മെസിയെ കേരളത്തിൽ എത്തിക്കുവാൻ പ്രവാസി വ്യവസായി, ആദ്യഘട്ട ചർച്ച ഫലപ്രദം

സാക്ഷാൽ ഡീഗോ മറഡോണ കാലുകുത്തിയ കേരളത്തിന്റെ മണ്ണിൽ ഫുട്ബോൾ ഇതിഹാസം ലയണൽ മെസിയും കാലു കുത്തിയാൽ ഇനി അത്ഭുതപ്പെടേണ്ടതില്ല. ഇതിനായുള്ള ശ്രമം പ്രമുഖനായ പ്രവാസി വ്യവസായിയുടെ നേതൃത്വത്തിലാണ് പുരോഗമിക്കുന്നത്.അർജന്റീനൻ ഫുട്ബോൾ അസോസിയേഷൻ ഭാരവാഹികളുമായും മെസിയുടെ മാനേജരുമായും ഇതു സംബന്ധമായി പ്രാഥമിക ചർച്ചകൾ നടത്തിയതായാണ് സൂചന. അർജന്റീനിയൻ ടീമിനും ലയണൽ മെസിക്കും ഏറ്റവും അധികം ആരാധകർ ഉള്ള സംസ്ഥാനമാണ് കേരളം എന്നതിനാൽ, ഇവരെല്ലാം അനുകൂലമായി പ്രതികരിച്ചതായാണ് സൂചന. മെസി കൂടി അനുകൂലമായി പ്രതികരിക്കുന്നതോടെ, ആ സന്ദർശനം യാഥാർത്ഥ്യമാകും.

മെസിയുടെ തിരക്കുകൾ ആണ് പ്രധാനമായും സന്ദർശനത്തിന് തടസ്സമാകുന്നത്.ക്ലബ് ഫുട്ബോൾ മത്സരം ഉൾപ്പെടെ നിരവധി മത്സരമാണ് മെസിക്ക് മുൻപിൽ ഇനിയുള്ളത്. അടുത്തതായി നടക്കാനിരിക്കുന്ന കോപ്പ അമേരിക്കൻ മത്സരത്തിലും അർജന്റീനയെ നയിക്കുക മെസിയായിരിക്കും. ലോകകപ്പ് മത്സരത്തോടെ അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്നും വിരമിക്കുമെന്ന അഭ്യൂഹം മെസി തന്നെ തള്ളിയതോടെ ആരാധകരും ആവേശത്തിലാണ് ഉള്ളത്.

ലോകത്ത് ഇന്ന് ഏറ്റവും കൂടുതൽ ആരാധകരുള്ള താരമാണ് മെസി. ഇതിൽ കേരളത്തിലെ ആരാധകർ തങ്ങൾക്ക് തികച്ചും സ്പെഷ്യൽ ആണെന്നാണ് മെസിയുടെ മാനേജരും വ്യക്തമാക്കിയിരിക്കുന്നത്. ആകാശത്തിൽ ഉയർന്നു നിൽക്കുന്ന കൂറ്റൻ കട്ടൗട്ടുകൾ മുതൽ കടലിന്റെ ആഴങ്ങളിൽ സ്ഥാപിച്ചതുവരെ മലയാളിയുടെ മെസി ആരാധനക്ക് ഉദാഹരണങ്ങളാണ്. ഇതെല്ലാം തന്നെ അന്താരാഷ്ട്ര മാധ്യമങ്ങളിൽ വലിയ വാർത്തയായ സംഭവങ്ങളാണ്.

സാധാരണ ജനങ്ങൾ മുതൽ മന്ത്രിമാർ, സിനിമാ സൂപ്പർ താരങ്ങൾ ഉൾപ്പെടെ മെസിയെയും അർജന്റീനയെയും നെഞ്ചേറ്റുന്ന ജനതയാണ് കേരളത്തിൽ ഉള്ളത്. ഇതിൽ കുട്ടികളുടെയും സ്ത്രീകളുടെയും ആവേശവും എടുത്തു പറയേണ്ടതു തന്നെയാണ്. ഒരു ടീമെന്ന നിലയിൽ അർജന്റീനയെ എതിർക്കുന്ന മറ്റു ടീമുകളുടെ ആരാധകർ പോലും ഏറെ ആഗ്രഹിച്ചതും മെസി ഇത്തവണ കപ്പടിക്കണമെന്നതായിരുന്നു. ബ്രസീൽ സൂപ്പർ താരം നെയ്മറിനും ഏറെ ആരാധകരുള്ള കേരളത്തിൽ നെയ്മർ മെസിയെ പരസ്യമായി അഭിനന്ദിച്ച് രംഗത്ത് വന്നതിനും വലിയ വാർത്താ പ്രാധാന്യമാണ് ലഭിച്ചിട്ടുള്ളത്. മെസിയുടെ പത്താം നമ്പർ ജഴ്സിക്കും ഈ മണ്ണിൽ ഏറെ ഡിമാന്റാണുള്ളത്.

മെസിയുടെ കേരള സന്ദർശനമെന്നത് ഒരു ജനതയുടെ ആഗ്രഹമാണ്. അത് സഫലമായാൽ കൊച്ചി ജവഹർലാൽ നെഹറു സ്റ്റേഡിയത്തിലോ അതല്ലങ്കിൽ മലബാറിലോ വേദി ഉയരും. മുൻപ് ഡീഗോ മറഡോണ കണ്ണൂരിൽ കാലു കുത്തിയപ്പോൾ പതിനായിരങ്ങളാണ് അദ്ദേഹത്തെ കാണാൻ തടിച്ചു കൂടിയിരുന്നത്. ലയണൽ മെസി എത്തിയാൽ ലക്ഷക്കണക്കിന് പേരാണ് സ്വീകരണ വേദിയിലേക്ക് ഇരമ്പിയെത്തുക. അത്രമാത്രം മലയാളി മനസ്സുകളെ ഈ താരം ത്രസിപ്പിച്ചിട്ടുണ്ട്. മെസി കേരളത്തിൽ എത്തുകയാണെങ്കിൽ അത് സംസ്ഥാന സർക്കാർ അഥിതിയായി തന്നെ എത്താനാണ് സാധ്യത. കേന്ദ്ര സർക്കാറും ഇത്തരമൊരു സന്ദർശനത്തെ പിന്തുണയ്ക്കുമെന്നാണ് സൂചന. കേരളത്തിൽ മാത്രമല്ല ഇന്ത്യയിലും ഏറ്റവും അധികം ജനപിന്തുണയുള്ള അന്താരാഷ്ട്ര താരമാണ് ലയണൽ മെസി.

സ്വന്തം രാജ്യത്തിനായി ഒരു കിരീടം നേടാൻ പ്രാപ്തിയില്ലെന്ന് കുറ്റപ്പെടുത്തിയവർക്ക് മുന്നിൽ ഒന്നര വർഷക്കാലയളവിനുള്ളിൽ വൻകരയുടെ കോപ്പ കിരീടവും ഫൈനലിസിമ ജേതാക്കൾക്കുള്ള കപ്പും നേടി മറുപടി നൽകിയ മെസി ഒടുവിൽ ലോക ഫുട്ബോളിലെ രാജാക്കൻമാർക്ക് മാത്രം അവകാശപ്പെട്ട ലോകകപ്പും തന്റെ കരിയറിന്റെ അവസാന ലാപ്പിൽ സ്വന്തമാക്കിയിരിക്കുകയാണ്. മെസി ലോകകപ്പിൽ ചുംബിക്കുന്ന ആ നിമിഷം മെസ്സിയേക്കാൾ കൂടുതൽ ആഗ്രഹിച്ചത് ലോകം മുഴുവനുള്ള അദ്ദേഹത്തിന്റെ ആരാധകരാണ്. അതു തന്നെയാണ് യാഥാർത്ഥ്യവും.

EXPRESS KERALA VIEW

Top