നാഗാലാന്റിൽ എൻസിപി ബിജെപി സഖ്യത്തിനൊപ്പം, സംസ്ഥാന താൽപര്യം മുൻ നിർത്തിയെന്ന് വിശദീകരണം

ദില്ലി : നാഗാലാൻഡിൽ ബിജെപി സഖ്യത്തിനൊപ്പമെന്ന് അറിയിച്ച് എൻസിപി. എൻഡിപിപി ബിജെപി സഖ്യത്തിന് പാർട്ടി ഔദ്യോഗികമായി പിന്തുണ അറിയിച്ചു . 12 സീറ്റിൽ മത്സരിച്ച് 7 സീറ്റ് വിജയിച്ച എൻസിപി പ്രധാന പ്രതിപക്ഷം ആകുമോ എന്ന ചർച്ചകൾ സജീവമായിരുന്നു. എന്നാൽ സംസ്ഥാനത്തിന്റെ താൽപര്യം കണക്കിലെടുത്ത് നെഫ്യൂ റിയോ നേതൃത്വം നൽകുന്ന സർക്കാരിനൊപ്പം നിൽക്കാൻ തീരുമാനിച്ചതായി എൻസിപി വ്യക്തമാക്കി. കേരളത്തിൽ അടക്കം വിവിധ സംസ്ഥാനങ്ങളിൽ ബിജെപിയെ കടന്നാക്രമിക്കുമ്പോഴാണ് നാഗാലാൻഡിൽ എൻസിപി, ബിജെപി സഖ്യത്തിനൊപ്പം നിൽക്കുന്നത്.

72 കാരനായ നെഫ്യൂ റിയോ അഞ്ചാം തവണയാണ് നാഗാലൻഡ് മുഖ്യമന്ത്രിയാകുന്നത്. ടിആർ സിലിയങ്ങ്, വൈ പാറ്റൺ എന്നിവരാണ് ഉപമുഖ്യമന്ത്രിമാർ. നാഗാലാൻഡിൽ 60 ൽ 37 സീറ്റും നേടിയ എൻഡിപിപി ബിജെപി സഖ്യത്തിന് മറ്റു പാർട്ടികൾ പിന്തുണ അറിയിച്ചതോടെ സംസ്ഥാനത്ത് പ്രതിപക്ഷം ഇല്ലാതായി.

Top