അത് . . മലയാളിയുടെ ബുദ്ധി . . ബി.ജെ.പിയെ മാത്രമല്ല, രാഹുലിനെ പോലും ഞെട്ടിച്ച നീക്കം

K C Venugopal,

ന്യൂഡല്‍ഹി: നൂറ് ശതമാനം ബി.ജെ.പി വിജയ പ്രതീക്ഷ വച്ച് പുലര്‍ത്തുന്ന സംസ്ഥാനമാണ് കര്‍ണ്ണാടക. ഇപ്പോള്‍ നടക്കാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിലും 2019 ല്‍ നടക്കുന്ന ലോക് സഭ തിരഞ്ഞെടുപ്പിലും ഭൂരിപക്ഷം സീറ്റുകളിലും വിജയിക്കാന്‍ കഴിയുമെന്ന ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന്റെ പ്രതീക്ഷക്ക് നേരെയാണ് കോണ്‍ഗ്രസ്സിപ്പോള്‍ കരിനിഴല്‍ വീഴ്ത്തിയിരിക്കുന്നത്.

ബി.ജെ.പി വോട്ട് ബാങ്കായ ലിംഗായത്ത് സമുദായത്തിന് പ്രത്യേക മത പദവി നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ എടുത്ത തീരുമാനമാണ് ബി.ജെ.പിയെ വെട്ടിലാക്കിയിരിക്കുന്നത്.

അന്തിമ അനുമതിക്കായി കേന്ദ്ര സര്‍ക്കാരിന് മുന്നിലെത്തുന്ന ഫയലില്‍ അനുകൂല നിലപാട് സ്വീകരിച്ചാലും ഇല്ലങ്കിലും അത് കോണ്‍ഗ്രസ്സിനെ സംബന്ധിച്ച് വലിയ നേട്ടമാകും.

ബി.ജെ.പി മുഖ്യമന്ത്രിയും ലിംഗായത്ത് സമുദായക്കാരനുമായ യെദ്യൂരപ്പ സംസ്ഥാനം ഭരിച്ചപ്പോള്‍ ചെയ്യാത്ത കാര്യം കോണ്‍ഗ്രസ്സ് സര്‍ക്കാറാണ് നടപ്പാക്കാന്‍ മുന്നോട്ട് വന്നത് എന്നത് ഇപ്പോള്‍ തന്നെ കര്‍ണ്ണാടകയില്‍ വ്യാപകമായി കോണ്‍ഗ്രസ്സ് പ്രചരിപ്പിക്കുന്നുണ്ട്.

ലിംഗായത്തുകള്‍ക്ക് ന്യൂനപക്ഷ പദവി നല്‍കാവുന്നതാണെന്ന റിട്ട. ഹൈക്കോടതി ജഡ്ജി എച്ച്.എന്‍ നാഗമോഹന്‍ ദാസ് അധ്യക്ഷനായ സമിതിയുടെ റിപ്പോര്‍ട്ട് മുന്‍ നിര്‍ത്തിയാണ് തീരുമാനം.

ഈ തീരുമാനമെടുക്കാന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയും കര്‍ണ്ണാടകയിലെ കോണ്‍ഗ്രസ്സ് നേതാക്കളും ശങ്കിച്ച് നിന്നപ്പോള്‍ ശക്തമായി ഇടപെട്ട് നിര്‍ദ്ദേശം നല്‍കിയത് എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയും ആലപ്പുഴ എം.പിയുമായ കെ.സി വേണുഗോപാലാണ്.

കര്‍ണ്ണാടകയിലെ തിരഞ്ഞെടുപ്പ് ചുമതല നല്‍കി കോണ്‍ഗ്രസ്സ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയാണ് വേണുഗോപാലിനെ നിയോഗിച്ചിരുന്നത്. ഏത് വിധേയനേയും കര്‍ണ്ണാടകയിലെ ഭരണം കൈവിട്ട് പോകരുതെന്നായിരുന്നു നിര്‍ദ്ദേശം.

നിര്‍ണ്ണായകമായ ഈ തീരുമാനത്തിന്റെ ‘എഫക്ട്’ ഇപ്പോഴാണ് രാഹുല്‍ ഗാന്ധിക്ക് പോലും ബോധ്യപ്പെട്ടത്. കോണ്‍ഗ്രസ്സ് ഭരണ തുടര്‍ച്ചക്ക് എല്ലാ സാധ്യതയും ഇനിയുണ്ടെന്നാണ് കര്‍ണ്ണാടകയില്‍ നിന്നും ഹൈക്കമാന്റിന് ലഭിച്ച് കൊണ്ടിരിക്കുന്ന റിപ്പോര്‍ട്ടുകള്‍.

വീണ്ടും യെദ്യൂരപ്പയെ തന്നെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കി ബി.ജെ.പി രംഗത്തിറക്കിയത് സംസ്ഥാനത്തെ പ്രധാന വോട്ട് ബാങ്കായ ലിംഗായത്ത് പിന്തുണ മുന്‍കൂട്ടി കണ്ടായിരുന്നു.

സംസ്ഥാന ഭരണം മാത്രമല്ല 27 ലോക് സഭ അംഗങ്ങളുള്ള കര്‍ണ്ണാടകയില്‍ നിന്നും ഭൂരിപക്ഷ അംഗങ്ങളെ വിജയിപ്പിക്കാന്‍ കൂടി ലക്ഷ്യമിട്ടായിരുന്നു ഇത്.

ദക്ഷിണേന്ത്യയില്‍ ബി.ജെ.പിക്ക് ഏറ്റവും അധികം സ്വാധീനമുള്ള സംസ്ഥാനമാണ് കര്‍ണ്ണാടക. കോണ്‍ഗ്രസ്സിനാവട്ടെ കഴിഞ്ഞ ലോക് സഭ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ മാനംകാത്ത സംസ്ഥാനങ്ങളില്‍ കേരളം കഴിഞ്ഞാല്‍ പിന്നെ കര്‍ണ്ണാടകമാണ്.

ഭരണം നിലനിര്‍ത്താന്‍ ബി.ജെ.പി വോട്ട് ബാങ്ക് ഭിന്നിപ്പിക്കുന്നതാണ് ഏറ്റവും ഉചിതമായ നിലപാടെന്ന് കണ്ടാണ് വേണുഗോപാല്‍ ഇത്തരമൊരു ‘സാഹസിക’ നിലപാട് സ്വീകരിച്ചതത്രെ

അതേസമയം വോട്ട് ബാങ്ക് രാഷ്ട്രീയത്തിനായി കര്‍ണ്ണാടക സര്‍ക്കാര്‍ തീ കൊണ്ട് കളിക്കുകയാണെന്നന്ന് ആരോപിച്ച് ബി.ജെ.പി ശക്തമായി രംഗത്ത് വന്നിട്ടുണ്ട്.

റിപ്പോര്‍ട്ട്: ടി അരുണ്‍കുമാര്‍

Top