Exclusive;Special CBI teams monitoring Income tax and enforcement officers

ന്യൂഡല്‍ഹി: കള്ളപ്പണ വേട്ടക്കിറങ്ങിയ ഇന്‍കംടാക്‌സ്-എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരെ നിരീക്ഷിക്കാന്‍ സിബിഐയുടെ പ്രത്യേക സംഘങ്ങള്‍.

500,1000 നോട്ടുകള്‍ പിന്‍വലിച്ച നടപടിയില്‍ തിരിച്ചടി നേരിട്ട കള്ളപ്പണക്കാര്‍ വ്യവസായ സ്ഥാപനങ്ങള്‍ വഴി പ്രതിസന്ധി മറികടക്കാന്‍ ശ്രമിക്കുന്ന പശ്ചാത്തലത്തിലാണ് ഈ നീക്കം.

നോട്ട് നിരോധനത്തിന് തൊട്ട് പിന്നാലെ രാജ്യത്തെ ജ്വല്ലറികളിലും മറ്റ് വന്‍കിട വ്യവസായ സ്ഥാപനങ്ങളിലും വന്‍തോതില്‍ ‘കച്ചവടം’ നടക്കുന്ന പശ്ചാത്തലത്തില്‍ ഇന്‍കംടാക്‌സ്-എന്‍ഫോഴ്‌സ്‌മെന്റ് സംഘങ്ങള്‍ വ്യാപകമായ പരിശോധന നടത്തിവരികയാണ്.

ഈ പശ്ചാത്തലത്തില്‍ അന്വേഷണ സംഘത്തെ സ്വാധീനിച്ച് ക്രമക്കേടുകള്‍ നടത്താന്‍ ആരെങ്കിലും തുനിഞ്ഞാല്‍ അക്കാര്യം കണ്ടെത്തി നടപടി സ്വീകരിക്കുന്നതിനാണ് സിബിഐ നിരീക്ഷണം.

സിബിഐയുടെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിന്റെ നേതൃത്വത്തിലാണ് ജാഗ്രത. ഇത് സംബന്ധമായ നിര്‍ദ്ദേശം സിബിഐ ആസ്ഥാനത്ത് നിന്ന് എല്ലാ സോണല്‍ ജോ. ഡയറക്ടര്‍മാരുടെ ഓഫീസുകളിലേക്കും ഇതിനകം തന്നെ പോയിട്ടുണ്ട്.

കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ അഴിമതി കണ്ടെത്തി കേസെടുത്ത് നടപടി സ്വീകരിക്കാനുള്ള അധികാരം സിബിഐക്കുണ്ട്.

വന്‍കിട വ്യവസായികള്‍ അവരുടെ ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാര്‍ വഴി ഇന്‍കംടാക്‌സ് ഉദ്യോഗസ്ഥരെ സ്വാധിനിച്ച് നിയമനടപടിയില്‍ നിന്നും വന്‍തുക പിഴ അടക്കുന്നതില്‍ നിന്നുമെല്ലാം തലയൂരുന്നത് സംബന്ധമായ ആക്ഷേപം നേരത്ത തന്നെ ഉയര്‍ന്നിരുന്നു. ഇത് സംബന്ധമായി സിബിഐ അന്വേഷണവും നടത്തിയിരുന്നു.

നോട്ട് നിരോധനത്തിന്റെ പശ്ചാത്തലത്തില്‍ വന്‍കിട വ്യവസായികള്‍ മുതല്‍ ചെറുകിടക്കാര്‍ വരെ ഇന്‍കംടാക്‌സ് ‘പേടിയിലാണ്’ മുന്നോട്ട് പോകുന്നത്.

ഇന്‍കംടാക്‌സ് അന്വേഷണത്തില്‍ കള്ളപ്പണ ഇടപാട് വ്യക്തമായാല്‍ അത് എന്‍ഫോഴ്‌സ്‌മെന്റിന് കൈമാറുകയാണ് പതിവ്. ഇപ്പോള്‍ രാജ്യവ്യാപകമായി ഇന്‍കംടാക്‌സ്- എന്‍ഫോഴ്‌സ്‌മെന്റ് സംയുക്ത ഓപ്പറേഷനാണ് നടക്കുന്നത്.

ദിവസേന 3 കിലോ സ്വര്‍ണ്ണം വില്‍പ്പന നടത്തിയിരുന്ന ജ്വല്ലറികളില്‍ നോട്ട് നിരോധനം വന്നതിന് ശേഷം 30 കിലോ വരെ സ്വര്‍ണ്ണം വില്‍പ്പന നടത്തിയതായാണ് പുറത്ത് വരുന്ന വിവരം.

കേന്ദ്ര ഏജന്‍സികള്‍ പരിശോധന ശക്തമാക്കിയതോടെ വെട്ടിലായ ബിസിനസ്സുകാര്‍ അന്വേഷണ സംഘത്തെ സ്വാധീനിക്കാന്‍ പറ്റിയ ‘ചാനല്‍’ നോക്കി പരക്കം പായുന്നുണ്ട്. ഇവിടെയാണ് എല്ലാ സാധ്യതകളും അടയ്ക്കാന്‍ സിബിഐ ‘ആപ്പ്’ വച്ചിരിക്കുന്നത്.

രാജ്യത്തെ ഇന്‍കംടാക്‌സ്-എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ സിബിഐ നിരീക്ഷണത്തിലാകുന്നത് ബാഹ്യ ഇടപെടലുകാര്‍ക്ക് മാത്രമല്ല അന്വേഷണ സംഘത്തിനും വന്‍ വെല്ലുവിളിയാണ്.

ലഭിക്കുന്ന വിവരങ്ങള്‍പ്രകാരം ഇപ്പോഴത്തെ ഇന്‍കംടാക്‌സ്-എന്‍ഫോഴ്‌സ്‌മെന്റ് റെയ്ഡുകള്‍ പൂര്‍ത്തിയായി കഴിഞ്ഞാല്‍ ആവശ്യമായ ‘ഫയലുകള്‍’ സിബിഐ തന്നെ നേരിട്ട് പരിശോധിക്കുമെന്നാണ് അറിയുന്നത്.

Top