ചര്‍ച്ചയില്‍ പ്രശ്‌ന പരിഹാരം; മരം അവസാനിപ്പിച്ച് പ്രവാസി വ്യവസായി ഷാജിമോന്‍ ജോര്‍ജ്

കോട്ടയം: കോട്ടയം മാഞ്ഞൂര്‍ പഞ്ചായത്ത് ഓഫീസിന് മുന്നില്‍ പ്രവാസി വ്യവസായി നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിച്ചു. ഇനി പ്രശ്‌നമുണ്ടാകില്ലെന്ന് ഉറപ്പ് ലഭിച്ചതിനാലാണ് സമരം നിര്‍ത്തുന്നതെന്ന് പ്രവാസി വ്യവസായി ഷാജിമോന്‍ ജോര്‍ജ് പ്രതികരിച്ചു.

25 കോടി ചെലവഴിച്ച സ്‌പോര്‍ട്ടിങ് ക്ലബ് പദ്ധതിയ്ക്ക് കെട്ടിട നമ്പര്‍ നല്‍കാത്ത നടപടിക്കെതിരെയായിരുന്നു പ്രവാസി വ്യവസായി ഷാജിമോന്റെ സമരം. ഇനി മൂന്നു ഡോക്യുമെന്റുകള്‍ കൊടുത്താല്‍ മതിയെന്ന് ചര്‍ച്ചയില്‍ തീരുമാനമായെന്നും നിരാഹാരം നിര്‍ത്തുകയാണെന്നും ഷാജിമോന്‍ ജോര്‍ജ് വ്യക്തമാക്കി.

കൈക്കൂലി വാങ്ങിയതിന് പഞ്ചായത്ത് അസി. എഞ്ചിനീയറെ വ്യവസായിയുടെ പരാതിയില്‍ വിജിലന്‍സ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. അതിന്റെ പ്രതികാര നടപടിയായി തന്നെ കഷ്ടപ്പെടുത്തുകയാണെന്നായിരുന്നു ഇദ്ദേഹത്തിന്റെ ആരോപണം. പഞ്ചായത്ത് ഭരണം സി പിഐ എം നേതൃത്വത്തിലാണ്. ക്രമക്കേടുകളുണ്ടെന്നും പരിശോധനകള്‍ക്കുള്ള കാലതാമസമാണ് വരുന്നതെന്നും പഞ്ചായത്ത് പ്രസിഡന്റ് കോമളവല്ലി നേരത്തേ വിശദീകരിച്ചിരുന്നു.

25 വര്‍ഷമായി ഇദ്ദേഹം പ്രവാസിയായിരുന്നുവെന്നും, 90 പേര്‍ക്ക് ജോലി ലഭിക്കുന്ന സംരഭമാണിതെന്നും വ്യവസായി പറയുന്നു. പഞ്ചായത്ത് ചോദിച്ച എല്ലാ രേഖകളും കൊടുത്താണ് പെര്‍മിറ്റ് എടുത്തിരിക്കുന്നത്. കൈക്കൂലിക്കേസില്‍ പഞ്ചായത്ത് അസി. എഞ്ചിനീയറെ അറസ്റ്റ് ചെയ്തതിന്റെ വിരോധം മൂലമാണ് തന്നെ ഉന്നം വെയ്ക്കുന്നതെന്നാണ് ഇദ്ദേഹത്തിന്റെ ആരോപണം.

Top