തെക്കന്‍ ഫിലിപ്പീന്‍സില്‍ കുര്‍ബാനക്കിടെ സ്‌ഫോടനം: നാലു മരണം

മനില: തെക്കന്‍ ഫിലിപ്പീന്‍സില്‍ കുര്‍ബാനക്കിടെയുണ്ടായ സ്‌ഫോടനത്തില്‍ നാലുപേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. മറാവി സിറ്റിയിലെ മിന്‍ഡനാവോ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ജിംനേഷ്യത്തില്‍ ഇന്ന് രാവിലെ കത്തോലിക്കാ ആരാധനയ്ക്കിടെയാണ് സ്ഫോടനമുണ്ടായത്.

അതേസമയം ആക്രമണത്തില്‍ ഫിലിപ്പീന്‍സ് പ്രസിഡന്റ് ഫെര്‍ഡിനാന്‍ഡ് മാര്‍കോസ് ജൂനിയര്‍ അപലപിച്ചു. പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ അദ്ദേഹം പൊലീസിനും സായുധസേനക്കും നിര്‍ദേശം നല്‍കി.

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു നേരെയുള്ള ഭീകരാക്രമണം അപലപനീയമാണെന്നും പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു. ആക്രമണത്തെ തുടര്‍ന്ന് ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ ക്ലാസുണ്ടായിരിക്കുന്നതല്ലെന്ന് യൂനിവേഴ്‌സിറ്റി അധികൃതര്‍ അറിയിച്ചു. സ്‌ഫോടനത്തെ കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങി.

 

Top