എക്സിറ്റ് പോള്‍ ഫലങ്ങള്‍ അനുകൂലമായതോടെ ജഗന്‍മോഹനെ യുപിയിലേക്ക് അടുപ്പിക്കാന്‍ പവാര്‍

ന്യൂഡല്‍ഹി: എക്സിറ്റ് പോള്‍ ഫലങ്ങള്‍ വൈ.എസ്.ആര്‍ കോണ്‍ഗ്രസിന് മുന്നേറ്റം ഉണ്ടാവുമെന്ന് പ്രവചിച്ചതോടെ ജഗന്‍മോഹന്‍ റെഡ്ഡിയെ യു.പി.എയിലേക്ക് അടുപ്പിക്കാനുള്ള ശ്രമവുമായി എന്‍.സി.പി. അധ്യക്ഷന്‍ ശരദ് പവാര്‍.

ആന്ധ്രാപ്രദേശില്‍ വൈ.എസ്.ആര്‍. കോണ്‍ഗ്രസ് 20 വരെ സീറ്റുകള്‍ നേടിയേക്കുമെന്ന എക്സിറ്റ് പോള്‍ ഫലങ്ങള്‍ക്ക് പിന്നാലെയാണ് പവാര്‍ ജഗന്‍മോഹന്‍ റെഡ്ഡിയെ യുപിയിലേക്ക് അടുപ്പിക്കാന്‍ ശ്രമം നടത്തുന്നത്. പവാര്‍ ജഗന്‍മോഹനെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും അദ്ദേഹം പ്രതികരിച്ചില്ല.

അതേസമയം എക്സിറ്റ് പോളില്‍ വന്‍ വിജയം പ്രവചിക്കപ്പെട്ടിട്ടും ജഗന്‍മോഹന്‍ റെഡ്ഡിയും വൈ.എസ്.ആര്‍. കോണ്‍ഗ്രസും ഇതുവരെ അതിനോട് പ്രതികരിച്ചിട്ടില്ല.

അതേസമയം, ആന്ധ്രാപ്രദേശിന് പ്രത്യേക പദവി അനുവദിക്കുന്നത് ആരാണോ അവര്‍ക്കൊപ്പം മാത്രമേ ജഗന്‍മോഹന്‍ അണിനിരക്കൂ എന്നാണ് പാര്‍ട്ടി നേതാക്കള്‍ നല്‍കുന്ന സൂചന. കേന്ദ്രത്തില്‍ ആര്‍ക്ക് പിന്തുണ നല്‍കുമെന്നതില്‍ ഫലപ്രഖ്യാപനത്തിന് ശേഷം അദ്ദേഹം തീരുമാനമെടുക്കുമെന്നും അത് സംസ്ഥാനത്തിന്റെ പൊതുതാത്പര്യം പരിഗണിച്ചുള്ള തീരുമാനമായിരിക്കുമെന്നും നേതാക്കള്‍ പറയുന്നു.

Top