പ്രളയത്തിന് കാരണം ഇതാണ് . . ഗുരുതര വെളിപ്പെടുത്തലുമായി ആര്യാടൻ രംഗത്ത് . .

kerala flood, Aryadan Muhammad

-കാലവര്‍ഷത്തില്‍ ഇടുക്കിയില്‍ മൂന്നും ഇടമലയാറില്‍ രണ്ടു ജനറേറ്ററുകള്‍ തകരാറില്‍
-മുന്‍ കരുതലിനായുള്ള വാട്ടര്‍ മാനേജ്‌മെന്റ് സെല്‍ രൂപീകരിച്ചില്ല
-വെള്ളപ്പൊക്കത്തെക്കുറിച്ചുള്ള ഫോര്‍കാസ്റ്റിങ്ങിന് കേന്ദ്ര ജലസേചന കമ്മീഷന്റെ സ്റ്റാന്റേര്‍ഡ് ഓപ്പറേറ്റിങ് പ്രൊസീജ്യര്‍ ഫോര്‍ ഫ്‌ളഡ് -ഫോര്‍കാസ്റ്റിങ് ( എസ്.ഒ.പി) ക്ക് കേരളം വിവരങ്ങള്‍ നല്‍കിയില്ല
-ഇന്റര്‍ സ്റ്റേറ്റ് വാട്ടര്‍ റെഗുലേറ്ററി കമ്മീഷന്‍ ചെയര്‍മാന്‍ സ്ഥാനം കേരളത്തിനു ലഭിച്ചിട്ടും പ്രയോജനപ്പെടുത്തിയില്ല
-മുന്നറിയിപ്പും നടപടിക്രമങ്ങളും പാലിക്കാതെ ഡാമുകള്‍ ഒന്നിച്ചു തുറന്നത് പ്രളയമുണ്ടാക്കി

തിരുവനന്തപുരം : കേരളം നേരിട്ട ഈ നൂറ്റാണ്ടു കണ്ട മഹാപ്രളയം സര്‍ക്കാരും വൈദ്യുതിവകുപ്പും വരുത്തിവെച്ച ദുരന്തമാണെന്ന് മുന്‍ വൈദ്യുതി മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ആര്യാടന്‍ മുഹമ്മദ്. പ്രളയക്കെടുതിയില്‍ നിന്നും പുതിയ കേരളം സൃഷ്ടിക്കുമ്പോള്‍ പിഴവുകള്‍ക്കെതിരെ സര്‍ക്കാര്‍ അടിയന്തിര നടപടിയെടുത്തില്ലെങ്കില്‍ ഭാവിയിലും ദുരന്തം ആവര്‍ത്തിക്കുമെന്ന മുന്നറിയിപ്പും എക്‌സപ്രസ് കേരളക്കു നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ ആര്യാടന്‍ വ്യക്തമാക്കി.

ചോദ്യം: കനത്ത മഴയുണ്ടാകുമെന്ന മുന്നറിയിപ്പു ലഭിച്ചിട്ടും കാലവര്‍ഷത്തില്‍ കെ.എസ്.ഇ.ബിയും വൈദ്യുതിവകുപ്പും എടുത്ത നടപടികളില്‍ പാളിച്ചയുണ്ടായോ ?

ആര്യാടന്‍: ജൂണ്‍ ഒന്നിന് മുമ്പ് കാലവര്‍ഷം തുടങ്ങുന്നതിനു മുമ്പായി കെ.എസ്.ഇ.ബി പവര്‍ഹൗസുകളിലെ ജനറേറ്ററുകള്‍ അടക്കമുള്ള അറ്റകുറ്റപ്പണി നടത്തി പൂര്‍ണ്ണസജ്ജമാക്കിയില്ല.

ചരിത്രത്തിലെ ഏറ്റവും ശക്തമായ മഴ ലഭിച്ചിട്ടും കേരളത്തിലെ ഏറ്റവും വലിയ അണക്കെട്ടായ ഇടുക്കിയിലെ ആറു ജനറേറ്ററുകളില്‍ മൂന്നെണ്ണം മാത്രമാണ് പ്രവര്‍ത്തിപ്പിച്ചത്. ഇടമലയാറില്‍ രണ്ട് ജനറേറ്ററുകളും തകരാറിലായിരുന്നു. ജൂണിന് മുമ്പ് ജനറേറ്ററുകളുടെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തീകരിച്ചിരുന്നുവെങ്കില്‍ പൂര്‍ണതോതില്‍ വൈദ്യുതോല്‍പാദനം സാധ്യമാവുകയും അതുവഴി ഡാമിലെ ജലനിരപ്പ് കുറക്കുകയും ചെയ്യാമായിരുന്നു. ജൂണ്‍ ഒന്നിനു മുമ്പ് തന്നെ ജനറേറ്ററുകള്‍ അറ്റകുറ്റപ്പണികള്‍ നടത്തി പൂര്‍ണസജ്ജമാക്കണമെന്ന വ്യവസ്ഥ നടപ്പാക്കാത്തത് ഗുരുതര വീഴ്ചയാണ്.

കാലവര്‍ഷത്തിനു മുമ്പായി മുന്നൊരുക്കം നടത്തുന്ന വാട്ടര്‍മാനേജ്‌മെന്റ് സെല്‍ രൂപീകരിച്ചില്ല. ലോഡ് ഡിസ്പാച്ച് സെന്റര്‍, സിവില്‍ എന്‍ജിനീയറിങ് വിഭാഗം എന്നിവ എല്ലാം കൂടിയ വാട്ടര്‍ മാനേജ്‌മെന്റ് സെല്ലാണ് പ്രാഥമികമായി ഈ കാര്യം വിലയിരുത്തുന്നത്. എന്നാല്‍ ഇത്തവണ അങ്ങനെയൊരു സെല്‍ രൂപീകരിച്ചതായോ ഇതിന്റെ പ്രവര്‍ത്തനം നടക്കുന്നതായോ വിവരമില്ല.

വെള്ളപ്പൊക്കത്തെക്കുറിച്ചുള്ള ഫോര്‍കാസ്റ്റിങ് സാധാരണയായി കേന്ദ്ര ജലസേചന കമ്മീഷന്റെ സ്റ്റാന്റേര്‍ഡ് ഓപ്പറേറ്റിങ് പ്രൊസീജ്യര്‍ ഫോര്‍ ഫ്‌ളഡ് ഫോര്‍കാസ്റ്റിങ് ( എസ്.ഒ.പി) നടത്താറ്. ഇതിനുള്ള വിവരങ്ങളും വസ്തുതകളും നല്‍കേണ്ടത് സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണ്. എന്നാല്‍ ഈ ഉത്തരവാദിത്വം നിര്‍വഹിക്കാത്ത ഏക സ്ഥാനം കേരളമാണ്.

ചോദ്യം: കനത്ത മഴ ലഭിക്കുമ്പോള്‍ പ്രളയം ഒഴിവാക്കാന്‍ എന്തെല്ലാം നടപടികളാണ് കെ.എസ്.ഇ.ബി സ്വീകരിക്കാറുള്ളത് ?

ആര്യാടന്‍: കാലവര്‍ഷക്കാലത്ത് ശക്തമായ മഴ ലഭിച്ച് ജലനിരപ്പുയരുമ്പോള്‍ ചെറുകിട ഡാമുകള്‍ യഥാസമയം തുറന്നുവിടുകയും ഇടുക്കി, ഇടമലയാര്‍, ശബരിഗിരി തുടങ്ങിയ വലിയ ഡാമുകളില്‍ നിന്നും പരമാവധി വൈദ്യുതി ഉല്‍പാദിപ്പിക്കുകയുമാണ് പതിവ്. ഇങ്ങിനെ ചെയ്യുമ്പോള്‍ വന്‍കിട ഡാമുകളിലെ ജലനിരപ്പ് താഴ്ത്താനാവും. എന്നിട്ടും വൃഷ്ടിപ്രദേശത്തുനിന്നും നീരൊഴുക്ക് കൂടുകയാണെങ്കില്‍ ഡാം കുറേശെ തുറന്നുവിടും. എന്നാല്‍ സാധാരണയില്‍ കവിഞ്ഞ് വെള്ളത്തിന്റെ അളവ് വര്‍ധിച്ചിട്ടും ഇത്തരത്തിലുള്ള ഒരു നടപടിയും സ്വീകരിച്ചില്ല.

കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് ഒന്നിന് ഇടുക്കി അണക്കെട്ടിലെ വെള്ളത്തിന്റെ അളവ് 1077 മില്യണ്‍ ക്യുബിക് മീറ്ററായിരുന്നു. ഈ വര്‍ഷം അത് 3828 മില്യണ്‍ ക്യുബിക് മീറ്ററായി വര്‍ധിച്ചു. ഈ വര്‍ധനവ് ഒറ്റയടിക്കുണ്ടായതല്ല. ജൂണ്‍ മാസം മുതല്‍ തുടങ്ങിയതായിരുന്നു. ക്രമാനുഗതമായി വര്‍ധിച്ചുവരുന്ന വെള്ളം അതതു ഘട്ടത്തില്‍ തുറന്നുവിട്ടിരുന്നുവെങ്കില്‍ ഇത്തരമൊരു ദുരന്തം ഒഴിവാക്കാമായിരുന്നു.

ചോദ്യം : അണക്കെട്ട് തുറക്കുമ്പോള്‍ ജനങ്ങളെ മാറ്റിപാര്‍പ്പിക്കാനും അപകടം ഒഴിവാക്കാനുമുള്ള വേണ്ട മുന്‍കരുതലുകള്‍ സര്‍ക്കാര്‍ സ്വീകരിച്ചിരുന്നുവോ ?

ആര്യാടന്‍: സാധാരണയായി ജലനിരപ്പ് കൂടിവരുമ്പോള്‍ ഗ്രീന്‍ അലര്‍ട്ട്, ഓറഞ്ച് അലര്‍ട്ട്, റെഡ് അലര്‍ട്ട് എന്നിവ പ്രഖ്യാപിക്കും. ഓറഞ്ച് അലര്‍ട്ട്, റെഡ് അലര്‍ട്ട് എന്നിവ പ്രഖ്യാപിക്കുമ്പോള്‍ അപകട സാധ്യത മൈക്കുവഴിയും മറ്റും ജനങ്ങളെ അറിയിക്കും. റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചാല്‍ 24 മണിക്കൂര്‍ ജനങ്ങള്‍ക്ക് ഒഴിഞ്ഞുപോകാന്‍ സമയമുണ്ട്. ഇതിനു ശേഷം മാത്രമേ അണക്കെട്ട് തുറന്നുവിടാന്‍ പാടുള്ളൂ. ഈ നടപടിക്രമങ്ങളെല്ലാം യഥാസമയം പാലിച്ചിരുന്നുവെങ്കില്‍ ഒരു പരിധിവരെ ഈ അത്യാഹിതം ഒഴിവാക്കാമായിരുന്നു.

ചോദ്യം: തമിഴ്‌നാട്ടിലെ അണക്കെട്ടുകള്‍ മുന്നറിയിപ്പില്ലാതെ തുറന്നുവിട്ടതും പ്രളയത്തിന് കാരണമായില്ലേ ?

ആര്യാടന്‍: കേരളത്തിലെ പ്രധാന ഡാമുകള്‍ ഒന്നിച്ചു തുറന്നതും തമിഴ്‌നാട്ടിലെ അപ്പര്‍ഷോളയാറിലെ വെള്ളം മുന്നറിയിപ്പില്ലാതെ കേരളത്തിലേക്കു തുറന്നുവിട്ടതുമാണ് സ്ഥിതിഗതികള്‍ രൂക്ഷമാക്കിയത്. ഇക്കാര്യത്തില്‍ വേണ്ട നടപടികള്‍ കൈക്കൊള്ളാന്‍ അധികാരമുള്ള ഇന്റര്‍ സ്റ്റേറ്റ് വാട്ടര്‍ റഗുലേറ്ററി കമ്മീഷന്‍ നിലവിലുണ്ട്. ഈ കമ്മീഷന്റെ ചെയര്‍മാന്‍ സ്ഥാനം കേരളത്തിന്റെ ഇറിഗേഷന്‍ ചീഫ് എന്‍ജിനീയര്‍ക്കാണ്. ഈ കമ്മീഷന്‍ ഉത്തരവാദിത്വത്തോടെ പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ ആവശ്യമായ മുന്‍കരുതലുകളെടുക്കാന്‍ സാധിക്കുമായിരുന്നു.

ചോദ്യം: മഹാപ്രളയ സാഹചര്യം ഉണ്ടായത് എങ്ങിനെയാണ് ?

ആര്യാടന്‍: ചെറുതോണി, ഇടമലയാര്‍, ലോവര്‍പെരിയാര്‍, കല്ലാര്‍കുട്ടി, ഭൂതത്താന്‍കെട്ട്, പൊന്‍മുടി, മാട്ടുപ്പെട്ടി, ചെങ്കുളം തുടങ്ങിയ ഡാമുകള്‍ ഒന്നിച്ചു തുറന്നതാണ് ആലുവയിലും ചാലക്കുടിയിലും ഇത്രയും വലിയ പ്രളയത്തിന് കാരണമായത്.

ചാലക്കുടി പുഴയില്‍ ആറു ഡാമുകളാണ് ഒന്നിച്ചു തുറന്നത്. പമ്പയില്‍ ഒമ്പതു ഡാമുകള്‍ ഒന്നിച്ചു തുറന്നത് ചെങ്ങന്നൂരിനെ പ്രളയത്തില്‍ മുക്കി. വയനാട്ടില്‍ ബാണാസുരസാഗര്‍ അണക്കെട്ട് മുന്നറിയിപ്പില്ലാതെ തുറന്നുവിട്ടതുപോലുള്ള നിരുത്തരവാദപരമായ പ്രവര്‍ത്തനങ്ങളാണ് ഇത്രയും വലിയ കെടുതിക്ക് കാരണമായത്. ഇതെല്ലാം കാണിക്കുന്നത് നിയമങ്ങളും ചട്ടങ്ങളും കീഴ്‌വഴക്കങ്ങളും ഒന്നും പരിഗണിക്കാതെയുള്ള നിരുത്തരവാദപരമായ ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഭാവിയിലെങ്കിലും സംഭവിക്കാതിരിക്കാനുള്ള അടിയന്തിര നടപടികളും സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകണം. എങ്കില്‍ മാത്രമേ ദുരന്തത്തിന്റെ കെടുതിയില്‍ നിന്നും കേരളത്തിന്റെ പുനസൃഷ്ടി ഫലപ്രദമാകൂ.

റിപ്പോര്‍ട്ട്: എം വിനോദ്‌

Top