Exclusive-Minister Jalil and cpm mlas become headache in malapuram cpm

മലപ്പുറം: ജില്ലയില്‍ നിന്നുള്ള മന്ത്രിയുള്‍പ്പെടെയുള്ള സ്വതന്ത്രര്‍ ‘ സ്വതന്ത്ര’ മായി വിഹരിക്കുന്നതില്‍ സിപിഎമ്മില്‍ അമര്‍ഷം പുകയുന്നു.

മന്ത്രി കെ ടി ജലീല്‍, നിലമ്പൂര്‍ എംഎല്‍എ പി വി.അന്‍വര്‍, താനൂര്‍ എംഎല്‍എ വി അബ്ദുറഹിമാന്‍ എന്നിവര്‍ക്കെതിരെയാണ് മലപ്പുറം ജില്ലയിലെ സിപിഎം പ്രവര്‍ത്തകരിലും നേതാക്കളിലും പ്രതിഷേധമുയരുന്നത്.

പാര്‍ട്ടിയോട് ആലോചിക്കാതെ കാര്യങ്ങളില്‍ ഇടപെടുന്നതും പാര്‍ട്ടി പ്രവര്‍ത്തകരുടെയും നേതാക്കളുടെയും വാക്കുകള്‍ക്ക് ചെവികൊടുക്കാത്തതുമാണ് പ്രധാനമായും സിപിഎമ്മിന് അകത്ത് പ്രതിഷേധം ഉയരാന്‍ വഴി ഒരുക്കിയിരിക്കുന്നത്.

മുസ്ലീം ലീഗില്‍ നിന്ന് പുറത്ത് വന്ന കെ ടി ജലീലിന് രാഷ്ട്രീയ അഭയം നല്‍കുകയും എംഎല്‍എയായും മന്ത്രിയായും ഉയര്‍ത്തി കൊണ്ടുവരുകയും ചെയ്തിട്ടും ജില്ലയിലെ സിപിഎം നേതൃത്വത്തിന് വിധേയമായല്ല ജലീല്‍ പ്രവര്‍ത്തിക്കുന്നതെന്നാണ് ആക്ഷേപം.

മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ പോലും ഏതാനും പേര്‍ മാത്രമാണ് സിപിഎംകാരായി ഉള്ളത്. ബാക്കിയുള്ള മുഴുവന്‍ പേരും ജലീല്‍ തന്നെ നിയമിച്ചവരായതിനാല്‍ പാര്‍ട്ടിക്ക് ഉള്‍ക്കൊള്ളാന്‍ പറ്റാത്ത പ്രവര്‍ത്തികള്‍ നടക്കുന്നുണ്ടത്രെ.

മലപ്പുറം ജില്ലയില്‍ ജലീലിന്റെ വഴിക്ക് പാര്‍ട്ടി പോകേണ്ടി വരുന്ന സാഹചര്യം എന്തായാലും നടക്കില്ലെന്നും പാര്‍ട്ടിയുടെ വഴിക്കാണ് ജലീല്‍ വരേണ്ടതെന്നുമാണ് ജില്ലയിലെ മുതിര്‍ന്ന നേതാക്കള്‍ തന്നെ ചൂണ്ടി കാട്ടുന്നത്.

പാര്‍ട്ടി അംഗത്വം പോലും ഇല്ലാത്തതും സ്വതന്ത്ര പരിവേഷമുള്ളതും മുഖ്യമന്ത്രിയുമായുള്ള അടുപ്പവുമാണ് ജലീലിനെ സ്വതന്ത്രമായി വിഹരിക്കാന്‍ അവസരമൊരുക്കുന്നതെന്നാണ് പാര്‍ട്ടിക്കകത്തെ വിമര്‍ശനം.

മുന്‍പ് കോണ്‍ഗ്രസ്സ് വിട്ടു വന്ന ടി കെ ഹംസയെ എംഎല്‍എയാക്കിയും മന്ത്രിയാക്കിയുമെല്ലാം സിപിഎം പരിഗണന നല്‍കിയപ്പോള്‍ പാര്‍ട്ടി ജില്ലാ നേതൃത്വത്തിനോട് പൂര്‍ണ്ണമായും സഹകരിച്ചാണ് അദ്ദേഹം പ്രവര്‍ത്തിച്ചതെന്നത് വിമര്‍ശകര്‍ ഓര്‍മ്മിപ്പിക്കുന്നു.

പാര്‍ട്ടിയും മന്ത്രിമാരുമായുള്ള ബന്ധം മെച്ചപ്പെടുത്തണമെന്നും മന്ത്രിമാരുടെ പരിപാടികള്‍ ജില്ലാ കമ്മിറ്റികളെ അറിയിക്കുന്നതില്‍ വീഴ്ച വരുത്തരുതെന്നും ഇപ്പോള്‍ സിപിഎം സംസ്ഥാന കമ്മിറ്റി നല്‍കിയ നിര്‍ദ്ദേശം പോലും ‘സ്വതന്ത്ര’ നായതിനാല്‍ ജലീല്‍ പാലിക്കുമോ എന്ന കാര്യത്തിലും നേതാക്കള്‍ക്കിടയില്‍ ആശങ്കയുണ്ട്.

ഇനിയും പഴയ രൂപത്തിലാണ് കാര്യങ്ങളുടെ പോക്കെങ്കില്‍ മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് കാര്യങ്ങള്‍ അവതരിപ്പിക്കണമെന്ന നിലപാടിലാണ് ഒരു വിഭാഗം. ഇക്കാര്യത്തില്‍ പാര്‍ട്ടിക്കകത്ത് സമ്മര്‍ദ്ദം ശക്തമാണ്.

ജലീലിന്റെ ഓഫീസില്‍ പ്രൈവറ്റ് സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്ന കെ പി അനിലും അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്ന രാഘവനുമാണ് പ്രധാനമായും സിപിഎം നേതൃത്വം നിയോഗിച്ചവരായുള്ളത്.

ഇതില്‍ കെ പി അനില്‍ സിപിഎം മലപ്പുറം ജില്ലാ കമ്മിറ്റി അംഗവും രാഘവന്‍ എസ്എഫ്‌ഐ മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റുമാണ്. മലപ്പുറത്ത് നിന്നു തന്നെയുള്ള ജലീലിന്റെ നോമിനിയായ മറ്റൊരു അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയുടെ നേതൃത്വത്തിലാണ് ഓഫീസില്‍ നിന്നുള്ള ഇടപെടല്‍ പ്രധാനമായും നടക്കുന്നതത്രെ.

നിലമ്പൂര്‍ എംഎല്‍എ പി.വി അന്‍വറാണ് സിപിഎം നേതൃത്വത്തിന് തലവേദന സൃഷ്ടിക്കുന്ന മറ്റൊരാള്‍.

ആര്യാടന്‍ ഷൗക്കത്തിനെ പരാജയപ്പെടുത്തി നിയമസഭയിലെത്തിയ അന്‍വറിന്റെ പല നടപടികളും ഇതിനകം തന്നെ സിപിഎമ്മിന് തലവേദനയായിട്ടുണ്ട്.

എടക്കര, നിലമ്പൂര്‍ പ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന മണ്ഡലത്തില്‍ അന്‍വറിനെ സ്ഥാനാര്‍ത്ഥിയാക്കരുതെന്ന് എടക്കരയിലെ പാര്‍ട്ടി ഏരിയാ കമ്മിറ്റി ശക്തമായി ആവശ്യപ്പെട്ടിരുന്നതാണ്.

ഇപ്പോള്‍ എംഎല്‍എയായ ശേഷവും അന്‍വര്‍ തുടര്‍ച്ചയായി വിവാദങ്ങളില്‍പ്പെടുന്നതാണ് സിപിഎമ്മിന് തലവേദനയായിരിക്കുന്നത്.

താനൂരില്‍ മുസ്ലീം ലീഗ് കോട്ട തകര്‍ത്ത് എംഎല്‍എ ആയ വി അബ്ദുറഹിമാനും സിപിഎം ഏരിയാ നേതാക്കളും തമ്മിലുള്ള ബന്ധവും ഉലഞ്ഞ് തുടങ്ങിയിട്ടുണ്ട്.

ഈ മൂന്ന് സ്വതന്ത്രരും വിജയിച്ചത് തങ്ങളുടെ സ്വന്തം കഴിവുകൊണ്ടാണെന്ന് അഹങ്കരിക്കുന്നത് കൊണ്ടാണ് പ്രധാനമായും ഭിന്നതക്ക് കാരണമാകുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതെന്നാണ് സിപിഎം പ്രവര്‍ത്തകരും ചൂണ്ടിക്കാട്ടുന്നത്.

സ്വതന്ത്ര പരിവേഷമുണ്ടെങ്കിലും പാര്‍ട്ടിയാണ് വലുതെന്നും സിപിഎം പിന്തുണയില്ലങ്കില്‍ ‘സീറോ’ ആണെന്നുമുള്ള യാഥാര്‍ത്ഥ്യം മനസ്സിലാക്കി മുന്നോട്ടു പോയില്ലങ്കില്‍ വലിയ തിരിച്ചടിയാണ് ഇവരെ കാത്തിരിക്കുന്നതെന്ന മുന്നറിയിപ്പും മലപ്പുറത്തെ സി പി എം നേതാക്കളില്‍ നിന്നും അണികളില്‍ നിന്നും ഉയര്‍ന്നു കഴിഞ്ഞു.

Top