തുര്‍ക്കിയില്‍ നിന്ന് ഖത്തറിലേക്കുള്ള കയറ്റുമതിയില്‍ വന്‍വര്‍ധനവ്‌

ദോഹ: തുര്‍ക്കിയില്‍ നിന്ന് ഖത്തറിലേക്കുള്ള കയറ്റുമതിയില്‍ 84 ശതമാനം വര്‍ധനവ്.

ജൂണ്‍ മുതല്‍ ആഗസ്റ്റ് വരെയുള്ള കാലയളവിലാണ് ഈ വര്‍ധനവുണ്ടായിരിക്കുന്നത്.

ഈ കാലയളവിലുള്ള കയറ്റുമതി മൂല്യം 16.5 കോടി ഡോളറാണ്, ആഗസ്റ്റില്‍ മാത്രം ഇത് ആറര കോടി ഡോളറായാണ് ഉയര്‍ന്നത്.

ഗള്‍ഫ് രാജ്യങ്ങള്‍ ഖത്തറിനുമേല്‍ ഉപരോധം ഏര്‍പ്പെടുത്തിയതിനാല്‍ രാജ്യത്തെ പ്രധാന വ്യാപാര പങ്കാളിയായി തുര്‍ക്കി മാറുകയാണ്.

ഉപരോധം പ്രഖ്യാപിച്ചതിനു ശേഷം മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ രാജ്യത്തേക്കുള്ള ആദ്യ ഭക്ഷ്യ ഉത്പന്നങ്ങള്‍ എത്തിച്ചത് തുര്‍ക്കിയായിരുന്നു.

പിന്നീട് കാര്‍ഗോ വിമാനങ്ങളില്‍ ഉള്‍പ്പെടെ സമുദ്ര മാര്‍ഗവും ഇറാന്‍ വഴി റോഡ് മാര്‍ഗവും തുര്‍ക്കിയില്‍നിന്നുള്ള ഭക്ഷ്യ, ഭക്ഷ്യേതര ഉത്പന്നങ്ങള്‍ രാജ്യത്തേക്ക് എത്തിക്കാറുണ്ട്.

ജൂണില്‍ തുര്‍ക്കിയില്‍ നിന്നുള്ള കയറ്റുമതി 5.24 കോടി ഡോളറാണ്. ആഗസ്റ്റിലാണ് തുര്‍ക്കിയും ഖത്തറും തമ്മില്‍ വ്യാപാരവാണിജ്യ ബന്ധം കൂടുതല്‍ ശക്തമാക്കിയത്.

ഖത്തര്‍ ചേംബറിന്റെ നേതൃത്വത്തില്‍ തുര്‍ക്കി സന്ദര്‍ശിച്ച വ്യവസായ പ്രതിനിധി സംഘം തുര്‍ക്കി കമ്പനികളുമായി 15 പുതിയ വ്യാപാര, സഹകരണ കരാറില്‍ ഒപ്പു വയ്ക്കുകയും ചെയ്തു.

ഭക്ഷ്യ നിര്‍മാണ മേഖലകളിലും മരുന്ന് ഉത്പാദന മേഖലകളിലുമായിട്ടാണ് കരാര്‍ ഒപ്പിട്ടിരിക്കുന്നത്.

Top