Exports fall 13 months in a row by 14.8% in December

ന്യൂഡല്‍ഹി: രാജ്യത്തുനിന്നുള്ള കയറ്റുമതിയില്‍ തുടര്‍ച്ചയായ പതിമൂന്നാം മാസവും ഇടിവ് രേഖപ്പെടുത്തി. വാണിജ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

ഡിസംബറില്‍ 14.75 ശതമാനം ഇടിവാണ് കയറ്റുമതിയിലുണ്ടായത്. 2014 ഡിസംബറുമായി താരതമ്യം ചെയ്യുമ്പോഴാണ് ഈ ഇടിവ്. ആഗോള സാമ്പത്തിക പ്രതിസന്ധിയും കറന്‍സി മാര്‍ക്കറ്റിലെ ചാഞ്ചാട്ടവും കയറ്റുമതിക്ക് തിരിച്ചടിയായി.

യുഎസ്, യൂറോപ്യന്‍ യൂണിയന്‍, ചൈന എന്നിവിടങ്ങളില്‍ നിന്നുള്ള ആവശ്യത്തില്‍ കുറവുണ്ടായതാണ് കയറ്റുമതിയെ ബാധിച്ചത്. യു.എസില്‍ നിന്ന് 10.30 ശതമാനവും യൂറോപ്യന്‍ യൂണിയനില്‍ നിന്ന് 10.83 ശതമാനവും ചൈനയില്‍ നിന്ന് 6.94 ശതമാനവും കയറ്റുമതി ഓര്‍ഡറിന്റെ കുറവ് ഡിസംബറിലുണ്ടായി.

ജ്വല്ലറി, എന്‍ജിനീയറിങ് ഉപകരണങ്ങള്‍, ഉരുക്ക് ഉപകരണങ്ങള്‍ തുടങ്ങി 30 ഓളം മേഖലകള്‍ കയറ്റുമതിയില്‍ തിരിച്ചടി നേരിട്ടു. 2,230 കോടി ഡോളറിന്റെ കയറ്റുമതിയാണ് ഡിസംബറിലുണ്ടായത്.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം 31,050 കോടി ഡോളറിന്റെ കയറ്റുമതി രാജ്യത്തു നിന്നുണ്ടായിരുന്നു. ഈ സാമ്പത്തിക വര്‍ഷം അത് കുറയുമെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ടായിരുന്നു.

വ്യാപാരക്കമ്മി ഡിസംബറില്‍ 1166 കോടി ഡോളറായിട്ടുമുണ്ട്. നവംബറിലിത് 980 കോടി ഡോളറായിരുന്നു. ഇറക്കുമതി 3.88 ശതമാനം താഴ്ന്ന് 339 കോടി ഡോളറിലെത്തി. എണ്ണ ഇറക്കുമതിയില്‍ 33.19 ശതമാനത്തിന്റെ ഇടിവും ഡിസംബറില്‍ രേഖപ്പെടുത്തി.

Top