പ്രവാസികളായ മലയാളികൾ ഗൾഫിൽ തന്നെ ഓണം ആഘോഷിക്കുന്നതാവും നല്ലതെന്നാണ് ഇപ്പോഴത്തെ സാഹചര്യങ്ങൾ പറയുന്നത്. ഓണം ആഘോഷിക്കുവാൻ വേണ്ടി നാട്ടിലെത്തിയാൽ ചിലപ്പോൾ തിരിച്ചുപോക്ക് വൈകിയേക്കും. അല്ലെങ്കിൽ ആരുടെയെങ്കിലും കയ്യിൽ നിന്ന് കടം വാങ്ങി തിരിച്ചു പോകേണ്ടി വരും. കാരണം അത്ര ഭീകരമായ വർദ്ധനവാണ് വിമാന ടിക്കറ്റിൻ്റെ കാര്യത്തിൽ ഉണ്ടായിരിക്കുന്നത്. സെപ്തംബർ ആദ്യവാരം വരെ കേരളത്തിൽ നിന്നുള്ള ഗൾഫ് യാത്രക്കാർ വർദ്ധിക്കുമെന്നത് മുതലെടുത്താണ് വർദ്ധനവെന്നു വ്യക്തമാണ്.
ഓഗസ്റ്റ് 20 മുതൽ കണ്ടാൽ കണ്ണുതള്ളുന്ന നിരക്കാണ് വിമാനക്കമ്പനികൾ ഏർപ്പെടുത്തിയിരിക്കുന്നത്. കണ്ണൂരിൽ നിന്നും ബഹ്റൈനിലേക്ക് പേകാൻ 32,000 രൂപ മുടക്കണം. അതേസമയം തിരിച്ച് 18,000 രൂപമതി. കോഴിക്കോടു നിന്നും അബുദാബിയിലേക്ക് 29,200 രൂപ വേണ്ടിവരുമ്പോൾ അബുദാബി- കോഴിക്കോട് നിരക്ക് 8,400 രൂപയാണ്. കോഴിക്കോടു നിന്നും റിയാദിലേക്ക് 30,400 രൂപ മുടക്കേണ്ടിവരും. തിരിച്ച് 14,500 മതിയാകും. കോഴിക്കോട്- ജിദ്ദ: 29,000 രൂപയും ജിദ്ദ- കോഴിക്കോട്-: 17,000 രൂപയുമാണ് നിരക്ക്.
കൊച്ചിയിൽ നിന്നും ദോഹയിലേക്ക് പോകാൻ 44,600 രൂപയാകും. അതേസമയം ദോഹയിൽ നിന്നും കൊച്ചിയിലേക്കു വരാൻ 15,200 രൂപയും. കൊച്ചി-അബുദാബി: 39,000 രൂപയാകുമ്പോൾ അബുദാബി- കൊച്ചി: 9,700 രൂപയ്ക്കു യാത്ര ചെയ്യാം. തിരുവനന്തപുരത്തു നിന്നും മസ്‌കറ്റിലേക്ക് 19,000 രൂപയാണ് റേറ്റ്. അതേസമയം മസ്‌കറ്റിൽ നിന്നും തിരുവനന്തപുരത്തേക്ക് 8,800 രൂപയും. പ്രവാസിക മലയാളികൾ ഏറ്റവും കൂടുതൽ യാത്ര ചെയ്യുന്ന തിരുവനന്തപുരം- ഷാർജ റൂട്ടിൽ 35,000 രൂപ മുടക്കണം യാത്രയ്ക്ക്. അതേസമയം ഷാർജയിൽ നിന്നും തിരുവനന്തപുരത്തേക്ക് വരാൻ 12,700 രൂപ മതിയാകും.