2000 രൂപയുടെ നോട്ടുകൾ പിൻവലിച്ചത് വിപണിയെ ബാധിക്കില്ലെന്ന് വിദഗ്ധർ

റിസർവ് ബാങ്ക് 2000 രൂപ പിൻവലിച്ചതു വിപണിയെ ബാധിക്കുമോ? ഇല്ലെന്നു തന്നെയാണു വിദഗ്ധരുടെ വിലയിരുത്തലുകൾ. 2016ലെ നോട്ടുനിരോധനം സൃഷ്ടിച്ചതു പോലുള്ള ചലനങ്ങൾ സമ്പദ്‌വ്യവസ്ഥയിലും ഓഹരി വിപണിയിലും ഉണ്ടാകാനിടയില്ല. 2019ൽ റിസർവ് ബാങ്ക് 2000 നോട്ടുകളുടെ അച്ചടി നിർത്തിയിരുന്നു. ആകെ വിപണിയിലുള്ള നോട്ടുകളുടെ 10.8% മാത്രമാണ് 2000 നോട്ടുകൾ. ഇവയുടെ മൂല്യം 3.62 ലക്ഷം കോടിയും. കൂടാതെ 2016ലെ നോട്ടുനിരോധനത്തിനു ശേഷം ആളുകൾ വലിയ തോതിൽ ഡിജിറ്റൽ ഇടപാടിലേക്കു മാറുകയും ചെയ്തിരുന്നു.

1000, 500 നോട്ടുകൾ പിൻവലിച്ചത് വിപണിയിലും സമ്പദ്‌വ്യവസ്ഥയിലും വലിയ ആഘാതമുണ്ടാക്കിയിരുന്നു. തൊട്ടടുത്ത വ്യാപാരദിനത്തിൽ വിപണി 6 ശതമാനമാണ് ഇടിഞ്ഞത്. ബാങ്ക് നിഫ്റ്റി സൂചിക 1500 പോയിന്റ് താഴ്ന്നു. എന്നാൽ, ഇത്തരം വലിയ ചലനങ്ങളൊന്നും 2000 രൂപ സൃഷ്ടിക്കില്ല.

അതേസമയം, കൃഷി, ചെറുകിട വ്യവസായം, വ്യാപാരികൾ എന്നിവരെ ആർബിഐ തീരുമാനം നേരിട്ടു ബാധിച്ചേക്കാം. ഉയർന്ന മൂല്യമുള്ള നോട്ട് പിൻവലിച്ചത് സ്വർണം കൂടുതൽ സുരക്ഷിതമെന്ന ചിന്ത നിക്ഷേപകരിലുണ്ടാക്കിയതിനാൽ സ്വർണവിലയിൽ താൽക്കാലിക ഉയർച്ച ഉണ്ടായേക്കും. എന്നാൽ ആഭ്യന്തര സംഭവവികാസങ്ങൾക്ക് സ്വർണവിലയിലും രൂപയുടെ മൂല്യത്തിലും കാര്യമായ ചലനമുണ്ടാക്കാനാകില്ല.

2000 നോട്ടുകൾ പിൻവലിച്ചത് ബാങ്കിങ് മേഖലയ്ക്കു കൂടുതൽ കരുത്തു പകരും. നോട്ടുകൾ നിക്ഷേപമായി ബാങ്കുകളിൽ എത്തുന്നതുകൊണ്ടാണിത്. ബാങ്കുകളുടെ പണലഭ്യത കൂടുമെന്നതിനാൽ ഓഹരികളിൽ ഹ്രസ്വകാല നേട്ടമുണ്ടാകും. കഴിഞ്ഞ ആഴ്ച 44,000 നിലവാരത്തിലാണ് ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചത്. റെക്കോർഡ് നിലവാരത്തിൽ തൊട്ടാണ് സൂചിക തിരിച്ചിറങ്ങിയതെങ്കിലും പോസിറ്റീവ് കാൻഡിലിലാണ്. സൂചിക സെപ്റ്റംബറോടെ 45,000– 47,000 പോയിന്റ് എത്താനുള്ള സാധ്യതകളുമുണ്ട്. കഴിഞ്ഞ പാദത്തിൽ മിക്ക ബാങ്കുകളും മികച്ച ഫലമാണ് പുറത്തുവിട്ടത്.

കമ്പനികളുടെ പാദഫലങ്ങളായിരിക്കും ഈ ആഴ്ചയും ഓഹരി വിപണിയെ കൂടുതലായി ബാധിക്കുക. ബിപിസിഎൽ, ഹിൻഡാൽകോ, സൺ ഫാർമ, മഹിന്ദ്ര, ഓയിൽ ആൻഡ് നാച്വറൽ ഗ്യാ‌സ് കോർപറേഷൻ എന്നിങ്ങനെ നിഫ്റ്റി50ലെ പ്രധാന കമ്പനികളുടെ നാലാംപാദ ഫലങ്ങൾ ഈ ആഴ്ച വരാനിരിക്കുന്നുണ്ട്. അമേരിക്കൻ കേന്ദ്രബാങ്കായ ഫെഡ് റിസർവിന്റെ കഴിഞ്ഞ യോഗത്തിന്റെ മിനിറ്റ്സും ഈ ആഴ്ച പുറത്തുവരും. പലിശ നിരക്കു വർധനയ്ക്കു താൽക്കാലിക വിരാമമെന്ന സൂചന നൽകിയ യോഗത്തിന്റെ മിനിറ്റ്സാണു വരാനിരിക്കുന്നത്.

യുഎസിലെ ഡെറ്റ് സീലിങ് പ്രതിസന്ധിയും വിപണികളെ ബാധിച്ചേക്കാം. ചെലവുകൾക്കായി എടുത്ത കടം തിരിച്ചടയ്ക്കാനാവാതെ വീണ്ടും കടമെടുപ്പു പരിധി ഉയർത്താനുള്ള നീക്കത്തിലേക്ക് അമേരിക്ക കടക്കുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്. പക്ഷേ, കടമെടുക്കൽ പരിധി കൂട്ടുന്നതിനു രാഷ്ട്രീയ എതിർപ്പുകൾ ശക്തമാണ്. പരിധി സംബന്ധിച്ച് ജൂൺ ആദ്യം അമേരിക്ക തീരുമാനമെടുക്കും. അതേസമയം, ഡെറ്റ് സീലിങ് പ്രതിസന്ധി നിലവിൽ വിപണികളെ കാര്യമായി ബാധിക്കുന്നില്ല.

കഴിഞ്ഞ മാർച്ച് മുതൽ വിദേശനിക്ഷേപകർ ഇന്ത്യൻ വിപണിയിൽ കാര്യമായ നിക്ഷേപം നടത്തുന്നുണ്ട്. 600 കോടി ഡോളർ കഴിഞ്ഞ വാരാന്ത്യം വരെ ലഭിച്ചു. ബാങ്കിങ്, ഫിനാൻഷ്യൽ സർവീസ്, ഇൻഷുറൻസ് മേഖലകളിലെ എഫ്ഐഐ നിക്ഷേപം 26 മാസത്തെ ഉയർന്ന നിലവാരത്തിലാണ്.

Top