ആരാച്ചാരെത്തി; നിര്‍ഭയകേസിലെ പ്രതികളുടെ വധ ശിക്ഷയ്ക്കുള്ള ഡമ്മി പരീക്ഷണം നാളെ നടത്തും

ന്യൂഡല്‍ഹി: നിര്‍ഭയകേസിലെ പ്രകിളുടെ വധശിക്ഷ നടപ്പിലാക്കാന്‍ ചുമതലപ്പെടുത്തിയിട്ടുള്ള ആരാച്ചാര്‍ തിഹാര്‍ ജയിലിലെത്തിയതായി റിപ്പോര്‍ട്ട്. ഫെബ്രുവരി ഒന്നിനാണ് കേസിലെ നാല് പ്രതികളുടെയും വധശിക്ഷ നടപ്പാക്കുന്നത്.

ഫെബ്രുവരി ഒന്നിന് രാവിലെ ആറ് മണിക്കാണ് വിനയ് ശര്‍മ്മ, അക്ഷയ് താക്കൂര്‍, പവന്‍ ഗുപ്ത, മുകേഷ് സിങ് എന്നീ നാല് പ്രതികളുടെവധശിക്ഷ നടപ്പാക്കുന്നത്.

ഇതിന് മുന്നോടിയായി നാളെ പവന്‍ ജല്ലാദ് ജയിലിനുള്ളില്‍ ഡമ്മി പരീക്ഷണം നടത്തുമെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. പ്രതികളെ തൂക്കിലേറ്റുന്നതില്‍ മനസ്താപമില്ലെന്നും നേരത്തെ ആരാച്ചാര്‍ പവന്‍ ജല്ലാദ് വ്യക്തമാക്കിയിരുന്നു. നാല് പ്രതികളും വധശിക്ഷ അര്‍ഹിക്കുന്നവരാണെന്നും ഇതുപോലുള്ള ക്രൂരകൃത്യങ്ങള്‍ക്ക് വധശിക്ഷ തന്നെയാണ് മറുപടിയെന്നും പവന്‍ ജല്ലാദ് തുറന്ന് പറഞ്ഞിരുന്നു.

എന്നാല്‍ വധശിക്ഷ നടപ്പാക്കുന്നതില്‍ സ്റ്റേ വേണമെന്ന് ആവശ്യപ്പെട്ട് അക്ഷയ് താക്കൂര്‍ ഡല്‍ഹി പട്യാല ഹൗസ് കോടതിയില്‍ വ്യാഴാഴ്ച ഹര്‍ജി നല്‍കിയിട്ടുണ്ട്. ഫെബ്രുവരി ഒന്നിന് ശിക്ഷ നടപ്പാക്കരുതെന്നും പ്രതികള്‍ക്ക് ഇനിയും നിയമപരമായ അവകാശങ്ങളുണ്ടെന്നും ചൂണ്ടിക്കാണിച്ചാണ് ഹര്‍ജി.

Top