ഹാക്കിംഗ് നടന്നത് ഒരു കമ്പ്യൂട്ടറില്‍ മാത്രം, വിവരങ്ങള്‍ ചോര്‍ന്നിട്ടില്ലെന്ന് എന്‍ഐസി

ന്യൂഡല്‍ഹി: ഒരു കമ്പ്യൂട്ടറില്‍ മാത്രമാണ് ഹാക്കിംഗ് നടന്നിട്ടുള്ളുവെന്നും, വിവരങ്ങള്‍ ചോര്‍ന്നിട്ടില്ലെന്നും നാഷനല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്റര്‍ (എന്‍ഐസി). സ്ഥാപനത്തിലെ നൂറോളം കമ്പ്യൂട്ടറുകള്‍ ഹാക്ക് ചെയ്യപ്പെട്ടുവെന്ന വാര്‍ത്തയ്ക്കുപിന്നാലെയാണ് എന്‍ഐസി അധികൃതര്‍ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുന്നത്.

വിവരങ്ങള്‍ ചോര്‍ത്താനുപയോഗിച്ച ഇമെയില്‍ മാല്‍വെയര്‍ തുറന്നതു മൂലം തകരാറിലായ കംപ്യൂട്ടറില്‍ നിന്ന് വിവരങ്ങളൊന്നും നഷ്ടമായിട്ടില്ലെന്നും ഡല്‍ഹി സൈബര്‍ പൊലീസ് സെല്‍ അറിയിച്ചു.
ഇ-മെയില്‍ മാല്‍വെയറിന്റെ ഉറവിടം ബെംഗളൂരുവിലെ ഐടി കമ്പനിയാണെന്നും യുഎസില്‍ നിന്നു വ്യാജ സര്‍വര്‍ വഴിയാണ് ഇ-മെയില്‍ ബെംഗളൂരു ഐടി കമ്പനിയില്‍ എത്തിയതെന്നും കണ്ടെത്തിയിട്ടുണ്ട്. സെപ്റ്റംബര്‍ ആദ്യം ഒരു ജീവനക്കാരന് ഔദ്യോഗിക അക്കൗണ്ട് തുറക്കാനാകുന്നില്ലെന്ന പരാതിയെ തുടര്‍ന്നാണു പരിശോധന നടത്തിയതും മാല്‍വെയര്‍ കണ്ടെത്തിയതും.

കേന്ദ്ര ഇലക്ട്രോണിക്‌സ് വിവരസാങ്കേതിക മന്ത്രാലയത്തിനു കീഴിലുള്ള എന്‍ഐസിക്കാണ് ദേശസുരക്ഷ സംബന്ധിച്ച ഡേറ്റയുടെ സംരക്ഷണച്ചുമതല. പ്രധാനമന്ത്രിയുടെയും ദേശീയ സുരക്ഷാ ഉപദേഷ്ടാവിന്റെയും ഓഫിസുകള്‍ ഉള്‍പ്പെടെയുള്ളവയുടെ വിവരങ്ങള്‍ ഇവിടെയുണ്ട്.

Top