ഡല്‍ഹിയില്‍ അറസ്റ്റിലായ ഐഎസ് തീവ്രവാദിയുടെ വീട്ടില്‍ സ്‌ഫോട വസ്തുക്കളും ബെല്‍റ്റ് ബോംബുകളും

ലക്‌നോ: കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ അറസ്റ്റിലായ ഐഎസ് തീവ്രവാദിയുടെ ഉത്തര്‍പ്രദേശിലെ വീട്ടില്‍ നിന്നും സ്‌ഫോടക വസ്തുക്കളും ബെല്‍റ്റ് ബോംബുകളും കണ്ടെടുത്തു. ഡല്‍ഹി പൊലീസ് പ്രത്യേക സംഘം നടത്തിയ റെയ്ഡില്‍ ഐഎസ് പതാകയും തീവ്രവാദ ഗ്രൂപ്പുമായി ബന്ധപ്പെട്ട രേഖകളും കണ്ടെത്തി.

മുഹമ്മദ് മുസ്താകിമെന്ന അബു യൂസഫിന്റെ ബലരാമപുര്‍ ജില്ലയിലെ വീട്ടില്‍ നിന്നാണ് സ്‌ഫോടക വസ്തുക്കള്‍ കണ്ടെടുത്തത്. 15 കിലോ സ്‌ഫോടക വസ്തുക്കള്‍ നിറച്ച് ബോംബാക്കി മാറ്റിയ രണ്ട് പ്രഷര്‍ കുക്കറുകള്‍, നാല് വെടിയുണ്ടകളുള്ള പിസ്റ്റള്‍ എന്നിവയും ഇയാളില്‍ നിന്ന് കണ്ടെടുത്തു. കണ്ടെടുത്തവയില്‍ സ്‌ഫോടകവസ്തു നിറച്ച ഏഴ് പാക്കറ്റുകള്‍ അടങ്ങിയ രണ്ട് ജാക്കറ്റുകളും മൂന്ന് കിലോഗ്രാം സ്‌ഫോടകവസ്തുക്കളുള്ള ലെതര്‍ ബെല്‍റ്റും ഉള്‍പ്പെടുന്നു.

കണ്ടെടുത്ത ബോംബുകള്‍ സുരക്ഷിതമായി നിര്‍വീര്യമാക്കി. മൊത്തം ഒന്‍പത് കിലോഗ്രാം സ്ഫോടകവസ്തുക്കളാണ് കണ്ടെടുത്തത്. ഇലക്ട്രിക് വയറുകള്‍, സെലോ ടേപ്പുകള്‍, ലിഥിയം ബാറ്ററികള്‍ എന്നിവയുടെ വലിയ ശേഖരവും കണ്ടെത്തി.

അബു യൂസഫ് തനിച്ചാണോ ഭീകരാക്രമണം നടത്താന്‍ പദ്ധതിയിട്ടിരുന്നത്, രാജ്യത്തിന്റെ മറ്റുഭാഗങ്ങളില്‍ ആക്രമണം നടത്താന്‍ പങ്കാളികളാരെങ്കിലുമുണ്ടോ എന്നതു സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്തുന്നതിനായി ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. ഇയാളുടെ അറസ്റ്റിനെ തുടര്‍ന്ന് ഡല്‍ഹിയിലും ഉത്തര്‍പ്രദേശിലും ജാഗ്രതാ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Top