കശ്മീരില്‍ പ്രധാനമന്ത്രിയുടെ വേദിയ്ക്ക് 12കിലോമീറ്റര്‍ അകലെ സ്‌ഫോടനം

ശ്രീനഗർ: ജമ്മുകശ്മീരിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റാലി നടക്കുന്ന വേദിയിൽ നിന്ന് 12 കിലോ മീറ്റർ അകലെ സ്‌ഫോടനം നടന്നതായി റിപ്പോർട്ട്. ലാലിയാന ഗ്രാമത്തിലാണ് സ്‌ഫോടനം ഉണ്ടായത്. പൊലീസ് സംഭവസ്ഥലത്തെത്തി.

അതേസമയം ബോംബ് സ്‌ഫോടനത്തിന് പിന്നിൽ ത്രീവ്രവാദബന്ധമില്ലെന്നാണ് റിപ്പോർട്ടുകൾ. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

ഇന്നത്തെ മോദിയുടെ സന്ദർശനം കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. അതിർത്തികളിലടക്കം സുരക്ഷ ശക്തമാക്കിയതായി ഡയറക്ടർ ജനറൽ ഓഫ് പൊലീസ് ദിൽബാഘ് സിങ് പറഞ്ഞു.

ജമ്മുകശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ഭരണഘടനയുടെ 370ാം അനുച്ഛേദം റദ്ദാക്കിയതിനുശേഷം ആദ്യമായാണ് മോദി ഔദ്യോഗിക പരിപാടികൾക്കായി ജമ്മുകശ്മീർ സന്ദർശിക്കുന്നത്. ദേശീയ പഞ്ചായത്തീരാജ് ദിനത്തോടനുബന്ധിച്ച് സാന്ത ജില്ലയിലെ പാലി ഗ്രാമത്തിൽ നടക്കുന്ന സമ്മേളനത്തിൽ പുതുതായി തെരഞ്ഞെടുക്കപ്പെട്ട മുപ്പതിനായിരത്തോളം പഞ്ചായത്ത് അംഗങ്ങളെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും.

പാലി പഞ്ചായത്തിലെ ഗ്രാമതലവന്മാരുമായി മോദി കൂടിക്കാഴ്ച നടത്തും. കൂടാതെ, 20,000 കോടിയുടെ വികസന പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും തറക്കല്ലിടലും നടത്തും. 3,100 കോടി ചെലവിൽ നിർമാണം പൂർത്തിയാക്കിയ ബനിഹാൽക്വാസിഗുണ്ട് ഭൂഗർഭപാതയും നാടിന് സമർപ്പിക്കും. ഇതോടെ ഇരു മേഖലകളും തമ്മിലുള്ള യാത്ര സമയത്തിൽ ഒന്നര മണിക്കൂർ ലാഭിക്കാനാകും.

Top