പുല്‍വാമ ഭീകരാക്രമണത്തിന് സമാനമായ മറ്റൊരു ആക്രമണം ഇന്ത്യയിലുണ്ടാകാനിടയുണ്ടെന്ന് രാജ് താക്കറെ

മുംബൈ: ലോക്‌സഭ തെരഞ്ഞെടുപ്പിന് മുമ്പ് പുല്‍വാമ ഭീകരാക്രമണത്തിന് സമാനമായ മറ്റൊരു ആക്രമണം ഇന്ത്യയിലുണ്ടാകാനിടയുണ്ടെന്ന് മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന നേതാവ് രാജ് താക്കറെ. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വിജയം നേടുന്നതിന് വേണ്ടിയാകും അതെന്നും രാജ് താക്കറെ പറഞ്ഞു.

റഫാല്‍ വിമാനം ഉണ്ടായിരുന്നെങ്കില്‍ ഇതിനെക്കാള്‍ മികച്ച രീതിയില്‍ ഇന്ത്യക്ക് തിരിച്ചടി നല്‍കാനാകുമായിരുന്നുവെന്ന് പറഞ്ഞ് മോദി ജവാന്മാരെ അപമാനിച്ചു. പുല്‍വാമയില്‍ 40 ജവാന്മാരാണ് രക്തസാക്ഷികളായത്. എന്നിട്ടും നമ്മള്‍ ചോദ്യങ്ങള്‍ ചോദിക്കാന്‍ പാടില്ലെന്നാണോ പറയുന്നത്.

ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവല്‍ ബാങ്കോക്കില്‍ വച്ച് പാകിസ്ഥാനിലെ ഇതേ ചുമതല വഹിക്കുന്നയാളെ നേരത്തെ കണ്ടിരുന്നു. ആ ചര്‍ച്ചയില്‍ എന്താണ് സംഭവിച്ചതെന്ന് ആരാണ് പറയുകയെന്നും താക്കറെ ചോദിച്ചു.

വ്യോമാക്രമണത്തില്‍ പങ്കെടുത്ത പൈലറ്റുകളില്‍ ഒരാളാണോ അമിത് ഷായെന്നും അദ്ദേഹം ചോദിച്ചു. പുല്‍വാമ ഭീകരാക്രമണത്തിന്റെ പൂര്‍ണ ഉത്തരവാദിത്വം ദേശീയ സുരക്ഷ ഏജന്‍സിക്കാണ്. മോദി സര്‍ക്കാര്‍ നല്‍കിയ തെറ്റായ വിവരങ്ങള്‍ മൂലം ഇന്ത്യന്‍ എയര്‍ഫോഴ്‌സിന് ബാലകോട്ടില്‍ ലക്ഷ്യം തെറ്റിയെന്നും അദ്ദേഹം ആരോപിച്ചു.

ബാലകോട്ട് ആക്രമണത്തില്‍ ഏതെങ്കിലും തീവ്രവാദികള്‍ കൊല്ലപ്പെട്ടിരുന്നെങ്കില്‍ വിംഗ് കമാന്റര്‍ അഭിനന്ദന്‍ വര്‍ദ്ധമാനെ തിരികെ വിടാന്‍ പാകിസ്ഥാന്‍ തയാറാകുമായിരുന്നില്ല. നുണകള്‍ പറയുന്നതിന് ഒരു പരിധിയുണ്ട്. തെരഞ്ഞെടുപ്പില്‍ വിജയിക്കുന്നതിനായാണ് ഈ നുണകള്‍ പറയുന്നത്.

2015 ഡിസംബര്‍ 25ന് അന്നത്തെ പാക് പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ ജന്മദിനത്തില്‍ മോദി അദ്ദേഹത്തെ കണ്ടിരുന്നു. ഏഴ് ദിവസങ്ങള്‍ക്കുള്ളില്‍ പഠാന്‍കോട്ടില്‍ ഭീകരാക്രമണമുണ്ടായി. ആ സമയത്ത് മൂന്ന് മാസത്തിനുള്ളില്‍ നാല് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയായിരുന്നുവെന്നും രാജ് താക്കറെ ചൂണ്ടിക്കാട്ടി.

Top