ഉത്തര കൊറിയയുടെ ആണവപരീക്ഷണങ്ങള്‍ ഭൂചലനത്തിനു കാരണമാകുന്നുവെന്ന് വിദഗ്ധര്‍

സോള്‍: ഉത്തര കൊറിയയുടെ ആണവപരീക്ഷണങ്ങള്‍ ഭൂചലനത്തിനു കാരണമാകുന്നതായി വിദഗ്ധ നിരീക്ഷണം.

തുടര്‍ച്ചയായ പരീക്ഷണങ്ങള്‍ പ്രദേശത്ത് റേഡിയോ ആക്ടീവ് വികിരണങ്ങള്‍ ഉണ്ടാക്കുന്നുണ്ടെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

ഉത്തര കൊറിയ ആണവപരീക്ഷണങ്ങള്‍ നടത്തിയിരുന്ന പുങ്യെ റീക്കു സമീപം വെള്ളിയാഴ്ച 2.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായി.

നോര്‍ത്ത് ഹാംഗ്യോങ് പ്രവിശ്യയില്‍ പ്രാദേശിക സമയം പുലര്‍ച്ചെ 1.41നായിരുന്നു ഇത്. ഉത്തര കൊറിയ വീണ്ടും ആണവ പരീക്ഷണം നടത്തിയെന്നാണ് ആദ്യം കരുതിയതെങ്കിലും സ്വാഭാവിക ഭൂചലനമാണെന്നു പിന്നീടു കണ്ടെത്തി.

ഉത്തര കൊറിയയുടെ നോര്‍ത്ത് ഹാംഗ്യോങ് പ്രവിശ്യയിലെ കില്‍ജു കൗണ്ടിയിലെ മലയോര പ്രദേശത്താണ് പുങ്യെ റീ പരീക്ഷണശാല.

2006, 2009, 2013, ജനുവരി 2016, സെപ്റ്റംബര്‍ 2016, 2017 എന്നീ വര്‍ഷങ്ങളില്‍ ആണവ പരീക്ഷണം നടന്നിട്ടുള്ളത് ഇവിടെയാണ്. ഇതിനു സമീപമാണ് ഇപ്പോള്‍ ഭൂചലനം രേഖപ്പെടുത്തിയത്. നേരത്തേ ഈ മേഖലയില്‍ ഭൂചലനങ്ങള്‍ അധികം ഉണ്ടായിട്ടില്ല. അതാണ് ആണവ പരീക്ഷണത്തിന് പുങ്യെ റീ തിരഞ്ഞെടുക്കാന്‍ കാരണമായതും.

അതേസമയം, മേഖലയില്‍ ഇനിയും പരീക്ഷണങ്ങള്‍ നടത്തുന്നത് രാജ്യത്തിന്റെ സുരക്ഷയ്ക്കു തന്നെ ഭീഷണിയായേക്കാമെന്നു ദക്ഷിണ കൊറിയ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.

മലയോര പ്രദേശമായ ഇവിടുത്തെ പരിസ്ഥിതിയിലും കാര്യമായ മാറ്റങ്ങള്‍ വന്നിട്ടുണ്ട്. ഹൈഡ്രജന്‍ ബോംബ് പരീക്ഷണത്തിനുശേഷം മണ്ണിടിച്ചില്‍ സ്ഥിരമാണെന്ന് ഉപഗ്രഹചിത്രങ്ങള്‍ വ്യക്തമാക്കുന്നു.

സെപ്റ്റംബര്‍ മൂന്നിനാണ് ഇതുവരെ നടത്തിയതിലും വച്ച് ഏറ്റവും വലിയ ഹൈഡ്രജന്‍ ബോംബ് പരീക്ഷണം ഉത്തര കൊറിയ നടത്തിയത്. ഇതേത്തുടര്‍ന്ന് 6.3 തീവ്രതയുള്ള ഭൂചലനം രേഖപ്പെടുത്തിയിരുന്നു.

രണ്ടാം ലോകമഹായുദ്ധത്തിന്റെ അവസാന നാളുകളില്‍ ജപ്പാനിലെ ഹിരോഷിമയില്‍ യുഎസ് വര്‍ഷിച്ച ‘ലിറ്റില്‍ ബോയ്’ അണുബോംബിന്റെ (15 കിലോ ടണ്‍) എട്ടിരട്ടി (120 കിലോ ടണ്‍) സംഹാരശേഷിയുള്ള ഹൈഡ്രജന്‍ ബോംബാണ് ഉത്തര കൊറിയ സെപ്റ്റംബറില്‍ പരീക്ഷിച്ചത്. ഇതേത്തുടര്‍ന്ന് വിവിധ ഭൂകമ്പമാപിനികളില്‍ 6.3 തീവ്രതയാണ് രേഖപ്പെടുത്തിയത്.

Top