പ്രവാസികള്‍ നേരിടുന്ന പ്രതിസന്ധി; ജി.സി.സി നേതാക്കളുമായി ചര്‍ച്ച നടത്തി മുസ്ലിം ലീഗ് നേതാക്കള്‍

മലപ്പുറം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രവാസികളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം തേടി ജി.സി.സി നേതാക്കളുമായി ആശയ വിനിമയം നടത്തി മുസ്ലിം ലീഗ് നേതാക്കള്‍. വീഡിയോ കോണ്‍ഫറന്‍സ് വഴി നടത്തിയ ചര്‍ച്ചയില്‍ നേതാക്കള്‍ ഗള്‍ഫ് നാടുകളിലെ സ്ഥിതികള്‍ വിലയിരുത്തി.

പാണക്കാട് സയ്യിദ് ഹൈദരലി തങ്ങളുടെ നേതൃത്വത്തിലാണ് ചര്‍ച്ച നടത്തിയത്.
ചികിത്സാരംഗത്ത് നേരിടുന്ന പ്രതിസന്ധിയാണ് ഏറെ പ്രയാസം സൃഷ്ടിക്കുന്നതെന്ന് ജി.സി.സി നേതാക്കള്‍ പങ്ക് വെച്ചു. മാത്രമല്ല രോഗം സ്ഥിരീകരിച്ചവരെ ചികിത്സിക്കുന്നതിനുള്ള ഐസൊലേഷനും പര്യാപ്തമല്ല.

ഒന്നിലധികം ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന മുറികളായതിനാല്‍ പ്രവാസികളെ സംബന്ധിച്ച് വലിയ ആശങ്കയുണ്ടാക്കുന്നതാണ്. നാട്ടിലെത്താന്‍ താല്പര്യപെടുന്നവര്‍ക്ക് അതിനുള്ള സൗകര്യമൊരുക്കണം. നാട്ടിലെത്തിക്കാന്‍ വിമാനകമ്പനികള്‍ തയാറാണെങ്കിലും സര്‍ക്കാര്‍ അനുമതിയാണ് ആവശ്യമായിരിക്കുന്നത്. ഇക്കാര്യത്തില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളില്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നും ജി.സി.സി നേതാക്കള്‍ പറഞ്ഞു.

അതേസമയം,പ്രവാസികളുടെ പ്രശ്‌നങ്ങളും ആശങ്കകളും നിരന്തരം കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളെ ധരിപ്പിക്കുന്നുണ്ടെന്നും വേണ്ട നടപടികളെടുക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ടന്നും വേഗത്തില്‍ നടപടിയെടുക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും പി.കെ കുഞ്ഞാലിക്കുട്ടി എം.പി അറിയിച്ചു. യു.എ.ഇ, സൗദി അറേബ്യ, കുവൈത്ത്, ഖത്തര്‍, ബഹറൈന്‍ എന്നീ രാജ്യങ്ങളിലെ കെ.എം.സി.സി നേതാക്കളാണ് കോണ്‍ഫറന്‍സില്‍ പങ്കെടുത്തത്.

Top