കറുത്ത മാസ്ക് ഊരിച്ചതെന്തിന്? എസ്പിമാരോട് വിശദീകരണം തേടി ഡിജിപി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻറെ പരിപാടികളിൽ നിന്ന് കറുത്ത മാസ്ക് ഊരി വയ്പ്പിച്ചതെന്തിന്? പൊതുജനങ്ങളിൽ നിന്ന് അടക്കം കറുത്ത മാസ്ക് നീക്കം ചെയ്യിച്ചതിൽ നാല് ജില്ലാ എസ്പിമാരോട് ഡിജിപി അനിൽകാന്ത് വിശദീകരണം തേടി. കണ്ണൂർ, കോഴിക്കോട്, കോട്ടയം, തൃശ്ശൂർ എന്നീ ജില്ലകളിലെ എസ്പിമാരോടാണ് വിശദീകരണം തേടിയത്. സംഭവം വിവാദമായതോടെ കറുത്ത മാസ്ക് വയ്ക്കരുതെന്ന വിലക്കില്ലായിരുന്നുവെന്നാണ് പൊലീസ് അനൗദ്യോഗികമായെങ്കിലും വിശദീകരിക്കുന്നത്.

വ്യാപക പ്രതിഷേധം ഉയർന്നതോടെ ഇന്നലെയാണ് കറുപ്പ് മാസ്കിനുള്ള അപ്രഖ്യാപിത നിരോധനം പൊലീസ് പിൻവലിച്ചത്. കണ്ണൂരിൽ ഇന്നലെ മുഖ്യമന്ത്രി പങ്കെടുത്ത ചടങ്ങുകളിൽ കറുപ്പ് മാസ്ക് അഴിപ്പിച്ചില്ല. സ്വർണക്കടത്ത് കേസിൽ സ്വപ്ന സുരേഷ് അടക്കമുള്ള പ്രതികൾ വെളിപ്പെടുത്തൽ നടത്തുകയും വലിയ വിവാദമുണ്ടാകുകയും പ്രതിപക്ഷം പ്രതിഷേധവുമായി തെരുവിലിറങ്ങുകയും ചെയ്ത പശ്ചാത്തലത്തിൽ കറുപ്പ് മാസ്കിനും വസ്ത്രത്തിനും ഞായറാഴ്ച മുതൽ വിവിധ പരിപാടികളിലായി പൊലീസ് അപ്രഖ്യാപിത വിലക്ക് ഏർപ്പെടുത്തിയിരുന്നു. പലരുടെയും കറുപ്പ് മാസ്ക് അഴിപ്പിച്ചു. പകരം മാസ്ക് നൽകി. കറുത്ത വസ്ത്രം ധരിച്ചവരെ പരിപാടികളിലേക്ക് കടത്തി വിട്ടില്ല. ഇതിനെല്ലാം പകരമായി കറുത്ത മാസ്കും വസ്ത്രവും ധരിച്ചെത്തിയായിരുന്നു പ്രതിപക്ഷ എംഎൽഎമാർ അടക്കമുള്ളവരുടെയും, പ്രവർത്തകരുടെയും പ്രതിഷേധം.

Top