Expelled AIADMK MP Opposes Sasikala Becoming CM

ചെന്നൈ: ജയലളിതയുടെ തോഴി വി.കെ ശശികല തമിഴ്‌നാട് മുഖ്യമന്ത്രിയാക്കുന്നതിനെതിരെ എ.ഐ.എ.ഡി.എം.കെ യില്‍ നിന്ന്‌ പുറത്തായ രാജ്യസഭ എം.പി ശശികല പുഷ്പ രംഗത്ത്.

ശശികലക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്ന് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും തമിഴ്‌നാട് ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവുവിനും കത്തയച്ചു.

ശശികലയെ മുഖ്യമന്ത്രിയായി നിര്‍ദ്ദേശിച്ചത് തെറ്റാണെന്നും അവര്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്നും ഇപ്പോഴും അവര്‍ക്കെതിരായ കേസുകളില്‍ വിധി വന്നിട്ടില്ലെന്നും ശശികല പുഷ്പ കത്തില്‍ ആരോപിക്കുന്നു.

ജയലളിതക്കും ശശികലക്കുമെതിരെയുള്ള അനധികൃത സ്വത്ത് സമ്പാദന കേസാണ് എം.പി ചൂണ്ടിക്കാട്ടിയത്. കേസില്‍ ശശികല കുറ്റവാളിയാണെന്ന് ബംഗളൂരു വിചാരണ കോടതി കണ്ടെത്തിയിരുന്നു.

കര്‍ണാടക ഹൈകോടതി ഇവരെ കുറ്റവിമുക്തരാക്കിയിരുന്നെങ്കിലും അതിനെതിരായ ഹര്‍ജി ഇപ്പോഴും സുപ്രീം കോടതിയുടെ പരിഗണനയിലാണ്.

ജയലളിത ആശുപത്രിയിലായപ്പോള്‍ ശശികലയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തി കാട്ടിയിരുന്നില്ല. ശശികല മുഖ്യമന്ത്രിയായാല്‍ ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്നും പുഷ്പ പറയുന്നു.

ശശികലയെ മുഖ്യമന്ത്രിയായി നിര്‍ദ്ദേശിക്കരുതെന്ന് പ്രധാനമന്ത്രിയോടും ഗവര്‍ണറോടും ശശികല പുഷ്പ കത്തില്‍ ആവശ്യപ്പെടുന്നുമുണ്ട്.

എ.ഐ.എ.ഡി.എം.കെ ജനറല്‍ സെക്രട്ടറിയായി ശശികലയെ നിയമിച്ചത് നടപടിക്രമങ്ങള്‍ പാലിക്കാതെ ആണെന്ന് ആരോപിച്ച് നേരത്തെ, പുഷ്പ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു. അതിനെ തുടര്‍ന്ന് കമ്മീഷന്‍ പാര്‍ട്ടിയോട് വിശദീകരണം തേടിയിരുന്നു.

Top