ക്വാറന്റീന്‍കേന്ദ്രത്തിലേക്ക് പോകുന്നതിനിടെ പ്രവാസി ആംബുലന്‍സില്‍ നിന്നും ഇറങ്ങിയോടി

കൊച്ചി: ക്വാറന്റീന്‍ കേന്ദ്രത്തിലേക്ക് കൊണ്ടുപോകുന്നതിനിടെ ആംബുലന്‍സില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച പ്രവാസി പിടിയില്‍. ദമാമില്‍ നിന്ന് വന്നയാളാണ് ആലുവ പുളിഞ്ചോട് ട്രാഫിക് സിഗ്നലില്‍ ആംബുലന്‍സ് നിര്‍ത്തിയപ്പോള്‍ ഡ്രൈവറെ ആക്രമിച്ച് ഇറങ്ങിയോടിയത്. പൊലീസ് സ്ഥലത്തെത്തി പിപിഈ കിറ്റ് ഇട്ടിരുന്ന ആംബുലന്‍സ് ഡ്രൈവറിന്റെ സഹായത്തോടെ ഇയാളെ കീഴടക്കി തിരികെ ആംബുലന്‍സില്‍ കയറ്റുകയായിരുന്നു.

ഇയാളെ കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ പ്രവാസിയാണ് രക്ഷപ്പെടാന്‍ ശ്രമിച്ചത്. എറണാകുളം ആലുവയില്‍ ക്വാറന്റീന്‍ ലംഘിച്ചതിന് മറ്റൊരു പ്രവാസിക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ക്വാറന്റീന്‍ ലംഘിച്ച് വീടിന് പുറത്ത് പോയതിന് കണ്ണൂര്‍ സ്വദേശി റോയ് പൗലോസിനെതിരെയാണ് പൊലീസ് കേസെടുത്തത്.

ദക്ഷിണാഫ്രിക്കയില്‍ നിന്ന് കൊച്ചിയിലെത്തിയ ഇയാള്‍ ചൊവ്വര ഫെറിക്ക് സമീപമുള്ള ഫ്ലാറ്റില്‍ ക്വാറന്റീനില്‍ കഴിയുകയായിരുന്നു. എന്നാല്‍ രാത്രി ഇയാള്‍ കാറില്‍ പുറത്ത് പോയത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

Top