Exports fall for 11th straight month, down 17.53% in October

ന്യൂഡല്‍ഹി: പരിപ്പിനും പച്ചക്കറിക്കും വില കുതിച്ചു കയറിയപ്പോള്‍ രാജ്യത്തെ പണപ്പെരുപ്പ നിരക്ക് ഒക്ടോബറില്‍ അല്പം ഉയര്‍ന്നു. പോയ മാസം കയറ്റുമതിയിലും ഇടിവുണ്ടായി. നെഗറ്റീവ് 3.81 ശതമാനമാണ് ഒക്ടോബറിലെ പണപ്പെരുപ്പ നിരക്ക്.

രാജ്യത്തെ കയറ്റുമതിയില്‍ മുന്‍ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ 17.53 ശതമാനത്തിന്റെ ഇടിവ് രേഖപ്പെടുത്തി. ആഗോള തലത്തില്‍ ഡിമാന്‍ഡ് കുറഞ്ഞതിന്റെ പ്രതിഫലനമാണ് കയറ്റുമതിയിലും പ്രതിഫലിച്ചത്. വ്യാപാരക്കമ്മി സെപ്തംബറില്‍ 1048 കോടി ഡോളറായിരുന്നത് ഒക്ടോബറില്‍ 977 കോടി ഡോളറായി. ഇറക്കുമതി 21.51 ശതമാനം കുറഞ്ഞു.

പരിപ്പ്, സവാള എന്നിവയുടെ വിലക്കയറ്റത്തിന്റെ തോത് സെപ്തംബറില്‍ 52.98 ശതമാനമെന്നത് ഒക്ടോബറില്‍ 85.66 ശതമാനമായി ഉയര്‍ന്നു. പച്ചക്കറിയുടെ വിലക്കയറ്റ നിരക്ക് മുന്‍ വര്‍ഷം ഒക്ടോബറുമായി താരതമ്യം ചെയ്യുമ്പോള്‍ 2.56 ശതമാനം കൂടിയിട്ടുണ്ട്. ഒപ്പം പാല്‍ ഉല്പന്നങ്ങള്‍ക്ക് 1.75 ശതമാനവും ഗോതമ്പിന് 4.68 ശതമാനവും വില കൂടിയിട്ടുണ്ട്.

എന്നാല്‍ ഉരുളക്കിഴങ്ങ് വില നിലവാരം നെഗറ്റീവ് 58.95 ശതമാനം താഴ്ന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
എണ്ണഊര്‍ജ മേഖലയില്‍ പണപ്പെരുപ്പ നിരക്ക് നെഗറ്റീവ് 16.32 ശതമാനവും ഉല്പാദന മേഖലയില്‍ നെഗറ്റീവ് 1.67 ശതമാനവുമായിരുന്നു സെപ്തംബറില്‍.

മൊത്തവില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ നിരക്ക് സെപ്തംബറില്‍ നെഗറ്റീവ് 4.54 ആയിരുന്നു. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഇത് 1.66 ശതമാനവുമായിരുന്നു. 12 മാസമായി രാജ്യത്ത് പണപ്പെരുപ്പം കുറഞ്ഞുവരുന്ന പ്രവണതായിരുന്നു.

Top