പ്രവാസികളുടെ മടക്കം; രണ്ടു വിമാനങ്ങള്‍ യു.എ.ഇയിലേക്കു പുറപ്പെട്ടു

കൊച്ചി/കോഴിക്കോട്: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് പ്രഖ്യാപിച്ച ലോക്ഡൗണില്‍ വിദേശത്ത് കുടുങ്ങിപ്പോയ പ്രവാസികളെ തിരിച്ചെത്തിക്കുന്നതിനായി രണ്ടു വിമാനങ്ങള്‍ യു.എ.ഇയിലേക്കു പുറപ്പെട്ടു.

നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നാണു ആദ്യ വിമാനം പുറപ്പെട്ടത്. രണ്ടാമത്തെ വിമാനം കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നുമാണ് പുറപ്പെട്ടത്.

നെടുമ്പാശേരിയില്‍ നിന്ന് പന്ത്രണ്ടരയോടെ ടെയ്ക്ക് ഓഫ് ചെയ്ത എയര്‍ ഇന്ത്യ വിമാനം രാത്രി 9.40ന് പ്രവാസികളുടെ ആദ്യ സംഘവുമായി തിരിച്ചെത്തും. അബുദാബിയില്‍നിന്ന് 177 പേരാണ് ഈ വിമാനത്തില്‍ എത്തിച്ചേരുക.

ഉച്ചയ്ക്ക് 1.40-നാണ് കേരളത്തില്‍ നിന്നുള്ള രണ്ടാമത്തെ വിമാനം കരിപ്പൂരില്‍ നിന്ന് പറന്നുയര്‍ന്നത്. ദുബായില്‍ എത്തിയ ശേഷം അവിടെനിന്ന് വിമാനം അഞ്ചരയോടെ തിരിച്ചു പറക്കും. ഒരു മണിക്കൂര്‍ വൈകിയാണ് വിമാനം കരിപ്പൂരില്‍ നിന്നു പുറപ്പെട്ടത്. എങ്കിലും രാത്രി 11 മണിയോടെ വിമാനം കരിപ്പൂരില്‍ തിരിച്ചിറങ്ങുമെന്നാണു അധികൃതര്‍ പ്രതീക്ഷിക്കുന്നത്.

അതേസമയം, മാലി ദ്വീപില്‍ നിന്നുള്ള പ്രവാസികളെ കൊണ്ടുവരാനുള്ള കപ്പല്‍ മാലി ദ്വീപിലെത്തി. നാവികസേനയുടെ ഐഎന്‍എസ് ജലാശ്വ എന്ന കപ്പലാണ് മാലി ദ്വീപില്‍ എത്തിയിരിക്കുന്നത്. വെള്ളിയാഴ്ചയാകും കപ്പല്‍ കൊച്ചിയിലേക്ക് തിരിക്കുകയെന്നാണ് പുറത്തുവരുന്ന വിവരം. ഐഎന്‍എസ് മഗര്‍ എന്ന മറ്റൊരു കപ്പലും മാല ദ്വീപ് ദൗത്യത്തിനുണ്ട്.

കോവിഡ് ബാധയുടെ പശ്ചാത്തലത്തില്‍ ഗള്‍ഫില്‍ നിന്ന് മടങ്ങിവരുന്ന പ്രവാസികളെ സ്വീകരിക്കാന്‍ എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയാക്കിയതായി ജില്ലാ ഭരണകൂടം അറിയിച്ചു.

യാത്രക്കാരില്‍ 25 പേരാണ് എറണാകുളം ജില്ലയിലേക്കുള്ളത്. തൃശൂര്‍ – 73, പാലക്കാട് – 13, മലപ്പുറം – 23, കാസര്‍കോട് – 1, ആലപ്പുഴ -15, കോട്ടയം – 13, പത്തനംതിട്ട – 8 എന്നിങ്ങനെയാണ് മറ്റു ജില്ലകളില്‍ നിന്നുള്ളവരുടെ കണക്ക്.

വിമാനത്താവളങ്ങളില്‍ എത്തുന്നവരെ പരിശോധനകള്‍ക്കും നടപടിക്രമങ്ങള്‍ക്കും വിധേയമാക്കിയതിന് ശേഷം അവരവരുടെ ജില്ലകളില്‍ ക്വാറന്റൈന്‍ ചെയ്യാനാണ് തീരുമാനം. ഇതിനായി പ്രത്യേക വാഹനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. നെടുമ്പാശ്ശേരിയില്‍ ഇറങ്ങുന്നവരില്‍ ജില്ലയിലെ 25 പേരെയും കാസര്‍കോട് സ്വദേശിയെയും എറണാകുളത്ത് തന്നെ ക്വാറന്റൈന്‍ ചെയ്യുമെന്നും എയര്‍പോര്‍ട്ടിലെ പരിശോധനയില്‍ രോഗലക്ഷണമുണ്ടെന്ന് ബോധ്യപ്പെടുന്നവരെ നേരിട്ട് ആശുപത്രിയിലേക്ക് മാറ്റുമെന്നും അധികൃതര്‍ അറിയിച്ചു.

ഇന്ന് രണ്ടു വിമാനങ്ങളാണ് പ്രവാസികളുമായി കേരളത്തിലേക്ക് എത്തുന്നത്. കൊച്ചിയില്‍ എത്തുന്നത് കൂടാതെ ദുബായില്‍ നിന്നുള്ള മറ്റൊരു വിമാനം രാത്രി പത്തരയോടെ കരിപ്പൂരിലെത്തും. 170 പേരാണ് ആ വിമാനത്തില്‍ വരുന്നത്.

Top