ഗുജറാത്ത് ഭരണം പിടിച്ചാല്‍ കേന്ദ്ര ഭരണം പിടിച്ചതു പോലെ, നേതാക്കളോട് രാഹുല്‍

ഗാന്ധിനഗര്‍: ഗുജറാത്തില്‍ ഇത്തവണ വിജയിക്കാന്‍ കഴിഞ്ഞാല്‍ അത് കേന്ദ്ര ഭരണം പിടിച്ചതിന് തുല്യമാകുമെന്ന് രാഹുല്‍ ഗാന്ധി.

തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഇടവേളയില്‍ മുതിര്‍ന്ന നേതാക്കളോട് സംസാരിക്കവെയാണ് കോണ്‍ഗ്രസ്സ് ഉപാദ്ധ്യക്ഷന്‍ ഇത്തരമൊരു അഭിപ്രായപ്രകടനം നടത്തിയത്.

‘തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ ഒരു വിശ്രമവും പാടില്ല, ജനങ്ങളിലേക്ക് ഇറങ്ങി ചെന്ന് അവര്‍ക്ക് ആത്മവിശ്വാസം നല്‍കണം എപ്പോഴും കൂടെയുണ്ടാവുമെന്ന് ‘

വാക്ക് മാത്രമല്ല, തിരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ അത് നടപ്പാക്കാനും നേതൃത്വം തയ്യാറാവണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു.

എല്ലാവര്‍ക്കും തിരഞ്ഞെടുപ്പില്‍ മത്സരിക്കാനാവില്ല, എന്ന യാഥാര്‍ത്ഥ്യം മനസ്സിലാക്കി വേണം സ്ഥാനാര്‍ത്ഥി പട്ടികയെ സമീപിക്കാനെന്നും നേതാക്കള്‍ക്ക് രാഹുല്‍ ഉപദേശം നല്‍കി.

സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തോടെ വിമതശല്യം ഉയരാന്‍ സാധ്യതയുണ്ടെന്ന് മുന്‍കൂട്ടി കണ്ടായിരുന്നു ഈ പ്രതികരണം.

ഗുജറാത്തില്‍ തിരക്കിട്ട പ്രചരണ പരിപാടികള്‍ക്കായി ഓടി നടക്കുന്ന രാഹുലിന്റെ നാലാം ഘട്ട പ്രചരണ യോഗങ്ങളിലും വന്‍ ജനക്കൂട്ടമാണ് എത്തുന്നത്.

ജി.എസ്.ടി സാധാരണക്കാരെ ബാധിച്ചത് ചൂണ്ടിക്കാട്ടിയാണ് പ്രധാന ആക്രമണം.

ഇപ്പോഴത്തെ പരമാവധി നിരക്കായ 28 ശതമാനത്തില്‍ നിന്നു പിന്‍മാറുന്നതുവരെ പ്രതിഷേധം തുടരുമെന്നും രാഹുല്‍ വ്യക്തമാക്കി.

പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് ചില ഇളവുകള്‍ പ്രഖ്യാപിച്ചത് ഗുജറാത്ത് തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണെന്നും ഈ ചെപ്പടിവിദ്യ കൊണ്ടൊന്നും ഉയര്‍ന്നു വന്ന പ്രതിഷേധത്തെ തണുപ്പിക്കാന്‍ കഴിയില്ലന്നും രാഹുല്‍ തുറന്നടിച്ചു.

ബി.ജെ.പിയുമായി ഉടക്കി നില്‍ക്കുന്ന പട്ടേലുകള്‍ക്ക് മേധാവിത്വമുള്ള ഗ്രാമങ്ങളിലും വലിയ സ്വീകരണമാണ് രാഹുല്‍ ഗാന്ധിക്ക് ലഭിക്കുന്നത്.

പ്രധാനമന്ത്രിയുടെയും ബി.ജെ.പി അദ്ധ്യക്ഷന്റെയും ജന്മനാടായ ഗുജറാത്തില്‍ അട്ടിമറി വിജയം നേടിയാല്‍ വരുന്ന ലോക് സഭാ തിരഞ്ഞെടുപ്പില്‍ അത് വലിയ നേട്ടത്തിന് കളമൊരുക്കുമെന്ന കണക്കുകൂട്ടലിലാണ് രാഹുല്‍ ഗാന്ധി.

അതേ സമയം ഏത് വിധേയനേയും ഗുജറാത്തില്‍ ഭരണം നിലനിര്‍ത്തുന്നതിനായി അഹമ്മദാബാദില്‍ തങ്ങി തന്ത്രങ്ങള്‍ മെനയുകയാണ് ബി.ജെ.പി അദ്ധ്യക്ഷന്‍ അമിത് ഷാ.

Top