാജയപ്പെടുത്തിയത്.മൊത്തം 441 പ്രതിനിധികളുള്ള ഈ മൂന്ന് സംസ്ഥാനങ്ങളിലും സാന്‍ഡേഴ്‌സണെക്കാള്‍ മുന്നിലെത്തിയതോടെയാണ് ബൈഡന് പ്രസിഡന്റ് സ്ഥാനാര്‍ഥിത്വം ഉറപ്പിച്ചത്. ഇതോടെ മല്‍സരത്തില്‍ നിന്ന് പിന്‍മാറാന്‍ സാന്‍ഡേഴ്‌സന് മേല്‍ സമ്മര്‍ദ്ദം ശക്തമായിട്ടുണ്ട്. ഫ്‌ലോറിഡ, ഇല്ലിനോ, അരിസോണ എന്നിവിടങ്ങളില്‍ നടന്ന തിരഞ്ഞെടുപ്പിലും വ്യക്തമായ ഭൂരിപക്ഷത്തോടെയായിരുന്നു ബൈഡന്റെ വിജയം.

ഇന്ത്യയെ സംബന്ധിച്ചും അമേരിക്കയിലെ തിരഞ്ഞെടുപ്പ് അതിനിര്‍ണ്ണായകമാണ്. നിലവില്‍ അമേരിക്കയുമായി വളരെ അടുപ്പമാണ് ഇന്ത്യക്കുള്ളത്. ട്രംപുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുള്ള വ്യക്തിപരമായ അടുപ്പമാണ് ഈ ബന്ധത്തിന്റെ അടിസ്ഥാനം.

കഴിഞ്ഞ വര്‍ഷം ഹൂസ്റ്റണില്‍ നടന്ന ‘ഹൗഡി മോദി’ പരിപാടിയും, 2020 ഫിബ്രുവരിയില്‍ അഹമ്മദാബാദില്‍ നടന്ന ‘നമസ്‌തേ ട്രംപ്’ പരിപാടിയും ട്രംപിന്റെ ഇലക്ഷന്‍ പ്രചരണമായാണ് മാറിയിരുന്നത്. അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ നിര്‍ണായകമായ ഇന്ത്യന്‍ വംശജരുടെ വോട്ട് ലക്ഷ്യമിട്ടായിരുന്നു ഈ നീക്കങ്ങളെല്ലാം. മോദിയുടെ വാക്കുകളും ട്രംപ് വീണ്ടും വരണമെന്ന് ആഗ്രഹിച്ചുള്ളതായിരുന്നു. ഡെമോക്രാറ്റിക്കുകളെ ചൊടിപ്പിച്ച സംഭവങ്ങള്‍ കൂടിയായിരുന്നു ഇത്.

മോദിയുടെ നിലപാടിനെതിരെ രൂക്ഷമായാണ് ഇന്ത്യയിലെ പ്രതിപക്ഷ പാര്‍ട്ടികളും വിമര്‍ശിച്ചിരുന്നത്. മറ്റൊരു രാജ്യത്തിന്റെ രാഷ്ട്രിയത്തില്‍ ഇടപെടുന്നത് ഇന്ത്യയുടെ നയമല്ലന്നാണ് പ്രതിപക്ഷം തുറന്നടിച്ചിരുന്നത്. എന്നാല്‍ ഇതൊന്നും വകവയ്ക്കാതെയാണ് മോദി മുന്നോട്ട് പോകുന്നത്. ട്രംപ് വീണ്ടും അധികാരത്തില്‍ വരുമെന്ന പ്രതീക്ഷയിലാണ് അദ്ദേഹം.

എന്നാല്‍ കൊറോണ ‘പണി’ തുടങ്ങിയതോടെ ട്രംപിന്റെ നിലയും ഇപ്പോള്‍ പരുങ്ങലിലായി കഴിഞ്ഞു. ഒരു കഴിവ് കെട്ട പ്രസിഡന്റായി ഒറ്റയടിക്കാണ് അദ്ദേഹം മാറിയിരിക്കുന്നത്.

കൊലയാളി വൈറസിനെ മുഖവിലക്കെടുക്കാതെ, ലോക്കൗട്ടുണ്ടാകില്ലെന്നും വിപണി അടച്ചിടില്ലെന്നുമെല്ലാം വീമ്പളക്കിയ ഡൊണാള്‍ഡ് ട്രംപ് അമേരിക്കന്‍ ജനത ഈയാംപാറ്റകള്‍പോലെ മരിച്ചുവീഴുന്നത് കണ്ട് നിസഹായതയോടെയാണ് ഇപ്പോള്‍ നോക്കി നില്‍ക്കുന്നത്. ലോകാരോഗ്യസംഘടനയുടെ മുന്നറിയിപ്പുകള്‍ മുഖവിലക്കെടുക്കാത്ത, ട്രംപ് ഭരണകൂടത്തിന്റെ അഹങ്കാരത്തിന് അമേരിക്കന്‍ ജനതയുടെ ജീവനാണിപ്പോള്‍ വിലകൊടുക്കേണ്ടി വന്നിരിക്കുന്നത്.

അമേരിക്കയില്‍ കോവിഡ് രോഗബാധിതരുടെ എണ്ണം രണ്ടരലക്ഷത്തിലേക്കെത്തുമ്പോള്‍ രാജ്യം കടുത്ത ഭീതിയിലാണ്. ഇപ്പോഴത്തെ നിയന്ത്രണ നടപടികള്‍ ഫലപ്രദമായാല്‍പോലും മരണസംഖ്യ ഒരു ലക്ഷത്തിനും രണ്ടുലക്ഷത്തിനുമിടയിലാകും. പ്രതിരോധ നടപടികള്‍ പാളിയാല്‍ മരണ സംഖ്യ 15 ലക്ഷം മുതല്‍ 22 ലക്ഷം വരെ ഉയര്‍ന്നേക്കുമെന്നാണ് വൈറ്റ് ഹൗസ് കോവിഡ് പ്രതിരോധ സംഘത്തിലെ വിദഗ്ദ ഡോ. ഡെബറ ബേര്‍ക്‌സ് നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്. ഇത് അമേരിക്കയുടെ മേല്‍ മരണഭീതിയുടെ കരിമ്പടം പുതയ്ക്കുന്നതാണ്.

ഈ ആശങ്കയും ഭീതിയുമാണ് കഠിനകാലത്തിനായി ഒരുങ്ങിയിരിക്കാന്‍ അമേരിക്കന്‍ ജനതയ്ക്ക് സന്ദേശം നല്‍കാന്‍ ട്രംപിനെ നിര്‍ബന്ധിതനാക്കിയത്. ഇതുവരെ കണ്ടതില്‍വെച്ചേറ്റവും വലിയ ദുരന്തത്തിലൂടെയാണ് നാം കടന്നുപോകുന്നതെന്നാണ് ട്രംപ് പറഞ്ഞത്. അമേരിക്കയില്‍ നടന്ന ആഭ്യന്തരയുദ്ധത്തില്‍ ആറു ലക്ഷം പേരുടെ ജീവനാണ് മുമ്പ് നഷ്ടമായിരുന്നത്.

അതേസമയം, കൊറോണയെ നേരിടുന്നതില്‍ ട്രംപ് ഭരണകൂടം പൂര്‍ണപരായജമെന്ന വിലയിരുത്തലിലാണ് ജനങ്ങള്‍. ലോക പോലീസും സാമ്രാജ്യത്വ ശക്തിയുമായ അമേരിക്കക്ക് മികച്ച ആരോഗ്യ സംവിധാനങ്ങളുണ്ടായിട്ടും കൊലയാളി വൈറസിന് ജനങ്ങളെ എറിഞ്ഞ് കൊടുക്കേണ്ടി വന്നത് ട്രംപിന്റെ പിടിപ്പുകേടാണെന്ന വിലയിരുത്തലുകളാണ് രാജ്യവ്യാപകമായി ഉയരുന്നത്.

ദക്ഷിണ കൊറിയയും സിംഗപ്പൂരും ജപ്പാനുമെല്ലാം കൊറോണയെ ഫലപ്രദമായി നിയന്ത്രിക്കുമ്പോഴും അത്യാധുനിക ആരോഗ്യസംവിധാനങ്ങളുണ്ടെന്ന് ഊറ്റംകൊള്ളുന്ന അമേരിക്ക, അതിനു കഴിയാതെ വിറങ്ങലിച്ചു നില്‍ക്കുകയാണ് ചെയ്യുന്നത്. കൊറോണയില്‍ നിന്നും ചൈനയും അതിവേഗം മുക്തമാകുമ്പോള്‍ ചൈനയുടെ പ്രതിരോധ പാഠവും അമേരിക്ക മുഖവിലക്കെടുത്തിരുന്നില്ല. ഒടുവില്‍ കോവിഡിനെ നേരിടാന്‍ ചൈനയുടെ സഹായം തന്നെ തേടേണ്ട ഗതികേടും ട്രംപിനുണ്ടായി.

ഇപ്പോള്‍ മാസ്‌ക്കിനും കൈയ്യുറകള്‍ക്കുപോലും മറ്റു രാജ്യങ്ങളുടെ കാലുപിടിക്കുകയാണ് ട്രംപ്. നിതാന്ത ശത്രുരാജ്യമായ റഷ്യയാണിപ്പോള്‍ ശത്രുത മറന്ന് അമേരിക്കക്ക് സഹായം നല്‍കിയിരിക്കുന്നത്.

കൊറോണക്കാലം കഴിഞ്ഞ് നടക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍, ഡെമോക്രാറ്റിക്കുകള്‍ അധികാരം പിടിച്ചാല്‍ ഇന്ത്യക്കും ഇനി അത് തിരിച്ചടിയാകും.

ട്രംപിനായി ‘പ്രചരണം’ നയിച്ച മോദിയാകും അത്തരമൊരു സാഹചര്യത്തില്‍ ഡെമോക്രാറ്റിക്കുകള്‍ക്ക് വില്ലനായിമാറുക. വില കൊടുക്കേണ്ടി വരികയാകട്ടെ നമ്മുടെ രാജ്യവുമാകും.


Express View

Top