ഇടതുപക്ഷത്തിന് ഉയര്‍ന്ന വിജയമുണ്ടാകും ; എക്സിറ്റ് പോളുകള്‍ തള്ളി പിണറായി

Pinarayi Vijayan

തിരുവനന്തപുരം : ലോക്സഭ തെരഞ്ഞെടുപ്പില്‍ എക്സിറ്റ് പോള്‍ ഫലങ്ങള്‍ തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍ . 23 വരെ കാത്തിരിക്കാമെന്നും എക്സിറ്റ് പോളുകള്‍ നേരത്തേയും ഉണ്ടായിട്ടുണ്ടെന്നും പലതും പാളിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തില്‍ ഇടതുപക്ഷത്തിന് ഉയര്‍ന്ന വിജയമുണ്ടാകുമെന്നതില്‍ സംശയമില്ലന്നും മുഖ്യമന്ത്രി പറഞ്ഞു.

2004ല്‍ എന്‍.ഡി.എയ്ക്ക് ഭരണത്തുടര്‍ച്ച ലഭിക്കുമെന്നായിരുന്നു ഭൂരിഭാഗം എക്സിറ്റ് പോളുകളും പ്രവചിച്ചത്. ഫലം വന്നപ്പോള്‍ എക്സിറ്റ് പോള്‍ പ്രവചനമെല്ലാം തെറ്റിപ്പോയി. അതേസമയം, കേരളത്തില്‍ എല്‍.ഡി.എഫ്. മികച്ചവിജയം നേടുമെന്നതില്‍ സംശയം വേണ്ടെന്നും ശബരിമല വിഷയം കേരളത്തിലെ തിരഞ്ഞെടുപ്പിനെ ബാധിച്ചിട്ടില്ലെന്നും ഭരണഘടന സ്ഥാപനങ്ങളെ കാല്‍ക്കീഴില്‍ നിര്‍ത്താനാണ് മോദി സര്‍ക്കാര്‍ ശ്രമിച്ചതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

അതേസമയം, എക്‌സിറ്റ് പോളിലെ ബിജെപിയുടെ അനുകൂല ഘടകങ്ങളെ സ്വാഗതം ചെയ്യുന്നുവെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ പി.എസ് ശ്രീധരൻ പിള്ള പറഞ്ഞു. എക്‌സിറ്റ് പോൾ ഫലങ്ങൾ പൊതുവിൽ അംഗീകരിക്കാൻ ആവില്ലന്നും പിഴവുകൾ സംഭവിക്കാറുണ്ടെന്നും ശ്രീധരൻ പിള്ള പ്രതികരിച്ചു.

Top