കോവാക്‌സിനെടുത്തതിനാല്‍ ഗള്‍ഫില്‍ പോകാനാകുന്നില്ലെന്ന് പ്രവാസി

കണ്ണൂര്‍: മൂന്നാമതും വാക്‌സിന്‍ എടുക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കണ്ണൂര്‍ സ്വദേശി ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. ശ്രീകണ്ഠാപുരം സ്വദേശി ഗിരികുമാര്‍ തെക്കന്‍ കുന്നുംപുറത്ത് ആണ് ഈ ആവശ്യവുമായി കോടതിയെ സമീപിച്ചത്. രണ്ട് ഡോസ് കോവാക്‌സിന്‍ സ്വീകരിച്ചതിനാല്‍ ജോലി ആവശ്യത്തിനായി ഗള്‍ഫിലേക്ക് പോകാനാവുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രവാസി ഹൈക്കോടതിയെ സമീപിച്ചത്.

കോവാക്‌സിന് സൗദി അറേബ്യയില്‍ അനുമതി ഇല്ലെന്നും അതിനാല്‍ കോവിഷീല്‍ഡ് വാക്‌സിന്‍ നല്‍കിയില്ലെങ്കില്‍ സൗദിയിലെ തന്റെ ജോലി നഷ്ടമാവുമെന്നും കാണിച്ചാണ് ഗിരികുമാര്‍ ടി കെ ഹര്‍ജി നല്‍കിയത്. മറ്റൊരു കമ്പനി ഇറക്കുന്ന മറ്റൊരു വാക്‌സിന്‍ എടുക്കുന്നത് ലോകത്തുള്ള മെഡിക്കല്‍ വിദഗ്ധരുടെ അഭിപ്രായത്തില്‍ അസാധാരണമായ കാര്യമല്ലെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. കാനഡ, ഇസ്രായേല്‍, സ്‌പെയിന്‍ തുടങ്ങി പല രാജ്യങ്ങളും മൂന്നാമത് വാക്‌സിന്‍ നല്‍കിത്തുടങ്ങി.

അനുമതി ഇല്ലാത്ത ആദ്യ രണ്ട് വാക്‌സിനുകള്‍ നല്‍കിയ കാനഡയിലെ ക്വിബേക്ക് സര്‍ക്കാര്‍ ഇങ്ങനെ ലോകയാത്ര ചെയ്യാന്‍ ബുദ്ധിമുട്ട് അനുഭവിക്കുന്ന അവരുടെ ജനങ്ങള്‍ക്ക് മൂന്നാമത് വാക്‌സിന്‍ നല്‍കിയ കാര്യവും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. ഹര്‍ജി പരിഗണിച്ച കോടതി കേന്ദ്ര സര്‍ക്കാരിനോട് ഇത്രയും വേഗം മറുപടി നല്‍കാന്‍ ആവശ്യപ്പെട്ടു. തിങ്കളാഴ്ച ഹര്‍ജി വീണ്ടും പരിഗണിക്കും.

Top