പരീക്ഷണത്തിലുള്ള വാക്‌സിനുകള്‍ ഫലപ്രദമാണോയെന്ന് ഉറപ്പ് നല്‍കാനാകില്ല; ലോകാരോഗ്യ സംഘടന

ജനീവ: ലോകത്ത് പലയിടങ്ങളിലായി വികസിപ്പിച്ചു കൊണ്ടിരിക്കുന്ന കൊവിഡ് വാക്‌സിനുകള്‍ ഫലപ്രദമാണോ എന്ന കാര്യത്തില്‍ യാതൊരു വിധത്തിലുള്ള ഉറപ്പും നല്‍കാന്‍ കഴിയില്ലെന്ന് ലോകാരോഗ്യസംഘടന മേധാവി ടെഡ്രോസ് അഥനോം ഗബ്രിയേസിസ്. കൂടുതല്‍ പരീക്ഷണങ്ങള്‍ നടത്തി വരികയാണ്. സുരക്ഷിതവും ഫലപ്രദവുമായി വാക്‌സിന്‍ ലഭിക്കാനുള്ള സാധ്യത വളരെ വലുതാണെന്നും ടെഡ്രോസ് കൂട്ടിച്ചേര്‍ത്തു.

ഏകദേശം 200 ലധികം വാക്‌സിനുകളാണ് നിലവില്‍ ക്ലിനിക്കല്‍, പ്രീ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുന്നത്. വാക്‌സിന്‍ പരീക്ഷണ ചരിത്രത്തില്‍ ചിലത് പരാജയപ്പെടാനും ചിലത് വിജയിക്കാനും സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ലോകത്തെ എല്ലാ രാജ്യങ്ങളിലും കൊവിഡ് വാക്‌സിന്‍ എത്തിക്കുക എന്നതാണ് ലക്ഷ്യം. മഹാമാരിയെ നിയന്ത്രണത്തിലാക്കാനും ജീവന്‍ രക്ഷിക്കാനും അതുവഴി സാമ്പത്തികരംഗത്തെ വീണ്ടെടുക്കല്‍ സാധ്യമാക്കാനുമുള്ള പ്രവര്‍ത്തനങ്ങളാണ് പുരോഗമിക്കുന്നത്.

Top