executions at its highest level: amnesty international

ന്യൂയോര്‍ക്ക്: കഴിഞ്ഞവര്‍ഷം വധശിക്ഷക്ക് വിധേയരായവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവെന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍. 54 ശതമാനം വര്‍ധനവാണ് വധശിക്ഷയുടെ എണ്ണത്തിലുണ്ടായത്. പാകിസ്താന്‍, ഇറാന്‍, സൗദി അറേബ്യ എന്നീ രാജ്യങ്ങളിലാണ് കൂടുതല്‍ വധശിക്ഷ നടപ്പിലാക്കുന്നത്.

ലോകവ്യാപകമായി വധശിക്ഷക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.ഇരുപത്തിയഞ്ച് രാജ്യങ്ങളില്‍ 1634 പേരെയാണ് 2015 ല്‍ വധശിക്ഷക്ക് വിധേയമാക്കിയത്. രണ്ട് വര്‍ഷം മുന്‍പ് 22 രാജ്യങ്ങളില്‍ 1061 പേരുടെ വധശിക്ഷ നടപ്പിലാക്കി. ചൈനയാണ് തുക്കിലേറ്റല്‍ നടപ്പാക്കുന്നതില്‍ മുന്നില്‍. വളരെ രഹസ്യമായാണ് വധശിക്ഷ നടപ്പാക്കുന്ന ചൈനയില്‍ കണക്കുകള്‍ പുറത്തുവിടാറില്ല. ചൈന ഒഴിച്ചുളള രാജ്യങ്ങളിലെ വിവരങ്ങളാണ് ആംനസ്റ്റി ശേഖരിച്ചത്. ഇറാനില്‍ 977 പേരുടെ വധശിക്ഷയാണ് കഴിഞ്ഞവര്‍ഷം നടപ്പാക്കിയത് 326 പേരെ പാക്കിസ്താന്‍ തൂക്കിലേറ്റി. സൗദിയാകെട്ടെ 158 പേരെയും വധശിക്ഷക്ക് വിധേയമാക്കി.

ഇറാനും പാക്കിസ്താനും പതിനെട്ട് വയസ്സില്‍ താഴെയുളളവരെ തൂക്കിലേറ്റിയതായി ആംനസ്റ്റി വെളിപ്പെടുത്തി. വിവിധ രാജ്യങ്ങളില്‍ 18 വയസ്സിനു താഴെയുള്ള അനേകം പേര്‍ വധശിക്ഷക്കു വിധിക്കപ്പെട്ട് ജൂവനൈല്‍ ഹോമുകളില്‍ കഴിയുന്നുണ്ട്. അമേരിക്ക 28 പേരെ തൂക്കിലേറ്റി കോഗോ ഫിജി, മഡഗാസ്‌കര്‍, സുരിനാം എന്നീ രാജ്യങ്ങളില്‍ വധശിക്ഷ നിരോധിച്ചിരുന്നു. ഇതോടെ വധശിക്ഷ നിരോധിക്കപ്പെട്ട രാജ്യങ്ങളുടെ എണ്ണം 102 ആയി . മംഗോളിയയില്‍ ഈ വര്‍ഷം വധശിക്ഷ നിരോധിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. മലേഷ്യയും പുനരാലോചന തുടങ്ങിയിട്ടുണ്ട്. ചൈനയ്ക്കും വധശിക്ഷയുടെ എണ്ണം കുറയ്ക്കാന്‍ പദ്ധതിയുണ്ട്. ബുര്‍കിന ഫാസോ, ഗിനിയ, കെനിയ, ദക്ഷിണകൊറിയ എന്നീ രാജ്യങ്ങളും വധശിക്ഷ നിരോധിക്കാന്‍ നിയമം കൊണ്ടുവന്നേക്കുമെന്നാണ് വെളിപ്പെടുത്തല്‍.

Top