പ്രതീക്ഷ തെറ്റി; ദീപാവലിയോടനുബന്ധിച്ച സ്മാര്‍ട്ട് ഫോണ്‍ വിലക്കിഴിവ് തുടരും

മുംബൈ: ദീപാവലിയോടനുബന്ധിച്ചു സ്മാര്‍ട്ട് ഫോണ്‍ കമ്പനികള്‍ പ്രഖ്യപിച്ച വിലക്കിഴിവ് ഓഫറുകള്‍ ഇനിയും തുടരും.

കമ്പനികള്‍ പ്രതീക്ഷിച്ച രീതിയിലുള്ള വില്പന വിപണിയില്‍ നടക്കാത്തതിനെ തുടര്‍ന്നാണ് വിലക്കിഴിവ് തുടരാന്‍ തീരുമാനം.

വില്പന മുന്നില്‍കണ്ട് വന്‍തോതില്‍ ഫോണുകള്‍ നിര്‍മിച്ചിരുന്നു. കെട്ടിക്കിടക്കുന്ന സ്റ്റോക്ക് വിറ്റഴിക്കുന്നതിനായാണ് ഫോണുകളുടെ വിലക്കിഴിവ് കാലാവധി നീട്ടിയത്.

ഇത്തവണ ഉത്സവ ഓഫറുകള്‍ സെപ്റ്റംബര്‍ 21 മുതല്‍ ഒക്ടോബര്‍ 19വരെയാണ് പ്രഖ്യാപിച്ചിരുന്നത്.

ദീര്‍ഘകാല ഓഫര്‍ വില്പനയില്‍ ഫോണുകള്‍ വന്‍തോതില്‍ വിറ്റുപോകുമെന്ന് വിലയിരുത്തിയാണ് കമ്പനികള്‍ കൂടുതല്‍ ഹാന്‍ഡ്‌സെറ്റുകള്‍ നിര്‍മിച്ചത്.

സാമ്പത്തിക വര്‍ഷത്തില്‍ 25 ശതമാനം മുതല്‍ 30ശതമാനംവരെ ഹാന്‍ഡ്‌സെറ്റുകള്‍ വിറ്റുപോകുന്നത് ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള മാസങ്ങളിലാണ്.

Top