പടവെട്ടാനൊരുങ്ങി ഇന്ത്യ ; സൈന്യത്തിന്റെ ശക്തി തെളിയിച്ച് വമ്പന്‍ അഭ്യാസ പ്രകടനം

ജയ്പുര്‍: പാക്കിസ്ഥാന്റെ നെഞ്ചിടിപ്പ് കൂട്ടി അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈന്യത്തിന്റെ ശക്തിപ്രകടനം. പാക് അതിര്‍ത്തി പങ്കിടുന്ന രാജസ്ഥാനിലാണ് കാല്‍ലക്ഷത്തോളം സൈനീകര്‍ അണിനിരന്ന പരേഡ് നടന്നത്. നിരവധി ടാങ്കറുകളും അത്യാധുനിക നിരീക്ഷണ സെന്‍സറുകളും ‘താര്‍ ശക്തി’ എന്ന പേരില്‍ നടന്ന അഭ്യാസ പ്രകടനത്തില്‍ പങ്കെടുത്തു.

അതിര്‍ത്തിയില്‍ സംഘര്‍ഷം രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ ഏത് നിമിഷവും ആക്രമിക്കുമെന്ന ഇന്ത്യന്‍സേനയുടെ മുന്നറിയിപ്പായിട്ടാണ് ഈ നീക്കത്തെ നയതന്ത്രവിദഗ്ധര്‍ വിലയിരുത്തുന്നത്.

ഒരുമാസം നീണ്ട പരിശീലന പരിപാടിയുടെ അവസാനഘട്ടമാണ് ശക്തിപ്രകടനത്തിനായി സൈന്യം തെരഞ്ഞെടുത്തത്. അതീവ ചൂടിലും മരുഭൂമിയിലെ ദുഷ്‌കര കാലാവസ്ഥയിലും കര്‍മ്മനിരതരാകാനുള്ള കഠിന പരിശീലനമാണ് സേനയ്ക്കു നല്‍കിയിരിക്കുന്നത്.

അമേരിക്കയെ വെല്ലുവിളിച്ച് ഉത്തരകൊറിയ നടത്തിയ സൈനീക പരേഡു പോലെ പാക്കിസ്ഥാനോടുള്ള ഇന്ത്യയുടെ യുദ്ധകാഹളമായാണ് സൈന്യത്തിന്റെ ഈ നീക്കത്തെ അന്താരാഷ്ട്രാസമൂഹവും വിലയിരുത്തുന്നത്.

ചേതക് കോര്‍പ്സ് ജനറല്‍ ഓഫീസര്‍ കമാന്‍ഡിങ് ലഫ്റ്റനന്റ് ജനറല്‍ അശ്വനി കുമാര്‍ സൈനികരുടെയും യുദ്ധസാമഗ്രികളുടെയും ശേഷി വിലയിരുത്തി. പട്ടാളത്തിന്റെ തയാറെടുപ്പുകളിലും ധൈര്യത്തിലും സേനാമേധാവി സംതൃപ്തി പ്രകടിപ്പിച്ചതായി പ്രതിരോധ വക്താവ് ലഫ്റ്റനന്റ് കേണല്‍ മനീഷ് ഓജ അറിയിച്ചു.

Top