കുവൈത്തില്‍ 32,000 പ്രവാസികളുടെ ഡ്രൈവിങ് ലൈസന്‍സുകള്‍ റദ്ദാക്കി

കുവൈത്ത് സിറ്റി: കുവൈത്തില്‍ ഈ വര്‍ഷം ഇതുവരെ 32,000 പ്രവാസികളുടെ ഡ്രൈവിങ് ലൈസന്‍സുകള്‍ റദ്ദാക്കിയതായി അധികൃതര്‍ അറിയിച്ചു. ലൈസന്‍സ് ലഭിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്ന് കണ്ടെത്തിയവരുടെയും അനധികൃതമായും വ്യാജ രേഖകള്‍ നല്‍കിയും സമ്പാദിച്ച ലൈസന്‍സുകളുമാണ് ഈ വര്‍ഷം ഇതുവരെയുള്ള 10 മാസത്തിനുള്ളില്‍ റദ്ദാക്കിയത്.

ഈ വര്‍ഷം ഇതുവരെ 2400 കുവൈത്ത് സ്വദേശികളുടെ ഡ്രൈവിങ് ലൈസന്‍സുകളും റദ്ദാക്കിയിട്ടുണ്ട്. സ്വദേശികളില്‍ മാനസിക രോഗമുള്ളവരുടെയും കാഴ്ച പരിശോധനയില്‍ പരാജയപ്പെട്ടവരുടെയും ലൈസന്‍സുകളാണ് റദ്ദാക്കിയത്. ഇവരില്‍ ഭൂരിപക്ഷവും പുരുഷന്മാരാണ്. മുന്‍ വര്‍ഷങ്ങളിലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ വര്‍ഷം ഒക്ടോബര്‍ അവസാനം വരെ അനുവദിച്ച പുതിയ ലൈസന്‍സുകളുടെ എണ്ണത്തില്‍ 43 ശതമാനത്തിന്റെ കുറവും രേഖപ്പെടുത്തിയിട്ടുണ്ട്. 41,000 ഡ്രൈവിങ് ലൈസന്‍സുകളാണ് കുവൈത്തില്‍ ഈ വര്‍ഷം അനുവദിച്ചത്.

രാജ്യത്തെ ഡ്രൈവിങ് ലൈസന്‍സ് ലഭിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ കര്‍ശനമാക്കിയതും പരിശോധന കൂടുതല്‍ കാര്യക്ഷമമാക്കിയതുമാണ് അനുവദിക്കുന്ന ലൈസന്‍സുകളുടെ എണ്ണം കുറയാന്‍ പ്രധാന കാരണം. വിവിധ മന്ത്രാലയങ്ങളിലെ വിവരങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ച ശേഷമാണ് ഇപ്പോള്‍ ലൈസന്‍സ് അനുവദിക്കുന്നതെന്നും അധികൃതര്‍ അറിയിച്ചു.

Top