വിദഗ്ധ ചികിത്സ: ലാലു പ്രസാദ് യാദവിനെ ഡല്‍ഹി എയിംസിലേക്ക് മാറ്റി

പട്‌ന: വീണ് തോളെല്ലിന് പരിക്കേറ്റ ബിഹാർ മുൻ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവിനെ ഡൽഹിയിലേക്ക് മാറ്റി. വിദഗ്ധ ചികിത്സയ്ക്കായി അദ്ദേഹത്തെ ഇന്നു രാത്രി തന്നെ ഡൽഹി എയിംസിൽ പ്രവേശിപ്പിക്കും. എയർ ആംബുലൻസിലാണ് പട്‌നയിലെ പരസ് ആശുപത്രിയിൽ നിന്ന് അദ്ദേഹം ഡൽഹിയിലേക്ക് മാറ്റിയത്.

മകളും രാജ്യസഭ എംപിയുമായ മിസ ഭാരതിയും ഒരുസംഘം ഡോക്ടർമാരും അദ്ദേഹത്തിനൊപ്പമുണ്ട്. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ലാലു പ്രസാദ് യാദവിനെ സന്ദർശിച്ചിരുന്നു.

‘ലാലു ഞങ്ങളുടെ പഴയ സുഹൃത്താണ്. അദ്ദേഹത്തിന്റെ ചികിത്സയ്ക്കായുള്ള മുഴുവൻ ചിലവും സർക്കാർ വഹിക്കും. അദ്ദേഹത്തിന് വേഗം സുഖംപ്രാപിക്കാനായി പ്രാർത്ഥിക്കുന്നു’- നിതീഷ് കുമാർ പറഞ്ഞു.

നിരവധി രോഗങ്ങളാൽ ലാലു ക്ഷീണിതനാണെന്നും അദ്ദേഹത്തെ ചിലപ്പോൾ മികച്ച ചികിത്സയ്ക്ക് വേണ്ടി സിംഗപ്പൂരിലേക്ക് കൊണ്ടുപോകുമെന്നും മകനു ആർജെഡി നേതാവുമായ തേജസ്വി യാദവ് പറഞ്ഞു.

തേജസ്വിയും ഡൽഹിയിലേക്ക് തിരിച്ചിട്ടുണ്ട്. ലാലുവിന്റെ ആരോഗ്യ വിവരങ്ങൾ തിരക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി, കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നഡ്ഡ തുടങ്ങിയ ദേശീയ നേതാക്കൾ തേജസ്വിയുമായി ടെലഫോണിൽ സംസാരിച്ചിരുന്നു. വീട്ടിലെ കോണിപ്പടിയിൽ നിന്ന് വീണ ലാലുവിന്റെ തോളെല്ലിനും കാലിനുമാണ് പരിക്കേറ്റത്.

Top