യമന്‍ തീരത്ത് നങ്കൂരമിടുന്നത് ഏതു നിമിഷവും പൊട്ടിത്തെറിക്കാവുന്ന ഒഴുകി നീങ്ങുന്ന ടൈം ബോംബ്

യമന്‍: ആഭ്യന്തരകലാപം ശക്തമായിരിക്കുന്ന യമന്‍ തീരത്ത് ലക്ഷക്കണക്കിനു ബാരല്‍ എണ്ണ നിറച്ച, ഏതു നിമിഷവും പൊട്ടിത്തെറിക്കാവുന്ന ഒരു കപ്പല്‍ നങ്കൂരമിട്ടിരിക്കുന്നു. ഒഴുകി നീങ്ങുന്ന ടൈം ബോംബ് എന്നാണ് റാസ് ഇസ തുറമുഖത്തോടു ചേര്‍ന്നുള്ള ഈ കപ്പലിനെ ഐക്യരാഷ്ട്ര സംഘടന (യുഎന്‍) വിശേഷിപ്പിച്ചിരിക്കുന്നത്.

അടിയന്തര ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ ഏതു നിമിഷവും പൊട്ടിത്തെറിക്കാവുന്ന ഈ ബോംബ് സൃഷ്ടിക്കുന്നത് ഏറ്റവും ഭീകരമായ പാരിസ്ഥിതിക ദുരന്തമായിരിക്കും. ഇപ്പോള്‍ തന്നെ അല്‍പാല്‍പമായി എണ്ണ കടലിലേക്ക് ഒലിച്ചിറങ്ങുകയാണെന്ന് യമന്‍ യുഎന്നിനെ അറിയിച്ചിട്ടുണ്ട്. കടലില്‍ പടരുന്ന എണ്ണയ്ക്കു തീപിടിച്ചാല്‍ രാജ്യാന്തര കപ്പല്‍ ഗതാഗതത്തെ വരെ ഗുരുതരമായി ബാധിക്കും. കപ്പല്‍ പരിശോധിക്കാനുള്ള അനുമതി യമനിലെ ഹൂതി വിമതര്‍ യുഎന്നിന്റെ സാങ്കേതിക വിദഗ്ധ സംഘത്തിനു പലവട്ടം നിഷേധിക്കുക കൂടി ചെയ്തതോടെ പ്രശ്‌നം കൂടുതല്‍ രൂക്ഷമാവുകയാണ്.

വടക്കുപടിഞ്ഞാറന്‍ യമനിലെ സുപ്രധാന തുറമുഖമായ റാസ് ഇസയില്‍ നിന്ന് 70 കിമീ മാറിയാണ് കപ്പലുള്ളത്. 2015 മുതല്‍ ഇവിടെയാണ് കപ്പലിന്റെ സ്ഥാനം. യമന്‍ ഓയില്‍ കമ്പനിയുടെ ഉടമസ്ഥതയിലുള്ള ഈ കപ്പല്‍ ഗതാഗതത്തിന് ഉപയോഗിക്കാറില്ല. യമനിലെ മരിബ് എണ്ണപ്പാടത്തില്‍ നിന്നുള്ള എണ്ണ പൈപ് ലൈന്‍ വഴി കടലിലെ എക്‌സ്‌പോര്‍ട്ട് ടെര്‍മിനലിലേക്ക് എത്തിക്കുന്നതിനായി തുറമുഖത്തുനിന്ന് അല്‍പം മാറി കപ്പല്‍ നങ്കൂരമിട്ടു കിടക്കും. ടെര്‍മിനലില്‍ നിന്ന് എണ്ണ ബാരലുകള്‍ ഓയില്‍കമ്പനിയുടെ കപ്പലിലേക്കു മാറ്റും. അതില്‍ നിന്നാണു മറ്റു രാജ്യങ്ങളിലെ കപ്പലുകളിലേക്ക് കയറ്റുമതിക്കായി കൈമാറുക.

പല വലുപ്പത്തിലുള്ള ഏകദേശം 34 ക്രൂഡ് ഓയില്‍ ടാങ്കറുകളിലായി ഏകദേശം 30 ലക്ഷം ബാരല്‍ എണ്ണ ഉള്‍ക്കൊള്ളിക്കാനാകും. എന്നാല്‍ ഇത്രയും എണ്ണ ഇപ്പോള്‍ കപ്പലില്‍ ഇല്ലെന്നാണ് കരുതുന്നത്. അപ്പോഴും ആശങ്കയ്ക്കു വക നല്‍കി 14 ലക്ഷത്തോളം ബാരല്‍ എണ്ണ കപ്പലിലെ പടുകൂറ്റന്‍ ടാങ്കറിലുണ്ട്.

റാസ് ഇസ തുറമുഖം ഹൂതികള്‍ പിടിച്ചെടുത്തതോടെ 2015 മാര്‍ച്ച് മുതല്‍ കപ്പലില്‍ നിന്നുള്ള എണ്ണകൈമാറ്റം പൂര്‍ണമായും നിലച്ചു. ആവശ്യത്തിനു ഡീസല്‍ ലഭിക്കാത്തതിനാല്‍ ഇതേവരെ കപ്പലിന്റെ എന്‍ജിനും ചലിപ്പിക്കാനായിട്ടില്ല. യുദ്ധങ്ങളും കലാപങ്ങളും കാരണം പരിസ്ഥിതിക്കുണ്ടാകുന്ന ദോഷങ്ങളെപ്പറ്റി പഠിക്കുന്ന കോണ്‍ഫ്‌ലിക്ട് ആന്‍ഡ് എന്‍വയോണ്‍മെന്റല്‍ ഒബ്‌സര്‍വേറ്ററി കൂട്ടായ്മ പ്രതിനിധി ഡഗ് വെയറാണ് കഴിഞ്ഞ വര്‍ഷം ഈ പ്രശ്‌നം യുഎന്നിനു മുന്നില്‍ ആദ്യമായി അവതരിപ്പിച്ചത്. പിന്നാലെ യുഎന്‍ സുരക്ഷാകൗണ്‍സില്‍ വിഷയം ചര്‍ച്ചയ്‌ക്കെടുത്തു.

എന്നാല്‍ കപ്പലിലെ ഏകദേശം 544 കോടി രൂപ വരുന്ന എണ്ണ ഹൂതികള്‍ക്ക് കയറ്റുമതിക്കുള്ള അനുമതിയില്ല. കപ്പലിലെ എണ്ണ വിറ്റു കിട്ടുന്നതില്‍നിന്ന് ഒരു വലിയ വിഹിതം തങ്ങള്‍ക്കു നല്‍കണമെന്നാണ് ഹൂതികളുടെ ആവശ്യം. ആയുധ സംഭരണത്തിനും മറ്റുമായി ഹൂതികള്‍ ആ പണം ഉപയോഗപ്പെടുത്തുമെന്നതിനാല്‍ യുഎന്നിന് അത്തരമൊരു ഉറപ്പ് നല്‍കാനുമാകില്ല. ഇക്കാര്യത്തില്‍ തീരുമാനം വൈകിയാല്‍ കപ്പല്‍ കെട്ടിവലിച്ചു കൂടുതല്‍ ദൂരത്തിലേക്കു കൊണ്ടുപോകുമെന്നും ഹൂതികളുടെ ഭീഷണിയുണ്ട്.

യമനിലെ സര്‍ക്കാരും ഹൂതികളും തമ്മിലുള്ള കരാറിന്റെ ലംഘനം കൂടിയാണ് ഈ കപ്പലിന്മേല്‍ നടക്കുന്നതെന്നും യുഎന്‍ ആരോപിക്കുന്നു. കഴിഞ്ഞ വര്‍ഷം സ്റ്റോക്കോമില്‍ ഇരുവിഭാഗവും ഒപ്പിട്ട കരാര്‍ പ്രകാരം ചെങ്കടല്‍ തീരത്തെ പല തുറമുഖങ്ങളും തീരസംരക്ഷണ സേനയ്ക്ക് വിട്ടുനല്‍കുമെന്ന് ഹൂതികള്‍ സമ്മതമറിയിച്ചിരുന്നു. അതില്‍ ഉള്‍പ്പെട്ട തുറമുഖത്തിനു സമീപമാണ് കപ്പല്‍ നങ്കൂരമിട്ടിരിക്കുന്നത്.

എത്രമാത്രം അപകടകരമാണ് കപ്പലിന്റെ സ്ഥാനം എന്നതു സംബന്ധിച്ച് കഴിഞ്ഞയാഴ്ച യെമന്‍ സര്‍ക്കാര്‍ ട്വിറ്ററില്‍ ആനിമേഷന്‍ വിഡിയോ പുറത്തുവിട്ടിരുന്നു.’കപ്പല്‍ സംബന്ധിച്ചു കരാര്‍ വരെ തയാറാക്കിയതാണ്. എന്നാല്‍ അതിന്മേല്‍ ഇപ്പോഴും തര്‍ക്കം തുടരുകയാണ്. യുഎന്‍ സംഘത്തിന് കപ്പല്‍ പരിശോധിക്കാനായില്ലെങ്കില്‍ ഈ പ്രശ്‌നം പരിഹരിക്കാന്‍ സാധിക്കില്ലെന്നത് ഉറപ്പാണ്. 30 വര്‍ഷം മുന്‍പുണ്ടായ എക്‌സോണ്‍ വാല്‍ഡസ് കപ്പലപകടത്തെത്തുടര്‍ന്ന് 2.6 ലക്ഷം ബാരല്‍ എണ്ണയാണ് കടലിലേക്ക് ഒഴുകിയത്. റാസ് ഇസ തുറമുഖത്തോടു ചേര്‍ന്നുള്ള കപ്പലില്‍ നിന്നു പുറന്തള്ളപ്പെട്ടേക്കാവുന്ന എണ്ണയുടെ അളവ് ഇതിലും നാലിരട്ടിയോളം വരും…’ വിഡിയോ സന്ദേശത്തില്‍ യമന്‍ വ്യക്തമാക്കുന്നു.

Top