പരീക്ഷണം വിജയം; ക്രിക്കറ്റില്‍ സ്റ്റോപ്പ് ക്ലോക്ക് ഇനി സ്ഥിരം

നിശ്ചിത ഓവര്‍ ക്രിക്കറ്റ് മത്സരത്തില്‍, ഓവറുകള്‍ക്കിടയിലെ സമയദൈര്‍ഘ്യം കുറയ്ക്കാനും സമയനിഷ്ഠ പാലിക്കാനുമായി സ്റ്റോപ് ക്ലോക്ക് സമ്പ്രദായം നിര്‍ബന്ധമാക്കാന്‍ ഐസിസി തീരുമാനിച്ചു. വരുന്ന ടി 20 ലോകകപ്പോടെ ഈ സമ്പ്രദായം സ്ഥിരമാകും.

തുടര്‍ന്നങ്ങോട്ട് എല്ലാ പരിമിത ഓവര്‍ (ടി 20, ഏകദിനം) മത്സരങ്ങളിലും ഈ നിയമം നടപ്പാക്കാന്‍ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ഐ.സി.സി.) തീരുമാനിച്ചു. ഒരോവര്‍ ബൗള്‍ചെയ്തു കഴിഞ്ഞ് 60 സെക്കന്‍ഡിനകം അടുത്ത ഓവര്‍ തുടങ്ങിയിരിക്കണം എന്നാണ് നിയമം. ഇത് പാലിക്കാത്ത ടീമിന് രണ്ട് തവണ മുന്നറിയിപ്പ് നല്‍കും. ആവര്‍ത്തിച്ചാല്‍ ഓരോ തവണയും പിഴയായി ബാറ്റിങ് ടീമിന് അഞ്ചുറണ്‍സ് വീതം അനുവദിക്കും.

കഴിഞ്ഞ ഡിസംബറിലാണ് സ്റ്റോപ് ക്ലോക്ക് നടപ്പാക്കാന്‍ തീരുമാനിച്ചത്. ഇപ്പോള്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കുന്നുണ്ട്. ഇത് വന്‍ വിജയമാണെന്ന് വെള്ളിയാഴ്ച ചേര്‍ന്ന ഐ.സി.സി. കമ്മിറ്റി വിലയിരുത്തി. ഒരു ഏകദിന മത്സരത്തിന്റെ സമയം ശരാശരി 20 മിനിറ്റ് കുറഞ്ഞുവെന്നും വിലയിരുത്തലുണ്ടായി.ഓവറിലെ അവസാന പന്തില്‍ വിക്കറ്റ് വീഴുകയോ ഡ്രിങ്കിനായി പിരിയുകയോ പരിക്കേല്‍ക്കുകയോ ചെയ്താല്‍ സ്റ്റോപ് ക്ലോക്ക് നിയമം ബാധകമാകില്ല.

Top