കേസ് റദ്ദാക്കാന്‍ പോയാല്‍ തിരിച്ചടിക്കുമെന്ന് ഭയം, മുന്‍കൂര്‍ ജാമ്യത്തിന് വിദഗ്ധ ഉപദേശം !

കൊച്ചി: സോളാര്‍ സംഭവത്തില്‍ ജുഡീഷ്യല്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് മുന്‍ നിര്‍ത്തി ഉമ്മന്‍ ചാണ്ടിയുള്‍പ്പെടെയുള്ളവര്‍ക്കെതിരെയെടുക്കുന്ന കേസ് നേരിടാന്‍ ഹൈക്കോടതിയെ സമീപിച്ചേക്കും.

യു.ഡി.എഫ് ഉന്നത നേതാക്കള്‍ ഇതു സംബന്ധിച്ച് പ്രാഥമികമായി ആശയവിനിമയം നടത്തിയപ്പോള്‍ ഹൈക്കോടതിയെ സമീപിക്കണമെന്ന അഭിപ്രായമാണ് നേതാക്കള്‍ക്കിടയില്‍ ഉയര്‍ന്നത്.

റിപ്പോര്‍ട്ട് നിയമസഭയില്‍ വച്ചതിന് ശേഷം ഹൈക്കോടതിയെ സമീപിക്കണമോ അതോ കേസ് രജിസ്റ്റര്‍ ചെയ്ത ഉടന്‍ ഹര്‍ജി നല്‍കണമോ എന്ന കാര്യം നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ തീരുമാനിക്കും.

അതേ സമയം കേസ് റദ്ദാക്കാന്‍ വേണ്ടി നല്‍കുന്ന ഹര്‍ജി നിരവധി തവണ നടന്‍ ദിലീപിന്റെ ജാമ്യഹര്‍ജി തള്ളിയ ജസ്റ്റിസ് സുനില്‍ തോമസിന്റെ അടുത്താണ് വരിക എന്നത് കോണ്‍ഗ്രസ്സ് നേതാക്കളുടെ ചങ്കിടിപ്പിക്കുന്നുണ്ട്.

മുന്‍കൂര്‍ ജാമ്യമാണെങ്കില്‍ ജസ്റ്റിസ് ഉബൈദിന്റെ ബഞ്ചിലാണ് വരിക.

ഈ സാഹചര്യത്തില്‍ അറസ്റ്റിന് നീക്കം നടന്നാല്‍ മുന്‍കൂര്‍ ജാമ്യത്തിന് സമീപിക്കുന്നതാകും ഉചിതമെന്ന നിലപാടിലാണ് മുതിര്‍ന്ന നേതാക്കള്‍.

മുന്‍ സര്‍ക്കാര്‍ അഭിഭാഷകര്‍ ഉള്‍പ്പെടെയുള്ളവരും ഇതേ നിലപാടാണ് മുന്നോട്ട് വച്ചിട്ടുള്ളതെന്നാണ് ലഭിക്കുന്ന വിവരം.

Top