ബഫർസോൺ; വിദഗ്ധ സമിതി റിപ്പോർട്ട് ഇന്ന് മുഖ്യമന്ത്രിക്ക് കൈമാറും

തിരുവനന്തപുരം: ബഫർസോണിലെ വിദഗ്ധ സമിതി റിപ്പോർട്ട് ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറും. നേരിട്ടുള്ള സ്ഥല പരിശോധനയ്ക്ക് ശേഷമാണ് ജസ്റ്റിസ് തോട്ടത്തിൽ രാധാകൃഷ്ണൻ അധ്യക്ഷനായ വിദഗ്ധ സമിതി സർക്കാരിന് റിപ്പോർട്ട് നൽകുന്നത്. ഉപഗ്രഹ സർവ്വേയിൽ കണ്ടെത്തിയതിനെക്കാൾ 20,000 നിർമ്മിതികൾ പുതിയ റിപ്പോർട്ടിൽ ഉണ്ട്.

രാവിലെ 11 മണിക്ക് വിദഗ്ധ സമിതി കൺവീനർ കൂടിയായ അഡീഷണൽ ചീഫ് സെക്രട്ടറി കെ ആർ ജ്യോതിലാൽ വനമന്ത്രിയുടെ സാന്നിധ്യത്തിൽ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് നൽകും. സുപ്രിം കോടതി നിർദ്ദേശപ്രകാരമാണ് സംരക്ഷിത വനമേഖലയ്ക്ക് ചുറ്റുമുള്ള ഒരു കിലോമീറ്റർ ബഫർ സോണിലെ നിർമ്മിതികളുടെ കണക്ക് സർക്കാർ തയ്യാറാക്കിയത്.

മുഖ്യമന്ത്രിക്ക് നൽകുന്ന റിപ്പോർട്ട് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ വിശദമായി പരിശോധിക്കും. അഡ്വക്കേറ്റ് ജനറലിന്റെ ഉപദേശം കൂടി തേടിയ ശേഷമാകും സുപ്രിംകോടതിയിൽ റിപ്പോർട്ട് സമർപ്പിക്കുക.

Top