കോവിഡ് രോഗപ്രതിരോധത്തിന് ഏറ്റവും ഫലപ്രദം ബൂസ്റ്റര്‍ ഡോസാണെന്ന് വിദഗ്ധര്‍

അബുദാബി: കോവിഡ് രോഗപ്രതിരോധത്തിന് ഏറ്റവും ഫലപ്രദമായ മാര്‍ഗം ബൂസ്റ്റര്‍ ഡോസ് വാക്‌സിനാണെന്ന് അബുദാബിയില്‍ നിന്നുള്ള രോഗപ്രതിരോധ വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. രണ്ട് ഡോസ് സിനോഫാം വാക്‌സിന്‍ എടുത്തവര്‍ ഫൈസര്‍ വാക്‌സിന്റെ ബൂസ്റ്റര്‍ ഡോസ് എടുക്കുന്നത് ഏറ്റവും ശക്തമായ പ്രതിരോധമാണ് ശരീരത്തില്‍ നല്‍കുന്നതെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

ദുബായില്‍ നടക്കുന്ന അറബ് ഹെല്‍ത്ത് അന്താരാഷ്ട്ര പ്രദര്‍ശനത്തോടനുബന്ധിച്ചുള്ള സെമിനാറിലാണ് വിദഗ്ധ അഭിപ്രായങ്ങള്‍ ഉയര്‍ന്നുവന്നത്. ബൂസ്റ്റര്‍ ഡോസായി ഫൈസര്‍ സ്വീകരിക്കുന്നവരില്‍ ഏറ്റവും ശക്തമായ ആന്റിബോഡി പ്രതിരോധമാണ് ലഭിക്കുന്നതെന്ന് അബുദാബി ശൈഖ് ഖലീഫ മെഡിക്കല്‍ സിറ്റിയിലെ പ്രമുഖ ഇമ്യൂണോളജിസ്റ്റായ ഡോ. ഗെഹാദ് എല്‍. ഗസാലി പറഞ്ഞു.

സിനോഫാം വാക്‌സിന്‍ സ്വീകരിച്ച രാജ്യങ്ങളില്‍ കോവിഡ് കേസുകള്‍ ഉയരാന്‍ തുടങ്ങിയതോടെയാണ് ആരോഗ്യ മന്ത്രാലയങ്ങള്‍ ബൂസ്റ്റര്‍ ഡോസുകള്‍ നല്‍കിത്തുടങ്ങിയത്. സിനോഫാം എടുത്തവരില്‍ ആറ് മാസത്തിനുശേഷം പ്രതിരോധശേഷി കുറയും. അതിനെ മറികടക്കാന്‍ ബൂസ്റ്റര്‍ ഡോസ് എടുക്കണം. അതേസമയം കോവിഡ് ബാധിച്ചവരില്‍ ആദ്യ മൂന്നാഴ്ചക്കുശേഷം ആന്റിബോഡി രൂപവത്കരണമുണ്ടായതായി പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്.

രണ്ടാമത്തെ ഡോസ് വാക്‌സിന്‍ എടുക്കുന്നവരിലും ഇതേ രീതിയിലാണ് ആന്റിബോഡി വികസിച്ചത്. അതേസമയം കോവിഡ് ബാധിച്ചവരില്‍ ആന്റിബോഡി രൂപവത്കരണം നടക്കുന്നുണ്ടെങ്കിലും അത് എത്രനാള്‍ ഉണ്ടാകുമെന്ന കാര്യത്തില്‍ ഉറപ്പില്ല. നിലവിലുള്ള വാക്‌സിനുകളുടെ മിശ്രണം തയ്യാറാക്കി ഉപയോഗിക്കുന്നത് കൂടുതല്‍ പ്രതിരോധശേഷി നല്‍കുമോ എന്ന കാര്യത്തില്‍ ഗവേഷണം നടക്കുന്നുണ്ട്.

ഓക്സ്ഫോര്‍ഡ് അസ്ട്രസെനിക്കയുടെ ഒരു ഡോസ് വാക്സിന്‍ നല്‍കിയശേഷം എട്ടാഴ്ചത്തെ ഇടവേള നല്‍കി, ഫൈസര്‍ വാക്സിന്‍ നല്‍കിയവരിലെ പ്രതിരോധ ശേഷി കൂടിയിട്ടുണ്ട്. അത് ഫൈസര്‍ വാക്‌സിന്റെ രണ്ട് ഡോസ് എടുത്തവരേക്കാള്‍ നാലിരട്ടി കൂടുതലാണെന്ന് ഈയിടെ നടന്ന ജര്‍മന്‍ പഠനം തെളിയിച്ചതായും ഡോ. ഗസാലി പറഞ്ഞു. ദുബായ് വേള്‍ഡ് ട്രേഡ് സെന്ററില്‍ നാല് ദിവസം നീണ്ടുനിന്ന അറബ് ആരോഗ്യമേള വ്യാഴാഴ്ച സമാപിക്കും.

 

Top