റഷ്യയില്‍ നിന്നും ഇന്ത്യയുടെ കാവലായി എസ്-400 ഭൂതല-വ്യോമ മിസൈല്‍ സംവിധാനം

ന്യൂഡല്‍ഹി: എസ്-400 ഭൂതലവ്യോമ മിസൈല്‍ സംവിധാനത്തിനുള്ള കരാറിലാണ് ഇന്ത്യയും റഷ്യയും ഒപ്പുവയ്ക്കാന്‍ പോകുന്നത്. 5 ബില്യണ്‍ യുഎസ് ഡോളറിന്റേതാണ് കരാര്‍.

എന്താണ് ഭൂതല വ്യോമ മിസൈല്‍ സംവിധാനം?

മിസൈല്‍ പ്രതിരോധ സംവിധാനം പുറത്തു നിന്നുള്ള ബാലിസ്റ്റിക് മിസൈല്‍ ആക്രമണങ്ങളെ തടയുന്നതിനുള്ള രക്ഷാ മാര്‍ഗ്ഗമാണ്. എസ്-400 വളരെ അത്യാധുനിക രീതിയില്‍ നിര്‍മ്മിക്കപ്പെട്ട സംവിധാനമാണ്. ഉയര്‍ന്ന പ്രദേശങ്ങളില്‍ പ്രതിരോധത്തിനായി അമേരിക്ക വിപുലീകരിച്ച സംവിധാനത്തേക്കാള്‍ മികച്ചതാണ് റഷ്യന്‍ സംവിധാനമെന്നാണ് വിലയിരുത്തലുകള്‍. കൂടെ കൊണ്ടു നടക്കാവുന്ന തരത്തിലുള്ളതാണ് എസ്-400. വിവിധ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ സാധിക്കുന്ന തരത്തിലുള്ള റഡാര്‍ സംവിധാനം, സ്വയംപര്യാപ്തമായ നിരീക്ഷണ സംവിധാനം, ടാര്‍ജറ്റിംഗ് സിസ്റ്റം, ആന്റി എയര്‍ക്രാഫ്റ്റ് മിസൈല്‍ സംവിധാനം, മിസൈല്‍ ലോഞ്ചറുകള്‍, നിയന്ത്രണങ്ങള്‍ നടത്തുന്നതിനുള്ള വാര്‍ത്താവിനിമയ സംവിധാനം, അതിനാവശ്യമായ കേന്ദ്രങ്ങള്‍ എന്നിവയെല്ലാം ഉള്‍പ്പെട്ടതാണ് എസ്-400.

വെറും അഞ്ച് മിനിറ്റിനുള്ളില്‍ സംവിധാനങ്ങള്‍ എല്ലാം ഇതിനുള്ളില്‍ വിന്യസിക്കാന്‍ സാധിക്കും. മൂന്ന് തരത്തിലുള്ള മിസൈലുകള്‍ തൊടുത്ത് വിവിധ നിരകളിലുള്ള ആക്രമണങ്ങള്‍ ഒരേസമയം നടത്താന്‍ ഇനി മുതല്‍ ഇന്ത്യയ്ക്ക് സാധിക്കും. എയര്‍ക്രാഫ്റ്റ്, വ്യോമവാഹനങ്ങള്‍, ബാലിസ്റ്റിക് മിസൈലുകള്‍, ക്രൂയിസ് മിസൈലുകള്‍ തുടങ്ങിയവ എല്ലാം തന്നെ 400 കിലോമീറ്റര്‍ പരിധിയിലും 30 കിലോമീറ്റര്‍ ഉയരത്തിലും വന്നാല്‍ എസ്-400 ഉപയോഗിച്ച് നിഷ്പ്രയാസം പ്രതിരോധിക്കാന്‍ സാധിക്കും. യുഎസിന്റെ എഫ്-35 പോലുള്ള 100 സൂപ്പര്‍ ഫൈറ്ററുകളെ ഒരേ സമയം കണ്ടെത്താനും അവയില്‍ ഒരേസമയം ആറെണ്ണത്തിനെതിരെ തിരിച്ചടികള്‍ നടത്താനും പുതിയ ഭൂതല-വ്യോമ മിസൈല്‍ സംവിധാനത്തിന് കഴിയും. 2007ലാണ് എസ്-400 പ്രവര്‍ത്തന സജ്ജമാകുന്നത്. 2015ല്‍ ഇത് സിറിയയില്‍ പ്രവര്‍ത്തിച്ചിരുന്നു.

https://youtu.be/2cEysLXi4nI

ചൈനയില്‍ നിന്നും പാക്കിസ്ഥാനില്‍ നിന്നും എപ്പോള്‍ വെണമെങ്കിലും ഉണ്ടായേക്കാവുന്ന മിസൈല്‍ ആക്രമണത്തിനെതിരെ കരുതിയിരിക്കേണ്ടത് ഇന്ത്യയെ സംബന്ധിച്ച് അത്യന്താപേഷിതമാണ്. ബീജിംഗ് മോസ്‌ക്കോയുമായി 2015ല്‍ തന്നെ ആറ് ബറ്റാലിയന്‍ എസ്-400 സംവിധാനം വാങ്ങാന്‍ കരാര്‍ ഉണ്ടാക്കിയിരുന്നു. ഈ വര്‍ഷം ജനുവരിയില്‍ തന്നെ അവ ചൈനയ്ക്ക് വിതരണം ചെയ്തു തുടങ്ങിയിരുന്നു. 2015ല്‍ എസ്-400ന്റെ 12 യൂണീറ്റുകള്‍ വാങ്ങണമെന്നായിരുന്നു ഇന്ത്യ തീരുമാനിച്ചത്. എന്നാല്‍, പിന്നീട് അഞ്ചെണ്ണം മതിയെന്നും അവ ഇന്ത്യയുടെ ആവശ്യങ്ങള്‍ക്ക് പര്യാപ്തമാണെന്നും തീരുമാനിക്കപ്പെട്ടു. തുര്‍ക്കി, സൗദി അറേബ്യ, ഇറാഖ്, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങളാണ് റഷ്യയുടെ ഈ ആധുനിക സംവിധാനത്തില്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുള്ള മറ്റ് രാജ്യങ്ങള്‍.

Top