അഭിപ്രായ സർവേയിൽ ‘കിളി’ പോയത് മമത ബാനർജിക്കും റോബർട്ട് വദ്രക്കും ! !

രണ്ടു പേര്‍ക്കും ഇനി ഉറക്കമില്ലാത്ത രാത്രികളാണ്. എക്‌സിറ്റ് പോള്‍ പ്രവചനം യാഥാര്‍ത്ഥ്യമായാല്‍ ആദ്യം കുരുങ്ങുക മമതയും വദ്രയുമാണ്.

കേന്ദ്രത്തില്‍ വീണ്ടും മോദി സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്ന വാര്‍ത്ത അത്രയേറെ ബംഗാള്‍ മുഖ്യമന്ത്രിയെയും പ്രിയങ്കയുടെ ഭര്‍ത്താവിനെയും ഭയപ്പെടുത്തി കഴിഞ്ഞു.പ്രവചനം ശരിയാകില്ലന്ന വാദത്തില്‍ വിശ്വസിക്കാന്‍ ശ്രമിച്ച് 23 ലെ റിസള്‍ട്ടിനായി കാത്തിരിക്കുകയാണ് ഇരുവരും.

തന്നെ കള്ളനെന്ന് വിളിച്ച് അപമാനിച്ച രാഹുല്‍ ഗാന്ധിക്കുള്ള തിരിച്ചടി റോബര്‍ട്ട് വദ്രയിലൂടെ മോദി നല്‍കാനുള്ള സാധ്യത വളരെ കൂടുതലാണ്. എന്‍ഫോഴ്‌സ് മെന്റ് കേസില്‍ പ്രതിയായ റോബര്‍ട്ട് വദ്രയെ വെറുതെ വിടില്ലന്ന് ബി.ജെ.പി പ്രഖ്യാപിച്ചു കഴിഞ്ഞു. നെഹ്‌റു കുടുംബത്തോട് ഇതുവരെ കാണിച്ച ആനുകൂല്യം ഇനി ഉണ്ടാകില്ലന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ബൊഫേഴ്‌സ് ഉള്‍പ്പെടെ സകലതും എടുത്ത് ആക്രമിക്കാന്‍ തന്നെയാണ് ബി.ജെ.പിയുടെ തീരുമാനം.


മോദി സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വന്നാല്‍ രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും കാത്തിരിക്കുന്നതും കറുത്ത ദിനങ്ങളായിരിക്കും. മറ്റു കോണ്‍ഗ്രസ്സ് നേതാക്കള്‍ക്കെതിരായ അഴിമതി കേസുകളിലും നിയമ നടപടി ശക്തമാകും. കര്‍ണ്ണാടക, മധ്യപ്രദേശ് സര്‍ക്കാരുകള്‍ നിലംപൊത്താനും സാധ്യതയേറെയാണ്. കര്‍ണ്ണാടക സര്‍ക്കാര്‍ ഇപ്പോള്‍ തന്നെ വലിയ പ്രതിസന്ധിയിലാണ്.പല കോണ്‍ഗ്രസ്സ് എം.എല്‍.എമാരും മറുകണ്ടം ചാടാന്‍ റെഡിയായിരിക്കുകയാണ്. ജെ.ഡി.എസ് – കോണ്‍ഗ്രസ്സ് സര്‍ക്കാറിനെ വീഴ്ത്തുക എന്നത് മാത്രം ലക്ഷ്യമിട്ടാണ് യെദ്യൂരപ്പ ഇവിടെ പ്രവര്‍ത്തിക്കുന്നത്. കേന്ദ്രത്തില്‍ വീണ്ടും ബിജെപിക്ക് ഭരണം ലഭിക്കുന്നത് അട്ടിമറി നീക്കത്തിന് കരുത്ത് പകരും.

മധ്യപ്രദേശില്‍ ബി.എസ്.പിയുടെയും ചില സ്വതന്ത്രരുടെയും പിന്തുണയിലാണ് കമല്‍ നാഥ് സര്‍ക്കാറിന്റെ ഭരണം. കേന്ദ്ര ഭരണം പിടിച്ചാല്‍ മധ്യപ്രദേശില്‍ അധികാരം തിരിച്ച് പിടിക്കുക ബി.ജെ.പിക്ക് എളുപ്പമാണ്.മധ്യപ്രദേശിലും കര്‍ണ്ണാടകയിലും ബി.ജെ.പി സീറ്റുകള്‍ തൂത്ത് വാരുമെന്നാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. ഈ സാഹചര്യത്തില്‍ ഇവിടങ്ങളില്‍ പൊതു തിരഞ്ഞെടുപ്പ് ഉണ്ടായാലും അത് ബി.ജെ.പിക്കാണ് നേട്ടമുണ്ടാക്കുക.

മോദീ പേടിയില്‍ ഇപ്പോള്‍ നിന്നുരുകുന്ന ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും ഇനി വലിയ അഗ്‌നിപരീക്ഷണം നേരിടേണ്ടി വരും. എന്‍.ഡി.എ സര്‍ക്കാര്‍ വന്നാല്‍ മമത സര്‍ക്കാരിനെ പിരിച്ചുവിടാനുള്ള എല്ലാ സാധ്യതയും ഉണ്ട്. അതിനുള്ള കാരണം ഇതിനകം തന്നെ തൃണമൂല്‍ കോണ്‍ഗ്രസ്സ് ഉണ്ടാക്കി കൊടുത്തിട്ടുമുണ്ട്.

മോദിയെ അറസ്റ്റ് ചെയ്ത് ജയിലിലടക്കുമെന്ന് പറഞ്ഞ മമതയെ ജയിലിലടക്കുമെന്നാണ് ബി.ജെ.പി ഇപ്പോള്‍ പറയുന്നത്.ബംഗാളിലെ ക്രിമിനല്‍ വാഴ്ചക്ക് അറുതി വരുത്തുമെന്നും ശാരദ ചിട്ടി തട്ടിപ്പ് കേസ് മമതക്ക് കുരുക്കാകുമെന്നുമാണ് അവര്‍ ചൂണ്ടിക്കാട്ടുന്നത്.ശാരദ ചിട്ടി തട്ടിപ്പ് കേസില്‍ തെളിവുകള്‍ നശിപ്പിച്ച സംഭവത്തില്‍ എ.ഡി.ജി.പി രാജീവ് കുമാര്‍ നിലവില്‍ അറസ്റ്റിന്റെ നിഴലിലാണ്.

മുന്‍ കൊല്‍ക്കത്ത കമ്മീഷണറായ രാജീവ് കുമാറിനെ ചോദ്യം ചെയ്യാന്‍ വന്ന സി.ബി.ഐ സംഘത്തെ കസ്റ്റഡിയിലെടുത്ത സംഭവം നേരത്തെ ഏറെ വിവാദമായിരുന്നു.കൊല്‍ക്കത്ത പൊലീസിന്റെ ഈ നടപടി സി.ബി.ഐയെയും കേന്ദ്ര സര്‍ക്കാറിനെയും ഏറെ പ്രകോപിപ്പിച്ച കാര്യമാണ്. പിന്നീട് രാജീവ് കുമാറിനെ അറസ്റ്റ് ചെയ്യുന്നത് സുപ്രീം കോടതി വിലക്കിയിരുന്നുവെങ്കിലും ഇപ്പോള്‍ വിലക്ക് നീക്കിയിട്ടുണ്ട്. രാജീവ് കുമാറിനെ കസ്റ്റഡിയിലെടുത്ത് സി.ബി.ഐ ചോദ്യം ചെയ്താല്‍ മമതയാകും പ്രതിരോധത്തിലാകുക.

അതേസമയം, ബംഗാളില്‍ വലിയ മുന്നേറ്റം ലോകസഭ തിരഞ്ഞെടുപ്പില്‍ ഉണ്ടാക്കാന്‍ കഴിയുമെന്ന എക്‌സിറ്റ് പോള്‍ ഫലം ബി.ജെ.പിക്ക് വലിയ ആത്മവിശ്വാസമാണ് നല്‍കുന്നത്.മമത സര്‍ക്കാറിനെ പിരിച്ച് വിട്ട് കേന്ദ്ര സേനയുടെ പൂര്‍ണ്ണ നിയന്ത്രണത്തില്‍ നിയമസഭ തിരഞ്ഞെടുപ്പ് നടന്നാല്‍ അധികാരത്തില്‍ വരാമെന്നാണ് ബി.ജെ.പി കണക്ക് കൂട്ടുന്നത്.

ലോക്‌സഭ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ അമിത് ഷായുടെ റോഡ് ഷോ ആക്രമിക്കപ്പെട്ടതും. നിലത്തിറക്കാതെ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ പലവട്ടം മമത ഭരണ കുടം വട്ടം കറക്കിയതും ബി.ജെ.പിയുടെ പക വര്‍ദ്ധിക്കാന്‍ കാരണമായിട്ടുണ്ട്. സ്ഥാനാര്‍ത്ഥികളും കേന്ദ്ര മന്ത്രിമാരും ഉള്‍പ്പെടെ അനവധി ബി.ജെ.പി പ്രവര്‍ത്തകരും ആക്രമിക്കപ്പെട്ടു. ഇതെല്ലാം പരിഗണിച്ചാണ് ‘ഓപ്പറേഷന്‍’ ബംഗാളിലേക്ക് കടക്കാന്‍ ബി.ജെ.പി ഒരുങ്ങുന്നത്. അതിന് മോദി സര്‍ക്കാര്‍ വീണ്ടും അധികാരമേല്‍ക്കുന്നതിന്റെ താമസം മാത്രമേ ഒള്ളുവെന്നാണ് നേതൃത്വം വ്യക്തമാക്കുന്നത്. 300 സീറ്റ് എന്ന പ്രവചനത്തില്‍ കുറവ് വന്നാല്‍ പോലും മോദി തന്നെയാകും രാജ്യം ഭരിക്കുകയെന്നാണ് ബി.ജെ.പിയുടെ അവകാശവാദം. എക്‌സിറ്റ് പോള്‍ ഫലം ചതിക്കില്ലെന്ന വിശ്വാസത്തിലാണ് കാവിപ്പടയുടെ സകല കണക്ക് കൂട്ടലും.

Top