തെരഞ്ഞെടുപ്പിൽ അജണ്ട സെറ്റ് ചെയ്തത് നരേന്ദ്ര മോദി, പ്രതിപക്ഷം അതിൽ വീണു

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ‘അജണ്ട’സെറ്റ് ചെയ്തത് മറ്റാരുമല്ല അത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. ഈ കെണിയില്‍ വീണുപോയതാകട്ടെ പാവം പ്രതിപക്ഷമാണ്.

ഇപ്പോള്‍ പുറത്ത് വന്ന എക്‌സിറ്റ് പോള്‍ ഫലം ശരിയായാല്‍ അങ്ങനെ തന്നെ നമുക്ക് കാര്യങ്ങളെ വിലയിരുത്തേണ്ടി വരും. ഏഴു ഘട്ടം നീണ്ടു നിന്ന ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ആദ്യാവസാനം വരെ ചുറ്റി കറങ്ങി നിന്നത് മോദിയില്‍ മാത്രമായിരുന്നു.

വിവാദങ്ങള്‍ എല്ലാം മോദി തന്നെ സൃഷ്ടിച്ചപ്പോള്‍ മറ്റുള്ളവര്‍ അത് ഏറ്റു പിടിക്കുന്ന കാഴ്ചയാണ് നാം കണ്ടത്. അത് ഒടുവില്‍ ക്ലൗഡ് റഡാര്‍ മേഘ സിദ്ധാന്തത്തിലും കേദര്‍നാഥിലെ ധ്യാനത്തിലും വരെ എത്തി നിന്നു.

മോദിയെ വിഡ്ഢി എന്ന് വിളിച്ച് കളിയാക്കിയപ്പോഴും ആ പ്രചരണത്തിലും മുതലെടുപ്പ് നടത്താനാണ് മോദിയും ബി.ജെ.പിയും ശ്രമിച്ചത്. മേഘ സിദ്ധാന്തം വീണ്ടും ബാലക്കോട്ട് ആക്രമണത്തെ ചര്‍ച്ചയാക്കി . രാജീവ് ഗാന്ധിക്ക് എതിരായ പരാമര്‍ശം ബൊഫേഴ്‌സ് അഴിമതി ചര്‍ച്ച ചെയ്യപ്പെടാനും വഴി ഒരുക്കി. റഫേല്‍ വിഷയത്തില്‍ കാവല്‍ക്കാരന്‍ കള്ളനെന്ന് വിളിച്ച രാഹുല്‍ ഗാന്ധിയെയും കോണ്‍ഗ്രസ്സിനെയും പ്രതിരോധത്തിലാക്കിയത് ബൊഫേഴ്‌സും, യുദ്ധകപ്പലിലെ വിനോദയാത്രയുമായിരുന്നു.

അഞ്ചു വര്‍ഷം നീണ്ട ബി.ജെ.പി ഭരണത്തിനെതിരായ ജനവികാരം, നോട്ട് നിരോധനം, കാര്‍ഷിക മേഖലയിലെ പ്രതിസന്ധി, ജി.എസ്.ടി തുടങ്ങിയ ജനകീയ പ്രശ്‌നങ്ങള്‍ വോട്ടാക്കി മാറ്റാതിരിക്കാനായിരുന്നു വിവാദം വഴി മോദി ലക്ഷ്യം വച്ചിരുന്നത്.

തെരഞ്ഞെടുപ്പിന്റെ ഓരോ ഘട്ടത്തിലും അനാവശ്യമായ വിവാദങ്ങള്‍ മോദി ക്യാംപില്‍ നിന്നും പുറത്ത് വിട്ടപ്പോള്‍ അതെല്ലാം പ്രതിപക്ഷം ഏറ്റെടുത്ത് ചര്‍ച്ചയാക്കി. ഭരണപരാജയം എന്ന വിഷയം തിരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യിക്കാതിരിക്കാനുള്ള തന്ത്രപരമായ നീക്കമായിരുന്നു ഇത്.

രാജ്യ സുരക്ഷ എന്ന സുപ്രധാന കാര്‍ഡിറക്കിയും മോദി രംഗത്ത് വന്നു. റഫേല്‍ വിമാന ഇടപാടുപോലും രാജ്യസുരക്ഷയുമായി കൂട്ടിക്കുഴച്ചു. പുല്‍വാമ ഭീകര ആക്രമണവും ഇതിനായി പരമാവധി ഉപയോഗിച്ചു. ബി.ജെ.പി വീണ്ടും അധികാരത്തില്‍ വന്നില്ലങ്കില്‍ നാടിന് തന്നെ ആപത്താണെന്ന പ്രതീതിയും മോദി സൃഷ്ടിച്ചു.

വോട്ടെടുപ്പിനിടെ ശ്രീലങ്കയില്‍ ഉണ്ടായ ചാവേര്‍ സ്‌ഫോടനവും ഉത്തരേന്ത്യയില്‍ പ്രചരണ വിഷയമാക്കി. കാശ്മീരിന് പുറത്ത് മോദി ഭരണത്തില്‍ ഭീകരാക്രമണം ഉണ്ടാകാത്തതും കാവിപ്പട ചൂണ്ടിക്കാട്ടി. മുംബൈ സ്‌ഫോടനം ഉള്‍പ്പെടെ യു.പി.എ സര്‍ക്കാറിന്റെ കാലത്ത് ഉണ്ടായ ഭീകരാക്രമണങ്ങള്‍ ഇതോടെ വീണ്ടും ചര്‍ച്ചയായി.

ബാലക്കോട്ടെ തിരിച്ചടി തന്നെയാണ് ഇവിടേയും ഉയര്‍ത്തിക്കാട്ടപ്പെട്ടത്. ഭീകരരേയും പാക്കിസ്ഥാനയേയും പാഠം പഠിപ്പിക്കാന്‍ മോദിയുടെ രണ്ടാം ഊഴം അനിവാര്യമാണെന്നായിരുന്നു വോട്ടര്‍മാരോട് ചൂണ്ടിക്കാട്ടിയത്.

ചൗക്കിദാര്‍ ചോര്‍ഹേ എന്ന് നിരന്തരം വിളിച്ച് രാഹുല്‍ ഗാന്ധി മോദിയെ ആക്രമിച്ചപ്പോള്‍ ‘മേ ഭീ ചൗക്കിദാര്‍ ഹും’ എന്നു പറഞ്ഞാണ് അതിനെ അദ്ദേഹം നേരിട്ടത്. ഒടുവില്‍ ചൗക്കിദാര്‍ പരിഹാസം സുപ്രീം കോടതി കയറി രാഹുല്‍ ഗാന്ധിക്ക് മാപ്പു പറയേണ്ടിയും വന്നു. ഇതും ബി.ജെ.പി ശരിക്കും ഉപയോഗിച്ചു.

ഡല്‍ഹി – പഞ്ചാബ് വോട്ടെടുപ്പ് അടുത്തപ്പോള്‍ പഴയ സിഖ് കൂട്ടക്കൊലയിലെ രാജീവ് ഗാന്ധിയുടെ പങ്ക് ചൂണ്ടിക്കാട്ടിയും മോദി ആക്രമിച്ചു. ഇതോടെ കോണ്‍ഗ്രസ്സും രാഹുലും ശരിക്കും വിയര്‍ത്തു. ബംഗാള്‍ വോട്ടെടുപ്പിന് മുന്‍പ് മമത ആയിരുന്നു മോദിയുടെ പ്രധാന ലക്ഷ്യം.

ഇതിനായി അവരെ പരമാവധി മോദി പ്രകോപിപ്പിച്ചു. അമിത് ഷായുടെ റാലി തടഞ്ഞ മമതയോട് തന്നെ അറസ്റ്റ് ചെയ്യാന്‍ ധൈര്യമുണ്ടോ എന്ന് ചോദിച്ച് വിറപ്പിച്ചു. മേഘ മണ്ടത്തരവും ഡിജിറ്റല്‍ കാമറയും, ധ്യാനവും എല്ലാം എടുത്തിട്ട് ട്രോളര്‍മാര്‍ അതിന് പിന്നാലെ കൂടിയപ്പോള്‍ ശരിക്കും രക്ഷപ്പെടുകയായിരുന്നു ബി.ജെ.പി എന്നു വേണം കരുതാന്‍.

ആദ്യാവസാനം വരെ അജണ്ട നിശ്ചയിച്ച്, അഞ്ചു വര്‍ഷത്തെ ഭരണപരാചയം ചര്‍ച്ച ചെയ്യപ്പെടാതെ നോക്കാന്‍ മോദിയുടെ നീക്കങ്ങള്‍ക്ക് ഒരു പരിധി വരെ കഴിഞ്ഞിട്ടുണ്ട്. പ്രത്യേകിച്ച് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍. ഇക്കാര്യം സാക്ഷ്യപ്പെടുത്തുന്നതാണ് ഇപ്പോള്‍ പുറത്ത് വന്ന എക്‌സിറ്റ് പോള്‍ ഫലങ്ങള്‍.

യു.പിയില്‍ പ്രതിപക്ഷ മഹാസഖ്യത്തിന് നേട്ടമുണ്ടായില്ലെങ്കില്‍ അതിന് പുല്‍വാമയും വലിയ ഘടകമാകും. ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സി.ആര്‍.പി.എഫ് ജവാന്‍മാരില്‍ കൂടുതല്‍ പേരും യു.പിയില്‍ നിന്നുള്ളവരായിരുന്നു. കേന്ദ്ര സര്‍ക്കാറിന്റെ വിവിധ ക്ഷേമപദ്ധതികള്‍ ഫലപ്രദമായി നടപ്പാക്കിയതും യു.പിയിലാണ്.

പിന്നോക്ക – യാദവ രാഷ്ട്രീയ നേതാക്കളായ മായാവതിയും അഖിലേഷും ഒന്നിച്ചത് ആ സമുദായങ്ങള്‍ എങ്ങനെ സ്വീകരിച്ചു എന്നതും യഥാര്‍ത്ഥ യു.പി ഫലം പുറത്ത് വരുമ്പോള്‍ വ്യക്തമാകും.

എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പ്രകാരം യു.പി ഉള്‍പ്പെടെ ബി.ജെ.പിക്ക് തന്നെയാണ് മേധാവിത്വം പ്രവചിച്ചിരിക്കുന്നത്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സ് ഭരണം പിടിച്ച രാജസ്ഥാനിലും മധ്യപ്രദേശിലും പോലും ബി.ജെ.പി കുതിപ്പ് നടത്തുമെന്ന പ്രവചനം ഞെട്ടിപ്പിക്കുന്നതാണ്.

ഡല്‍ഹിയിലും ഹരിയാനയിലും പഞ്ചാബിലും ആം ആദ്മി പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കാതെ ഇരുന്നത് ചരിത്ര മണ്ടത്തരമാണെന്ന് കോണ്‍ഗ്രസ്സിനെ ബോധ്യപ്പെടുത്തുന്നത് കൂടിയാണ് ഈ പ്രവചനം. എക്‌സിറ്റ് പോള്‍ ഫലം ശിയായാല്‍ കോണ്‍ഗ്രസ്സും രാഹുല്‍ ഗാന്ധിയും വലിയ പ്രതിസന്ധിയാണ് അഭിമുഖീകരിക്കേണ്ടി വരിക.

Express Kerala View

Top